ബംഗളൂരു: പ്രശസ്ത ഹാസ്യ നടൻ എം.എസ്. ഉമേഷ് ഞായറാഴ്ച കിഡ്വായ് ആശുപത്രിയിൽ അന്തരിച്ചു. അർബുദരോഗ ചികിത്സക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. 1945 ഏപ്രിൽ 22ന് മൈസൂരുവിൽ എ.എൽ. ശ്രീകണ്ഠയ്യയുടെയും നഞ്ചമ്മയുടെയും മകനായി ജനിച്ച ഉമേഷ് കന്നട നാടക-സിനിമയുടെ പ്രിയപ്പെട്ട ഹാസ്യ കലാകാരനായിരുന്നു. അദ്ദേഹത്തിന്റെ അതുല്യമായ സംഭാഷണങ്ങളും ഭാവപ്രകടനങ്ങളും കോമിക് ടൈമിങ്ങും - ‘‘അയ്യയ്യോ ഇവ്രു നന്നാ അപാർഥ മാഡ് കൊണ്ടബിട്രല്ലാ... നാനീ ബേക്കു ആന്റ ഹാഗെ മാഡ്ലില്ല...’’, ‘‘ഹെൽകൊള്ളോനാ ആന്ദ്രേ നന്നാ ഹെന്തി കൂടാ ഊരല്ലിൽവേ...’’ - എന്നിവ അദ്ദേഹത്തിന് കന്നട സിനിമ പ്രേക്ഷകർക്കിടയിൽ പ്രത്യേക ഇടം നേടിക്കൊടുത്തു. ചെറുപ്പത്തിൽതന്നെ നാടകരംഗത്തേക്ക് കടന്നുവന്ന ഉമേഷ് ആഴത്തിലുള്ള ഇടപെടലോടെ ബാലവേഷങ്ങൾ അവതരിപ്പിച്ചു,
മുതിർന്ന കലാകാരന്മാർ റോക്ക് ഷുഗർ പോലുള്ള സമ്മാനങ്ങൾ നൽകി അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു, അത് രംഗത്തിന് ആവശ്യമായ മാനസികാവസ്ഥയിലേക്ക് അദ്ദേഹത്തെ എത്തിക്കാൻ സഹായിച്ചു. കെ. ഹിരണ്ണയ്യ മിത്ര മണ്ഡലി അവതരിപ്പിച്ച എ.എൻ. കൃഷ്ണറാവുവിന്റെ ജഗജ്യോതി ബസവേശ്വര എന്ന നാടകത്തിൽ ബിജ്ജാല രാജാവിന്റെ മകനായി അഭിനയിച്ചതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന വേഷം. നേരത്തേ ബാലതാരമായി നിരവധി നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ദശാവതാരത്തിലെ പ്രഹ്ലാദനെ അവതരിപ്പിച്ചതിന് മാസ്തി വെങ്കിടേശ അയ്യങ്കാറിൽനിന്ന് 10 രൂപ പ്രതിഫലം ലഭിച്ചത് ഗുബ്ബി വീരണ്ണയുടെ കമ്പനിയിൽ അഭിനന്ദനം പിടിച്ചുപറ്റി. കുട്ടിക്കാലത്ത് അദ്ദേഹത്തെ പരിശീലിപ്പിച്ച ഗുബ്ബി വീരണ്ണ അദ്ദേഹത്തിന്റെ ആദ്യകാല ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു.
എം.സി. മഹാദേവ സ്വാമിയുടെ കന്നട തിയറ്റേഴ്സ് കമ്പനിയിൽ ബാലതാരമായും ഉമേഷ് പ്രവർത്തിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം നിരവധി സംഗീതോപകരണങ്ങളിലും അദ്ദേഹം പ്രാവീണ്യം നേടി. മാസ്റ്റർ ഹിരണ്ണയ്യയുടെ ട്രൂപ്പിൽ പിയാനോ വായനക്കാരനായും സ്കെച്ച് ആർട്ടിസ്റ്റായും എൻ. ശ്രീകണ്ഠമൂർത്തിയുടെ നാടക കമ്പനിയിൽ ഹാർമോണിയം വായനക്കാരനായും അദ്ദേഹം അംഗീകാരം നേടി. ഗായകൻ കൂടിയായിരുന്നു അദ്ദേഹം.
കഥാസംഗമത്തിലെ മുനിതായി എന്ന ആന്തോളജി ചിത്രത്തിലെ ‘തിമ്മറായി’ എന്ന കഥാപാത്രത്തിന് മികച്ച സഹനടനുള്ള അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. 1994ൽ കർണാടക നാടക അക്കാദമി അവാർഡും 1997ൽ സിറ്റി കോർപറേഷൻ അവാർഡും നേടി. അദ്ദേഹത്തിന്റെ ആത്മകഥയായ ബന്നദ ഘണ്ടെക്ക് വിശ്വേശ്വരയ്യ പ്രതിഷ്ഠാന അവാർഡ് ലഭിച്ചു. സിനിമക്ക് അദ്ദേഹം നൽകിയ അഞ്ച് പതിറ്റാണ്ടുകളുടെ സംഭാവനയെ ചലച്ചിത്ര വ്യവസായം വ്യാപകമായി ആദരിച്ചു. കന്നട നാടകരംഗത്തും സിനിമയിലും ശ്രദ്ധേയമായ ഒരു അധ്യായത്തിന്റെ അവസാനമാണ് ഉമേഷിന്റെ വിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.