ഇന്ന് കോടികൾ, അന്നോ‍? ആദ്യ ചിത്രത്തിലെ ദീപിക പദുക്കോണിന്‍റെ പ്രതിഫലം എത്രയെന്നറിയാമോ?

പ്രഭാസ് നായകനായെത്തുന്ന സ്പിരിറ്റ് എന്ന പാൻ ഇന്ത്യൻ ചിത്രം അടുത്തിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ആദ്യം നായികയായി തീരുമാനിച്ചിരുന്ന നടി ദീപിക പദുക്കോൺ സിനിമയിൽ നിന്ന് പിന്മാറുകയും പകരം തൃപ്തി ദിമ്രി പ്രഭാസിന് നായികയാവുമെന്ന് ടീം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, ദീപികയുടെ കനത്ത പ്രതിഫലത്തെക്കുറിച്ച് വാർത്തകൾ വന്നിരുന്നു.

പത്താൻ, പദ്മാവത്, ചെന്നൈ എക്‌സ്പ്രസ്, യേ ജവാനി ഹേ ദീവാനി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് ദീപിക. ഇതിനിടയിൽ ദീപികയുടെ ആദ്യ ചിത്രമായ ഓം ശാന്തി ഓം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ആദ്യ ചിത്രത്തിന്‍റെ പ്രതിഫലം എത്രയാണ് എന്നാണ് ചർച്ചയാവുന്നത്.

ഓം ശാന്തി ഓമിൽ ദീപിക പദുക്കോൺ സൗജന്യമായാണ് അഭിനയിച്ചിരുന്നതെന്ന് പലർക്കും അറിയില്ല. ഷാരൂഖ് ഖാൻ കോടികൾ പ്രതിഫലം വാങ്ങിയപ്പോൾ, സൂപ്പർസ്റ്റാറിനൊപ്പം അരങ്ങേറ്റം കുറിക്കുന്നത് ഒരു ബഹുമതിയായി കണക്കാക്കി ദീപിക പ്രതിഫലം കൂടാതെ ജോലി ചെയ്യാൻ തീരുമാനിച്ചു. ആ ചിത്രം ഒറ്റരാത്രികൊണ്ട് ദീപികയെ സെൻസേഷനാക്കി മാറ്റി. ബോളിവുഡിലേക്കുള്ള ദീപികയുടെ യാത്ര അവിടെ തുടങ്ങി. അവിടുന്നങ്ങോട്ട് കൈ നിറയെ പടങ്ങൾ.

വർഷങ്ങൾക്ക് മുമ്പ്, തന്‍റെ സിനിമകൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നായകന് കൂടുതൽ പണം ലഭിച്ചതിനാൽ സിനിമ വേണ്ടെന്ന് അവർ പറഞ്ഞിരുന്നു. 'എനിക്ക് എന്‍റെ മൂല്യം അറിയാം. എനിക്ക് ന്യായമായ ശമ്പളം ലഭിക്കുന്നില്ലെന്ന് തോന്നിയാൽ ഞാൻ ജോലി ചെയ്യില്ല' എന്നും ദീപിക പറഞ്ഞിട്ടുണ്ട്.

Tags:    
News Summary - Deepika Padukone’s salary for debut film Om Shanti Om in 2007

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.