മഹാകുംഭമേളയിൽ ആളുകൾ മരിച്ചുവീണതിനേക്കാൾ ഛാവയിലെ ‘സിനിമാ പീഡന’മാണ് ജനങ്ങളെ അസ്വസ്ഥരാക്കിയത് -സ്വര ഭാസ്‌കർ

'ഛാവ' സിനിമയോടുള്ള അതിവൈകാരിക പ്രതികരണങ്ങളെ വിമർശിച്ച് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കർ. മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തേക്കാൾ സമൂഹത്തിന് അസ്വസ്ഥതയും ദേഷ്യവുമുണ്ടാകുന്നത് 'ഛാവ' സിനിമയിലെ പാതി സാങ്കൽപ്പികവും പെരുപ്പിച്ച് കാട്ടുന്നതുമായ പീഡനങ്ങൾ കാണുമ്പോഴാണെന്ന് സ്വര ഭാസ്കർ വിമർശിച്ചു. അതേസമയം, ഇതുമായി ബന്ധപ്പെട്ട താരത്തിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ നിരവധി പ്രതിഷേധ പ്രതികരണങ്ങളാണ് വരുന്നത്.

'മഹാകുംഭമേളയിലെ തിക്കിലുംതിരക്കിലും പെട്ട് ആളുകൾ മരിച്ചതിനേക്കാളും, കുംഭമേള കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെക്കാളും സമൂഹത്തെ അസ്വസ്ഥമാക്കുന്നത് 500 വർഷം മുമ്പുള്ള, ഭാഗികമായി സാങ്കൽപ്പികവും പെരുപ്പിച്ച് കാണിക്കുന്നതുമായ ഹിന്ദുക്കളുടെ സിനിമാ പീഡനമാണെങ്കിൽ, ആ സമൂഹം തലച്ചോറും ആത്മാവുമില്ലാത്ത സമൂഹമാണ്' -എന്നാണ് സ്വര ഭാസ്‌കർ ഇന്‍സ്റ്റയിൽ കുറിച്ചത്.

ഛാവയെക്കുറിച്ചുള്ള വിഡിയോകളും പ്രേക്ഷക പ്രതികരണങ്ങളും ഇന്റർനെറ്റിൽ വൈറലായതിന് ശേഷമാണ് സ്വര ഭാസ്‌കറിന്‍റെ പ്രസ്താവന. ഒരു വിഭാഗം സ്വരയെ അനുകൂലിക്കുമ്പോൾ, മറ്റ് പലരും സ്വരയുടെ അഭിപ്രായത്തെ വിമർശിക്കുന്നുമുണ്ട്. ആളുകൾ നല്ല നാടകത്തെ ഇഷ്ടപ്പെടുന്നു, യാഥാർഥ്യത്തെയല്ല, ഛാവ സാങ്കൽപ്പികമായിരുന്നു, നിർമാതാക്കൾ യഥാർഥ പീഡനം കാണിച്ചിരുന്നെങ്കിൽ സെൻസർ ബോർഡ് സിനിമയുടെ റിലീസിനെ എതിർക്കുമായിരുന്നു, എന്നും മറ്റുമാണ് പോസ്റ്റിന് താഴെ വരുന്ന പ്രതികരണങ്ങൾ.

ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി വിക്കി കൗശൽ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഛാവ. മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ഛത്രപതി സംഭാജി മഹാരാജിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പറയുന്നതാണ് സിനിമ. പ്രേക്ഷകർ സിനിമ കണ്ട് കരയുന്നതും രോഷാകുലരാകുന്നതും ഉൾപ്പെടെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Tags:    
News Summary - Chhaava upset people more than people dying at Mahakumbh Mela - Swara Bhaskar is about

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.