മുംബൈ: പ്രൈം വിഡിയോയുടെ പുതിയ ക്രൈം ഡ്രാമ സീരീസായ 'രാഖ്' പുറത്തിറങ്ങിയതോടെ, ഇന്ത്യൻ ക്രിമിനൽ ചരിത്രത്തിലെ ഏറ്റവും ഭീതിജനകമായ അധ്യായങ്ങളിലൊന്നായ 1978ലെ 'രങ്ക-ബില്ല' കേസ് വീണ്ടും രാജ്യശ്രദ്ധ നേടുന്നു. അലി ഫസൽ, സോണാലി ബിന്ദ്ര എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ പരമ്പര യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ്. എന്നാൽ ഇതിനേക്കാൾ ഉപരിയായി, ഈ കേസിന് ബോളിവുഡ് താരം ബോബി ഡിയോളുമായി വ്യക്തിപരമായ ഒരു ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു.
തന്റെ സ്കൂൾ കാലഘട്ടത്തിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളെ ഈ കുപ്രസിദ്ധ കുറ്റവാളികൾ തട്ടിക്കൊണ്ടുപോയിരുന്നുവെന്നും, അന്ന് തന്റെ പേരും അവർക്ക് മുന്നിൽ വെളിപ്പെടുത്തപ്പെട്ടിരുന്നുവെന്നും ബോബി ഡിയോൾ വെളിപ്പെടുത്തിയതാണ് ഇപ്പോൾ സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത്. രാജ് ഷമാനിയുടെ പോഡ്‌കാസ്റ്റിലാണ് ബോബി ഡിയോൾ ആ പഴയ നടുക്കുന്ന ഓർമകൾ പങ്കുവെച്ചത്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. അന്ന് രാജ്യത്തെ വിറപ്പിച്ചിരുന്ന രങ്കയും ബില്ലയും ബോബിയുടെ ഒരു സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി. എന്നാൽ ഭാഗ്യം കൊണ്ട് അവൻ രക്ഷപ്പെട്ടു.
‘അവർ തട്ടിക്കൊണ്ടുപോയവരിൽ ഏറ്റവും ഭാഗ്യമുള്ളയാൾ എന്റെ സുഹൃത്തായിരുന്നു. രങ്കയും ബില്ലയും തമ്മിലുണ്ടായ ഒരു ആശയക്കുഴപ്പമാണ് അവന് തുണയായത്. പൊലീസ് പിന്നാലെയെത്തിയപ്പോൾ പേടിച്ച രങ്ക എന്റെ സുഹൃത്തിനെ ഒരു പാൻ ഷോപ്പിന് മുന്നിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ആ കടയുടമയാണ് അവനെ സുരക്ഷിതനായി വീട്ടിലെത്തിച്ചത്’ ബോബി ഓർത്തെടുത്തു.
തട്ടിക്കൊണ്ടുപോയ സമയത്ത് മറ്റ് കുട്ടികളുടെ പേരുകൾ ചോദിച്ചപ്പോൾ സുഹൃത്ത് ബോബിയുടെ പേരും പറഞ്ഞിരുന്നു. ഈ വിവരം അറിഞ്ഞതോടെ ബോബിയുടെ പിതാവും നടനുമായ ധർമേന്ദ്ര കടുത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ബോബിക്ക് ഏർപ്പെടുത്തിയത്. ‘അതിനുശേഷം അച്ഛൻ എന്നെ വീടിന് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. സൈക്കിൾ ചവിട്ടാൻ പഠിച്ചത് പോലും വീടിനുള്ളിലാണ്. കോളജിൽ പഠിക്കുമ്പോൾ രാത്രി 9 മണിക്ക് മുമ്പ് വീട്ടിൽ കയറണമെന്ന കർശന നിർദേശമുണ്ടായിരുന്നു’ താരം പറഞ്ഞു.
1978 ആഗസ്റ്റ് 26നാണ് ഇന്ത്യയെ നടുക്കിയ ആ ക്രൂരകൃത്യം നടന്നത്. ഓൾ ഇന്ത്യ റേഡിയോയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ഗീത ചോപ്ര (16), സഞ്ജയ് ചോപ്ര (14) എന്നീ സഹോദരങ്ങൾ. വഴിമധ്യേ കുൽജീത് സിങ് (രങ്ക), ജസ്ബീർ സിങ് (ബില്ല) എന്നിവർ ചേർന്ന് ഇവരെ മോഷ്ടിച്ച കാറിൽ തട്ടിക്കൊണ്ടുപോയി. ആക്രമികളെ ചെറുക്കാൻ കുട്ടികൾ ധീരമായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ട് ദിവസത്തിന് ശേഷം ഡൽഹി റിഡ്ജ് പ്രദേശത്ത് നിന്ന് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഈ കേസ് കാരണമായി. 1978 സെപ്റ്റംബറിൽ പ്രതികൾ പിടിയിലാവുകയും 1982ൽ ഇരുവർക്കും വധശിക്ഷ നടപ്പാക്കുകയും ചെയ്തു.
അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം പ്രൈം വിഡിയോ ഈ കഥ വീണ്ടും ദൃശ്യവൽക്കരിക്കുകയാണ്. 1970കളിലെ ഡൽഹിയുടെ പശ്ചാത്തലത്തിലാണ് 'രാഖ്' ഒരുക്കിയിരിക്കുന്നത്. അലി ഫസൽ അവതരിപ്പിക്കുന്ന സബ് ഇൻസ്പെക്ടർ ജയപ്രകാശ് എന്ന കഥാപാത്രത്തിലൂടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സോണാലി ബിന്ദ്ര, ആമിർ ബഷീർ, രാകേഷ് ബേദി തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. പ്രോസിത് റോയ് സംവിധാനം ചെയ്ത ഈ സീരീസ് അന്നത്തെ ഭീതി നിറഞ്ഞ അന്തരീക്ഷവും, അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട സമ്മർദവും, ഇരകളുടെ കുടുംബം അനുഭവിച്ച മാനസിക വേദനയും ഒപ്പിയെടുക്കുന്നു. എൻഡെമോൾ ഷൈൻ ഇന്ത്യയാണ് ഈ ക്രൈം ഡ്രാമ നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.