അതെ...ഞാൻ സ്റ്റാർ കിഡ് ആണ്, പക്ഷേ നല്ല നടനാകാൻ കഠിനമായി പരിശ്രമിക്കും -ധ്രുവ് വിക്രം

മാരി സെൽവരാജ് സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രമായ ബൈസൺ നിരൂപക പ്രശംസ നേടിയതിന്‍റെ സന്തോഷത്തിലാണ് ധ്രുവ് വിക്രം. ചിത്രത്തിന്റെ പ്രചാരണത്തിൽ താരം സജീവമാണ്. ഈയിടെ, തെലുങ്ക് മാധ്യമങ്ങളെ ഉൾക്കൊള്ളിച്ച് നടത്തിയ പത്രസമ്മേളനത്തിനിടെ ഒരു സ്റ്റാർ കിഡ് ആയതിന്റെ ഗുണങ്ങൾ എന്താണെന്ന ചോദ്യമുയർന്നു. അതിന് ധ്രുവിന്‍റെ മറുപടി ചർച്ചയാകുകയാണ്.

'അതെ, ഞാൻ ഒരു സ്റ്റാർ കിഡ് ആണ്. ഞാൻ നിഷേധിക്കുന്നില്ല. അങ്ങനെ ചില അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷേ, യഥാർഥ നടനായി എന്നെ ആളുകൾ അംഗീകരിക്കാനും, സ്നേഹിക്കാനും, ഇന്ത്യൻ സിനിമയിൽ ഒരു ഇടം സൃഷ്ടിക്കാനും ഞാൻ കഠിനമായി പരിശ്രമിക്കും. അതിനായി എന്ത് വേണമെങ്കിലും ചെയ്യാൻ ഞാൻ തയാറാണ്' -ധ്രുവ് വിക്രം പറഞ്ഞു.

ആദ്യ രണ്ട് ചിത്രങ്ങളക്കുറിച്ചുള്ള ചോദ്യത്തിന് അവ കഴിഞ്ഞ കാലമാണെന്ന് ധ്രുവ് വ്യക്തമാക്കി. ഒരു കലാകാരൻ എന്ന നിലയിലുള്ള തന്റെ വളർച്ചയിൽ അത് ഒരു ചവിട്ടുപടിയായി വർത്തിച്ചു എന്നും അദ്ദേഹം സമ്മതിച്ചു. ആ ആദ്യകാല അനുഭവങ്ങളാണ് ഇന്നത്തെ വ്യക്തിയാകാൻ തന്നെ സഹായിച്ചതെന്ന് താരം വിശദീകരിച്ചു. ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കഴിയുന്ന ഒരാളായി. തന്റെ കരിയറിലെ ആ അധ്യായത്തെക്കുറിച്ച് തനിക്ക് യാതൊരു ഖേദവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

നടൻ ചിയാൻ വിക്രമിന്റെ മകനാണ് ധ്രുവ് വിക്രം. വിജയ് ദേവരകൊണ്ടയുടെ അർജുൻ റെഡ്ഡിയുടെ റീമേക്കായ ആദിത്യ വർമയിലൂടെ 2019ലാണ് ധ്രുവ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാൻ എന്ന ഗ്യാങ്സ്റ്റർ ക്രൈം ഡ്രാമയിലും അഭിനയിച്ചു. ബൈസൺ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

കബഡിയെ ആസ്പദമാക്കിയുള്ള ഒരു സ്പോർട്സ് ഡ്രാമയാണ് ബൈസൺ. പാ രഞ്ജിത്ത്, അദിതി ആനന്ദ്, സമീർ നായർ, ദീപക് സെഗൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനുപമ പരമേശ്വരൻ, ലാൽ, അമീർ, പശുപതി, രജിഷ വിജയൻ കലൈയരശൻ, ഹരി കൃഷ്ണൻ അൻബുദുരൈ, അഴകം പെരുമാൾ, മദൻ ദക്ഷിണാമൂർത്തി എന്നിവരും ബൈസണിൽ അഭിനയിക്കുന്നുണ്ട്. ഏഴിൽ അരസു കെ. ഛായാഗ്രാഹണവും ശക്തി തിരു എഡിറ്റിങ്ങും കുമാർ ഗംഗപ്പൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫർ ദിലിപ് സുബ്ബരായനാണ്. 

Tags:    
News Summary - Dhruv Vikram reveals how father Chiyaan Vikram's fame benefits him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.