ബോളിവുഡിന്റെ 'മിസ്റ്റർ പെർഫെക്ഷനിസ്റ്റ്' എന്ന് അറിയപ്പെടുന്ന നടനാണ് ആമിർ ഖാൻ. സിനിമയോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധവും കഠിനാധ്വാനവും എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. എന്നാൽ, താൻ നിർമിക്കുന്നതോ അഭിനയിക്കുന്നതോ ആയ സിനിമകളുമായി വൈകാരികമായി അത്രമേൽ അടുത്തുപോകുന്ന ആളാണ് താനെന്നും, അവയുടെ പരാജയം തന്നെ മാനസികമായി വലിയ രീതിയിൽ ബാധിക്കാറുണ്ടെന്നും ആമിർ ഖാൻ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. അടുത്തിടെ സീ മ്യൂസിക് കമ്പനിക്ക് നൽകിയ ഒരു അഭിമുഖത്തിൽ, തന്റെ ചിത്രങ്ങൾ പരാജയപ്പെടുമ്പോൾ താൻ കടുത്ത വിഷാദത്തിലേക്ക് പോകാറുണ്ടെന്ന് അദ്ദേഹംമ്പറഞ്ഞു. തന്റെ മകൻ ജുനൈദ് ഖാൻ നായകനായ ഏറ്റവും പുതിയ ചിത്രം 'ഏക് ദിൻ' ബോക്സ് ഓഫീസിൽ പരാജയപ്പെട്ടത് ആമിറിനെ വലിയ രീതിയിൽ വിഷമിപ്പിക്കുന്നുണ്ടെന്ന് ജുനൈദ് തന്നെ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
സിനിമയുടെ പരാജയം തന്നിലുണ്ടാക്കുന്ന മാനസിക പ്രയാസങ്ങളെക്കുറിച്ച് വളരെ വൈകാരികമായാണ് ആമിർ സംസാരിച്ചത്. ഒരു സിനിമ പരാജയപ്പെടുന്നത് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നതിന് തുല്യമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നമ്മൾ പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമകൾ നിർമിക്കുന്നത്. അവർ പണം മുടക്കി തിയറ്ററുകളിൽ വരുന്നത് നല്ലൊരു സമയം ചിലവഴിക്കാനാണ്. എന്നാൽ അവർക്ക് ആ സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ, അതിനർത്ഥം നമ്മുടെ ജോലിയിൽ എവിടെയോ പാകപ്പിഴ സംഭവിച്ചിട്ടുണ്ടെന്നാണ്. പ്രേക്ഷകർ ഒരിക്കലും മനപ്പൂർവ്വം ഒരു മോശം സിനിമ കാണാൻ തിയറ്ററിലേക്ക് വരില്ല. അവർക്ക് നിരാശ തോന്നുന്നുവെങ്കിൽ, തെറ്റ് സംഭവിച്ചത് നമ്മുടെ ഭാഗത്താണെന്ന് സമ്മതിക്കണമെന്നും ആമിർ കൂട്ടിച്ചേർത്തു.
