ആമിർ ഖാൻ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘ദംഗലി’ലൂടെ ശ്രദ്ധേയയായ നടി സൈറ വസീം വിവാഹിതയായി. ഇൻസ്റ്റഗ്രാമിലൂടെ സൈറ നിക്കാഹിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചു. എന്നാൽ വരൻ ആരാണെന്ന് സൈറ വെളിപ്പെടുത്തിയിട്ടില്ല.
സൈറയും വരനും നിൽക്കുന്ന മുഖം കാണിക്കാത്ത ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘ഖുബൂല്‍ ഹേ’ എന്ന് അടിക്കുറിപ്പും നൽകിയിട്ടുണ്ട്. കടും ചുവപ്പ് നിറത്തിലുള്ള എംബ്രോയിഡറി ചെയ്ത ദുപ്പട്ടയാണ് നടിയുടെ വേഷം. ക്രീം നിറത്തിലുള്ള ഷെര്‍വാണിയാണ് വരൻ ധരിച്ചിരിക്കുന്നത്.
2016ൽ പുറത്തിറങ്ങിയ ‘ദംഗലി’ൽ തന്‍റെ പതിനാറാം വയസ്സിലാണ് സൈറ വസീം വേഷമിട്ടത്. ഗുസ്തിക്കാരി ഗീത ഫോഗട്ടിന്റെ ചെറുപ്പകാലമായിരുന്നു അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് സൈറക്ക് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. 2017ൽ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.
2019-ല്‍ മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അഭിനയം നിര്‍ത്തുകയാണെന്ന് സൈറ വസീം അറിയിച്ചു. തുടർന്ന് പ്രധാനമായും മതവിശ്വാസത്തെക്കുറിച്ചുള്ള സന്ദേശങ്ങളാണ് സൈറ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്. വർഷങ്ങളായി വലിയ വ്യക്തിഗത അപ്‌ഡേറ്റുകളൊന്നുമില്ലാതിരിക്കെയാണ് നിക്കാഹ് വിവരം സൈറ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നിരവധി പേർ നിക്കാഹിന് ആംശസ നേർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.