അഡ്വാൻസ് പ്രതിഫലം വാങ്ങി നടൻ ആന്റണി വർഗീസ് നിർമാതാവിനെ പറ്റിച്ചുവെന്ന ആരോപണം വിവാദമാകുകയും നടൻ ഇന്ന് വാർത്താ സമ്മേളനം നടത്തുകയും ചെയ്തതിനു പിന്നാലെ താൻ പറഞ്ഞതിൽ വിഷമം തോന്നുന്നെന്ന് സംവിധായകൻ ജൂഡ് ആന്തണി. റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജൂഡ് ആന്തണിയുടെ പുതിയ പ്രതികരണം വന്നിരിക്കുന്നത്.
‘ഞാൻ പെപ്പെയെ വിളിച്ചു. എനിക്ക് ഭയങ്കര വിഷമം തോന്നി. ഞാൻ ആവേശഭരിതനാകുന്നതും ഇമോഷണലാകുന്നതും സ്ഥിരമുള്ളതാണ്. അത് കഴിഞ്ഞ കഥകളാണ്. അത് കഴിഞ്ഞു പോയി. അവനോട് പേഴ്സണലി ഒരു ഗ്രഡ്ജുമില്ല. ഞാൻ പറഞ്ഞത് സത്യമാണ്. എല്ലാം ഉണ്ടായ കാര്യങ്ങളാണ്. കള്ളത്തരമില്ല. പക്ഷേ അത് ഒരാളെ വേദനിപ്പിക്കാൻ പറഞ്ഞത് പോലെ ആയിപ്പോയി.’ -ജൂഡ് പറയുന്നു.
2018 ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് പെപ്പെ എന്ന ആന്റണി വർഗീസിനെതിരെ ജൂഡ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. സിനിമയിൽ അഭിനയിക്കാമെന്ന കരാറിൽ പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തി, ശേഷം സിനിമയിൽ നിന്ന് പിന്മാറിയെന്നാണ് ജൂഡ് പറഞ്ഞത്. വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി ഇവരുടെ പേരിലൊക്കെ പറയുന്ന കുറ്റം കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പെപ്പെ എന്നൊരുത്തൻ ഉണ്ട്, ആന്‍റണി വർഗീസ്. അയാൾ വളരെ നല്ലവനാണെന്ന് കരുതിയിരിക്കുകയാണ് എല്ലാവരും -എന്നെല്ലാം ജൂഡ് പറഞ്ഞിരുന്നു.
രണ്ടു ദിവസത്തിനുശേഷം ഇന്ന് വിഷയത്തിൽ പെപ്പെ വാർത്താ സമ്മേളനം വിളിക്കുകയും തന്‍റെ ഭാഗം വ്യക്തമാക്കുകയും ചെയ്തിരുന്നു. ജൂഡിന്‍റെ പൈസ തിരിച്ചു നൽകി ഒരു വർഷം കഴിഞ്ഞായിരുന്നു സഹോദരിയുടെ കല്യാണമെന്നും പ്രശ്നങ്ങള്‍ വേണ്ടെന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്നും പെപ്പെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്റെ കുടുംബത്തെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും ജൂഡിന്റെ ആരോപണം വ്യക്തിപരമായി ഏറെ വിഷമമുണ്ടാക്കിയെന്നും പെപ്പെ പറഞ്ഞു.
ജൂഡിന്‍റെ പൈസ തിരിച്ചു നൽകി ഒരു വർഷം കഴിഞ്ഞായിരുന്നു സഹോദരിയുടെ കല്യാണം. 2020 ജനുവരി 27ന് പണം തിരിച്ചു നൽകി. പണം തിരിച്ചു നൽകി ഒമ്പത് മാസം കഴിഞ്ഞാണ് കല്യാണ ആലോചന വന്നത്. ഈ വിഷയം മൂന്ന് വർഷം മുമ്പ് ചർച്ച ചെയ്ത് പരിഹരിച്ചതാണെന്നും നടൻ പറഞ്ഞു.
ജൂഡിനെതിരെ പെപ്പെയുടെ അമ്മ പരാതിയും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജൂഡിന്‍റെ പുതിയ പ്രതികരണം വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.