ഒരു സിനിമ പരാജയപ്പെടുമ്പോൾ താൻ രണ്ടു മൂന്ന് മാസത്തോളം കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ആമിർ ഖാൻ തുറന്നുപറഞ്ഞു. 'സിനിമ എന്നത് സ്വന്തം ചോരയിൽ ജനിച്ച ഒരു കുഞ്ഞിനെപ്പോലെയാണ്. അത് നിരസിക്കപ്പെടുമ്പോൾ വലിയ വേദന തോന്നും. നഷ്ടങ്ങളിൽ സങ്കടപ്പെടുക എന്നത് മനുഷ്യസഹജമായ കാര്യമാണ്. പരാജയങ്ങളിൽ കരഞ്ഞുതീർക്കാനും അതിൽ നിന്നും പുറത്തുകടക്കാനും സ്വയം സമയം അനുവദിക്കണം. എങ്കിൽ മാത്രമേ ആ വേദന ഉള്ളിൽ നിന്നും മാറി പുതിയൊരു തുടക്കത്തിലേക്ക് മുന്നേറാൻ നമുക്ക് സാധിക്കൂ' എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
തന്റെ മുൻകാല ചിത്രങ്ങളായ 'താരേ സമീൻ പർ', 'ഡൽഹി ബെല്ലി', 'ലാപതാ ലേഡീസ്' തുടങ്ങിയവയുടെ എഡിറ്റിങ് വേളയിൽ നേരിട്ട വെല്ലുവിളികളും അദ്ദേഹം പങ്കുവെച്ചു. പലപ്പോഴും ഫസ്റ്റ് കട്ട് കാണുമ്പോൾ തന്നെ ചിത്രം വിജയിക്കുമോ ഇല്ലയോ എന്ന് തനിക്ക് മനസ്സിലാകാറുണ്ട്. 'ഡൽഹി ബെല്ലി'യുടെ ആദ്യ രൂപം ഒട്ടും തൃപ്തികരമായിരുന്നില്ല. എന്നാൽ കഠിനാധ്വാനവും ക്ഷമയും ഉണ്ടെങ്കിൽ നമുക്ക് സിനിമകളെ തിരുത്തിയെടുക്കാൻ സാധിക്കും. സിനിമ ഒരു ആശയവിനിമയമാണ്, പ്രേക്ഷകരിലേക്ക് തെറ്റായ സന്ദേശമാണ് പോകുന്നതെന്ന് തോന്നിയാൽ അത് മാറ്റാൻ നമ്മൾ തയാറാകണം. പ്രേക്ഷകരെ വിളിച്ച് അവരുടെ അഭിപ്രായങ്ങൾ ചോദിച്ചറിയുന്ന രീതിയിൽ തനിക്ക് വലിയ വിശ്വാസമുണ്ടെന്നും ആമിർ പറഞ്ഞു.
അതേസമയം, അച്ഛൻ നിർമിച്ച 'ഏക് ദിൻ' ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിനെക്കുറിച്ച് ജുനൈദ് ഖാനും സംസാരിക്കുകയുണ്ടായി. ചിത്രത്തെക്കുറിച്ച് തങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്നും, പലർക്കും സിനിമ ഇഷ്ടപ്പെട്ടെങ്കിലും ഭൂരിഭാഗം ആളുകളും അത് സ്വീകരിച്ചില്ലെന്നും ജുനൈദ് പറഞ്ഞു. ഇത്രയും വർഷത്തെ അനുഭവസമ്പത്തുണ്ടായിട്ടും ഒരു സിനിമയുടെ പരാജയം ഇപ്പോഴും അച്ഛനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടെന്ന് ജുനൈദ് വെളിപ്പെടുത്തി. എങ്കിലും അദ്ദേഹം വീണ്ടും ജോലിയിൽ സജീവമാകാൻ ശ്രമിക്കുകയാണെന്നും ജുനൈദ് കൂട്ടിച്ചേർത്തു. ഭാവിയിൽ തന്റെ പ്രോജക്റ്റുകൾ അച്ഛനുമായി ചർച്ച ചെയ്യാൻ മടിയുണ്ടെന്നും, കാരണം 'ഏക് ദിൻ' എന്ന ചിത്രത്തിന്റെ കഥ കേട്ടയുടൻ വൈകാരികമായ തീരുമാനത്തിലൂടെയാണ് അച്ഛൻ അത് നിർമിക്കാൻ മുന്നോട്ടുവന്നതെന്നും, വലിയ ബാനറുകൾക്ക് കീഴിൽ സിനിമകൾ പുറത്തിറങ്ങാൻ ഒരുപാട് സമയമെടുക്കുമെന്നും ജുനൈദ് വ്യക്തമാക്കി. ഒരു തുടക്കക്കാരൻ എന്ന നിലയിൽ തനിക്ക് തുടർച്ചയായി സിനിമകൾ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.