സിനിമയുടെ മായിക ലോകത്ത് നിന്ന് അകന്നുകഴിഞ്ഞു, എല്ലാ പ്രതിസന്ധികളിലും ഒപ്പം നിന്നു; ധർമേന്ദ്രയുടെ ആദ്യ ഭാര്യ പ്രകാശ് കൗറിനെ അറിയാം

തിങ്കളാഴ്ച രാവിലെയാണ് ബോളിവുഡിലെ ഇതിഹാസതാരം ധർമേന്ദ്ര അന്തരിച്ചത്. 1935ൽ പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ധർമേന്ദ്ര സിനിമ കരിയർ തുടങ്ങിയത് 1960ൽ പുറത്തിറങ്ങിയ ദിൽ ഭീ തേര ഹും ഭീ തേരെ എന്ന സിനിമയിലൂടെയാണ്. വെള്ളിത്തിരയിലെത്തുന്നതിന് മുമ്പേ കുടുംബജീവിതത്തിലേക്ക് കടന്നിരുന്നു ധർമേന്ദ്ര. അതും 19ാം വയസിൽ. അറേഞ്ച്ഡ് വിവാഹമായിരുന്നു അത്. പ്രകാശ് കൗർ ആയിരുന്നു വധു. സിനിമയിലെത്തുന്നതിന് മുമ്പ് വെറുമൊരു സാധാരണക്കാരനായിരുന്നു ധർമേന്ദ്ര. അദ്ദേഹം എപ്പോഴും കാമറകളാൽ വലയം ചെയ്യപ്പെട്ടപ്പോൾ, പ്രകാശ് കൗർ അതിൽ നിന്ന് അകന്നുജീവിക്കാൻ ശ്രദ്ധിച്ചു. ധർമേന്ദ്ര ബോളിവുഡിൽ തന്റേതായ ഒരു ലോകം പണിതുയർത്തുന്ന തിരക്കിലായപ്പോൾ, ഭർത്താവിന് പൂർണ പിന്തുണ നൽകി, കുഞ്ഞുങ്ങളെ വളർത്തി അവരുടെ ജീവിതം മുന്നോട്ടുപോയി. ഇക്കാലത്തിനിടക്ക് ഒരിക്കൽ മാത്രമാണ് അവർ അഭിമുഖത്തിൽ പോലും പ്രത്യക്ഷപ്പെട്ടത്. അന്ന് സംസാരിച്ചതത്രയും അവരുടെ വിവാഹത്തെ കുറിച്ചായിരുന്നു. അതും ശാന്തമായ ശബ്ദത്തിൽ...

പ്രകാശ് കൗറിനെ ധർമേന്ദ്ര ഒരിക്കലും തള്ളിക്കളഞ്ഞിട്ടില്ല. സിനിമയിലെത്തും മുമ്പേ വിവാഹിതനായിരുന്നുവെന്ന് പല അഭിമുഖങ്ങളിലും പറയാറുള്ള ധർമേന്ദ്ര പ്രകാശ് കൗർ ആണ് തന്റെ ജീവിതത്തിലെ ആദ്യത്തെയും ശരിക്കുമുള്ള ഹീറോയിൻ എന്നും വിശേഷിപ്പിക്കുമായിരുന്നു.

1957ലാണ് ധർമേന്ദ്രയും പ്രകാശ് കൗറും ആദ്യ കുഞ്ഞായ അജയ് സിങ് ഡിയോൾ എന്ന സണ്ണി ഡിയോളിനെ വരവേറ്റത്. 1962ൽ അവർക്ക് ഒരു പെൺകുട്ടിയും ജനിച്ചു. വിജയ്ത എന്നാണ് പേരിട്ടത്. പിന്നീട് തന്റെ നിർമാണകമ്പനിക്ക് ധർമേന്ദ്ര വിജയ്തയുടെ പേരാണ് നൽകിയത്. നാലുമക്കളാണ് ഇവർക്ക്. മൂന്നാമത്തെയാൾ അജീതയും ഏറ്റവും ഇളയ ആൾ വിജയ് സിങ് ഡിയോൾ എന്ന ബോബി ഡിയോളും. ധർമേന്ദ്രയുടെ ചുവടു പിടിച്ച് സണ്ണി ഡിയോളും ബോബി ഡിയോളും പിന്നീട് സിനിമയിലെത്തി.

