തിങ്കളാഴ്ച രാവിലെയാണ് ബോളിവുഡ് ഇതിഹാസതാരം ധർമേന്ദ്ര അന്തരിച്ചത്. മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 90ാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ധർമേന്ദ്രയുടെ വിടവാങ്ങൽ. നടനെന്നതിലുപരി വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനും കൂടിയാണ് ധർമേന്ദ്ര. ബോളിവുഡിന്റെ ഹി-മാൻ എന്നാണ് ധർമേന്ദ്ര അറിയപ്പെടുന്നത്.റസ്റ്റാറന്റ് മേഖലയിലാണ് അദ്ദേഹത്തിന്റെ ബിസിനസ്. 2015ൽ ന്യൂഡൽഹിയിലെ ഗരം ധരം ധാബയിലൂടെയാണ് അദ്ദേഹം ആദ്യമായി റസ്റ്റാറന്റ് ബിസിനസിലേക്ക് കാലെടുത്തുവെച്ചത്. 2022ൽ കർണാൽ ഹൈവേയിൽ ഹെ മാൻ എന്ന പേരിൽ മറ്റൊരു റസ്റ്റാറന്റ് കൂടി തുറന്നു. ബിസിനസ് കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അദ്ദേഹം അസുഖബാധിതനായത്. എല്ലാം കൂടി 335 കോടി രൂപ വിലമതിക്കുന്ന സാമ്രാജ്യത്തിന്റെ ഉടമയാണ് ധർമേന്ദ്ര.
അദ്ദേഹത്തിന്റെ 100 ഏക്കർ വിസ്തൃതിയിലുള്ള ഫാം ഹൗസും ഏറെ പ്രശസ്തമാണ്. ധർമേന്ദ്ര കുടുംബത്തോടൊപ്പം മുംബൈ നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറിയുള്ള ലോണാവാലയിലെ ഹരിതാഭമായ ഈ ഫാംഹൗസിൽ താമസിക്കാൻ എത്താറുണ്ടായിരുന്നു. ആധുനിക സൗകര്യങ്ങൾ നിറഞ്ഞതാണ് ഈ ഫാംഹൗസ്. ലോണാവാലയിലെ തന്റെ ഫാം ഹൗസിന് സമീപം റിസോർട്ട് വികസിപ്പിച്ചുകൊണ്ട് ഹോസ്പിറ്റാലിറ്റി ബിസിനസിലേക്ക് കൂടുതൽ വ്യാപിപ്പിക്കാനായിരുന്നു താരത്തിന്റെ പദ്ധതി. ഇതിന് സമീപമുള്ള 12 ഏക്കർ സ്ഥലത്ത് 30 കോട്ടേജ് റിസോർട്ടുകൾ നിർമിക്കാനായി അദ്ദേഹം ഒരു റസ്റ്റാറന്റ് ശൃംഖലയുമായി ധാരണയിലെത്തിയിരുന്നു.
സി.എ നോളജ് റിപ്പോർട്ട് അനുസരിച്ച് മഹാരാഷ്ട്രയിൽ ധർമേന്ദ്രക്ക് 17 കോടിയിലേറെ വിലവരുന്ന സ്വത്തുക്കൾ ഉണ്ട്. 88 ലക്ഷം രൂപയിലധികം വിലമതിക്കുന്ന കൃഷിഭൂമിയും 52 ലക്ഷം രൂപ വിലമതിക്കുന്ന കാർഷികേതര ഭൂമിയും അദ്ദേഹത്തിന്റെ നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നു. അതിനു പുറമെ ഒരുപാട് ആഡംബര കാറുകളുടെയും ശേഖരമുണ്ട്. കാറുകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം പ്രസിദ്ധമാണ്. വിന്റേജ് ഫിയറ്റ് ആണ് ആദ്യമായി ധർമേന്ദ്ര സ്വന്തമാക്കിയ കാർ എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ
85.74 ലക്ഷം രൂപ വിലയുള്ള റേഞ്ച് റോവർ ഇവോക്ക്, 98.11 ലക്ഷം രൂപ വിലയുള്ള മെഴ്‌സിഡസ് ബെൻസ് എസ്.എൽ500 പോലുള്ള ആധുനിക ആഡംബര കാറുകൾ വരെ അദ്ദേഹത്തിന്റെ ഗാരേജിൽ ആഡംബരത്തിന്റെ പ്രതീകമായുണ്ട്. അഭിനയത്തിനു പുറമേ നിർമാതാവ് എന്ന നിലയിലും ധർമേന്ദ്ര വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1983ലാണ് അദ്ദേഹം നിർമാണ കമ്പനിയായ വിജയത ഫിലിംസ് തുടങ്ങിയത്. ഈ കമ്പനിയുടെ ബാനറിലായിരുന്നു മക്കളായ സണ്ണി ഡിയോളിനെയും ബോബി ഡിയോളിന്റെയും ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. യഥാക്രമം ബീതാബ് (1983), ബർസാത്ത് (1995) എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. കൊച്ചുമകൻ കരൺ ഡിയോളിന്റെ ആദ്യ ചിത്രമായ പാൽ പാൽ കേ പാസ് നിർമിച്ചതും വിജയത ഫിലിംസ് ആയിരുന്നു.
1960 ല്‍ 'ദില്‍ ഭി തേരാ ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര അരങ്ങേറ്റം കുറിച്ചത്. 1960-കളില്‍ 'അന്‍പഥ്', 'ബന്ദിനി', 'അനുപമ', 'ആയാ സാവന്‍ ഝൂം കെ' തുടങ്ങിയ സിനിമകളില്‍ സാധാരണവേഷങ്ങള്‍ ചെയ്താണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് 'ഷോലെ', 'ധരം വീര്‍', 'ചുപ്കെ ചുപ്കെ', 'മേരാ ഗാവ് മേരാ ദേശ്', 'ഡ്രീം ഗേള്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ നായക വേഷങ്ങളിലേക്ക് മാറി. ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച 'തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ' എന്ന ചിത്രത്തിലാണ് ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അഗസ്ത്യ നന്ദ നായകനാവുന്ന 'ഇക്കിസ്' ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. ചിത്രം ഡിസംബര്‍ 25ന് പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.