ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെക്കുറിച്ചുള്ള വിവാദ പ്രതികരണത്തില്‍ വിശദീകരണവുമായി പേർളി മാണി. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം മെസ്സേജുകൾ ലഭിച്ചതിനെ തുടർന്നാണ് താരം യുട്യൂബ് വിഡിയോ പങ്കുവെച്ചത്.
വാർത്തകളിലും റീൽസുകളിലും വിദ്യാർഥികളും പൊലീസുകാരും പരിക്കേൽക്കുന്നത് കണ്ടപ്പോൾ ഉണ്ടായ സങ്കടം കൊണ്ടാണ് "ജീവൻ അപകടത്തിലാക്കി പ്രക്ഷോഭം നടത്തരുത്, സുരക്ഷിതമായി വീട്ടിൽ പോകണം, ഒരു സമരവും ജീവനേക്കാൾ വലുതല്ല" എന്ന് കുറിച്ചത്. സമരം നിർത്താനോ പ്രതിഷേധിക്കുന്നവരെ തടയാനോ അല്ല താൻ അങ്ങനെ പറഞ്ഞതെന്നും, വിദ്യാർഥികൾക്ക് ട്രാൻസ്പെരന്റായ വിദ്യാഭ്യാസ വ്യവസ്ഥയും ന്യായമായ അവസരങ്ങളും ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പേളി വ്യക്തമാക്കി.
താൻ എഴുതാത്ത വ്യാഖ്യാനങ്ങൾ ചേർത്ത് തന്റെ പോസ്റ്റിനെതിരെ കടുത്ത വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയർന്നത് മാനസികമായി തളർത്തിയെന്ന് പേർളി പറയുന്നു. ഇന്ത്യൻ ദേശീയ പതാകയിലാണ് താൻ കാവി നിറം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമാക്കിയ പേർളി, എല്ലാ രാഷ്ട്രീയ പാർട്ടികളിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും ഒരു പ്രത്യേക പാർട്ടിയുടെയും ഭാഗമല്ലെന്നും പറഞ്ഞു.
കടുത്ത മാനസിക സമ്മർദത്തിലും ദേഷ്യത്തിലും രാത്രി ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെക്കുകയും എന്നാൽ അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെ മിനിറ്റുകൾക്കകം ഡിലീറ്റ് ചെയ്യുകയും ചെയ്തു. സ്റ്റോറിയിൽ വിമർശിച്ച വ്യക്തിയെ 'ഫെയിൽഡ് ഫിലിം മേക്കർ' എന്ന് വിശേഷിപ്പിച്ചത് വലിയ തെറ്റായി. അതിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും പേർളി പറഞ്ഞു. പ്രശസ്ത സംവിധായകൻ സിബി മലയിൽ സാറിനെക്കുറിച്ച് താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും താൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകയാണെന്നും പേളി കൂട്ടിചേർത്തു.
കരിയറിന്റെ തുടക്കത്തിൽ അച്ഛൻ നൽകിയ ഉപദേശം ഓർമിപ്പിച്ചുകൊണ്ട്, താനൊരു പൊതുവ്യക്തി ആയതിനാൽ പറയുന്ന ഓരോ വാക്കിനും വലിയ ഉത്തരവാദിത്തമുണ്ടെന്ന് മനസ്സിലാക്കുന്നുവെന്ന് താരം പറഞ്ഞു. തന്റെ വാക്കുകളോ പോസ്റ്റുകളോ കാരണം ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. ക്രിയാത്മകമായ വിമർശനങ്ങളെയും അഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും, തെറ്റുകൾ തിരുത്തി കൂടുതൽ നല്ലൊരു വ്യക്തിയാകാൻ ശ്രമിക്കുമെന്നും പറഞ്ഞാണ് പേർളി വിഡിയോ അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.