സിനിമ ലോകത്ത് ധർമേന്ദ്രയുടെ ജനപ്രീതി ഉയരുമ്പോൾ നാലുമക്കൾക്കൊപ്പം പ്രകാശ് കൗർ വീടിന്റെ ചുവരുകൾക്കുള്ളിൽ കഴിഞ്ഞു. ലളിതമായ ജീവിതമായിരുന്നു അവരുടെത്. ഫൂൽ ഔർ പത്താർ, സത്യകം, ഷോലെ, ചുപ്കെ ചുപ്കെ എന്നീ സിനിമകൾ അദ്ദേഹത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. വളരെ അപൂർവമായാണ് അച്ഛൻ തങ്ങളെ വഴക്കു പറഞ്ഞിട്ടുള്ളൂവെന്ന് ഒരിക്കൽ ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ബോബി ഡിയോൾ വെളിപ്പെടുത്തിയിരുന്നു. തങ്ങളെ അച്ചടക്കത്തോടെ വളർത്തിയതിന്റെ എല്ലാ ക്രെഡിറ്റും അമ്മക്കാണെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നുവെന്നും ബോബി ആ അഭിമുഖത്തിൽ സ്മരിച്ചു.

1980ലാണ് ധർമേന്ദ്രയുടെ ജീവിതത്തിലേക്ക് ഹേമമാലിനി കടന്നുവരുന്നത്. ഏറെ ചർച്ചയായിരുന്നു ഹേമമാലിനിയുമായുള്ള ധർമേന്ദ്രയുടെ രണ്ടാംവിവാഹം. ഹേമമാലിനിയെ ഭാര്യയാക്കണമെന്ന് അതിയായി ആഗ്രഹിച്ചിട്ടും അത് പ്രകാശ് കൗറിനെ ഒഴിവാക്കിയിട്ട് ആകരുതെന്ന് ധർമേന്ദ്രക്ക് നിർബന്ധമുണ്ടായിരുന്നു. ഹിന്ദുമതത്തിൽ ഒരാൾക്ക് ഒരു പത്നിയെ പാടുള്ളൂ. അതിനാൽ ഹേമമാലിനിയെ വിവാഹം കഴിക്കാനും പ്രകാശ് കൗറിനെ ഒഴിവാക്കാതിരിക്കാനുമായി ധർമേന്ദ്ര ഇസ്‍ലാം മതം സ്വീകരിക്കാനും തയാറായി. ഭർത്താവിന്റെ രണ്ടാംവിവാഹം അറിഞ്ഞപ്പോഴും പ്രകാശ് കൗർ നിശ്ശബ്ദത പാലിച്ചു.

ഒരിക്കലും അവർ ഹേമമാലിനിയെ കുറ്റപ്പെടുത്തിയില്ല. 'ധർമേന്ദ്ര ഒരിക്കലും ഒരു ഉത്തമ ഭർത്താവായിരുന്നില്ല എന്ന് തുറന്നു സമ്മതിച്ച പ്രകാശ് കൗർ, എന്നാൽ അദ്ദേഹം ഏറ്റവും നല്ല അച്ഛനായിരുന്നു മക്കൾക്കെന്നും പറയുകയുണ്ടായി. ഹേമമാലിനിയുടെ സൗന്ദര്യത്തെയും അവർ പുകഴ്ത്തി. ​'വളരെ മനോഹരിയാണ് ഹേമാജി, ഏതൊരു പുരുഷനും അവരിൽ ആകർഷിക്കപ്പെടും'-ഇതായിരുന്നു അവരുടെ വാക്കുകൾ.

വീണ്ടും വിവാഹം കഴിച്ചിട്ടും പ്രകാശ് കൗറുമായും നാലുമക്കളുമായുമുള്ള ഉറച്ച ബന്ധം ധർമേന്ദ്ര കാത്തുസൂക്ഷിച്ചു. ഭർത്താവിനെ പ്രകാശ് കൗറിൽ നിന്നകറ്റി മാറ്റാൻ ഹേമമാലിനിയും ശ്രമിച്ചില്ല. പ്രകാശ് കൗർ അവർക്കിടയിലെ പാലമായി എപ്പോഴും തുടർന്നുകൊണ്ടിരുന്നു.

ധർമേന്ദ്രയുടെ സിനിമാ പാരമ്പര്യം കാത്തുസൂക്ഷിച്ചത് സണ്ണിയും ബോബിയുമാണ്. ഇരുവരും ബോളിവുഡിലെ മികച്ച നടൻമാരായും ​പേരെടുത്തു. അടുത്ത തലമുറയിൽ നിന്ന് കരൺ ഡിയോളും സിനിമയിൽ എൻട്രി കുറിച്ചു. എന്നാൽ പെൺമക്കൾക്ക് അഭിനയത്തിൽ താൽപര്യമില്ലായിരുന്നു. ഇക്കാലമത്രയും എല്ലാ വിവാദങ്ങളിലും പ്രശസ്തിയിലും എല്ലാം പ്രകാശ് കൗർ ധർമേന്ദ്രക്കു പിന്നിൽ കരുത്തുറ്റ തൂണുപോലെ ഉറച്ചുനിന്നു. അവരാണ് ആ കുടുംബത്തെ ഇന്നത്തെ നിലയിലേക്ക് വളർത്തിയതും.

Tags:    
News Summary - Dharmendra’s first wife Prakash Kaur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.