റീ റിലീസിന് മുന്നോടിയായി രജനീകാന്ത് പടയപ്പയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പടയപ്പയിൽ രമ്യ കൃഷ്ണന്‍റെ ഐക്കോണിക് കഥാപാത്രമായ നീലാംബരിയിലേക്ക് ആദ്യം പരിഗണിച്ചത് ഐശ്വര്യ റായിനെ ആയിരുന്നു. ‘നീലാംബരി എന്ന കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചപ്പോഴെല്ലാം എനിക്ക് ഐശ്വര്യ റായിയെയാണ് ഓർമ വന്നത്. ഈ കഥാപാത്രത്തിന് ഐശ്വര്യ റായ് അനുയോജ്യയാണെന്നും അവർ ഇത് ചെയ്യണമെന്നും ഞാൻ കരുതി.
ഈ വേഷത്തിനായി അവരുടെ ഡേറ്റുകൾ ലഭിക്കാൻ ഞങ്ങൾ ഏകദേശം മൂന്ന് മാസത്തോളം ശ്രമിച്ചു. അവരുടെ ബന്ധുക്കൾ വഴിയും ഞങ്ങൾ അവരെ സമീപിക്കാൻ ശ്രമിച്ചു. തിരക്കഥ ഇഷ്ടപ്പെടുകയാണെങ്കിൽ ഒരു വർഷം വരെ ഡേറ്റിനായി കാത്തിരിക്കാൻ തയാറായിരുന്നു എന്നും’ രജനീകാന്ത് പറഞ്ഞു. ആ കഥാപാത്രം വിജയിക്കേണ്ടത് അത്യാവശ്യമായിരുന്നു. അല്ലെങ്കിൽ സിനിമ വിജയിക്കില്ലായിരുന്നു. പിന്നീട് അവർക്ക് ഈ വേഷത്തിൽ താൽപ്പര്യമില്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി’ -രജനീകാന്ത് പറഞ്ഞു.
‘പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രത്തിന് പ്രചോദനമായത് കൽക്കിയുടെ പൊന്നിയൻ സെൽവൻ എന്ന നോവലിലെ നന്ദിനി എന്ന കഥാപാത്രമാണെന്നും രജനീകാന്ത് പറഞ്ഞു. ഈ നന്ദിനി വേഷം സിനിമയിൽ അവതരിപ്പിച്ചതും ഐശ്വര്യ റായ് ആണ് എന്നുള്ളത് ശ്രദ്ധേയമാണ്. ഐശ്വര്യ റായിയെ കാസ്റ്റ് ചെയ്യാനുള്ള ശ്രമം യാഥാർത്ഥ്യമാകാതെ വന്നപ്പോൾ കെ.എസ്. രവികുമാറും ഞാനും ചേർന്ന് മറ്റ് പല നടിമാരെയും ആലോചിച്ചു. എന്നാൽ ശക്തമായ കണ്ണുകളുള്ള ഒരാളെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. സിനിമ വിജയിക്കണമെങ്കിൽ നീലാംബരിയുടെ റോളിൽ ശക്തമായ ഒരാളെ തന്നെ അവതരിപ്പിക്കണമെന്ന് ഞാൻ രവികുമാറിനോട് പറഞ്ഞു. ഒടുവിൽ, രവികുമാർ തന്നെയാണ് രമ്യ കൃഷ്ണന്റെ പേര് നിർദേശിച്ചത്. പിന്നീട് നടന്നത് ചരിത്രമായിരുന്നു’ രജനീകാന്ത് പറഞ്ഞു.
രജനീകാന്തിന്റെ 50 വർഷത്തെ സിനിമ യാത്ര ആഘോഷിക്കുന്ന വേളയിലാണ് പടയപ്പ വീണ്ടും തിയറ്ററുകളിൽ എത്തുന്നത്. കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ശിവാജി ഗണേശൻ, സൗന്ദര്യ, ലക്ഷ്മി, സിതാര, രാധ രവി, മണിവണ്ണൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. രജനീകാന്തും രമ്യ കൃഷ്ണനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള തീവ്രമായ സംഘർഷങ്ങളാണ് ചിത്രത്തിൽ. രജനീകാന്തിന്‍റെ മാസ് സീനുകൾക്ക് ഇന്നും ആരാധകർ ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.