ഉല്ലാസ് പന്തളം
പക്ഷാഘാതത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകളെയും ഒന്നര വർഷത്തെ ദീർഘമായ ഇടവേളയെയും അതിജീവിച്ച് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ഉല്ലാസ് പന്തളം വീണ്ടും അരങ്ങേറ്റത്തിനൊരുങ്ങുന്നു. മലയാളികളുടെ സ്വീകരണമുറികളിലും കോമഡി വേദികളിലും ഒരുപോലെ ചിരിയുടെ മാലപ്പടക്കം തീർത്ത ഈ ജനപ്രിയ കലാകാരന്റെ തിരിച്ചുവരവ് മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. ഉറ്റചങ്ങാതിമാരുടെ പൂർണ്ണ പിന്തുണയോടെ പുതിയൊരു കോമഡി ത്രില്ലർ ഷോയുമായാണ് ഉല്ലാസ് വീണ്ടും സജീവമാകുന്നത്.
അസുഖബാധിതനായി ഒന്നരവർഷത്തോളമായി പൊതുവേദികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഉല്ലാസ് പന്തളം. ഒരു സ്റ്റേജ് ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ശാരീരികമായ ഫിറ്റ്‌നസും ഊർജ്ജവും ഏറെ പ്രധാനപ്പെട്ടതാണ്. അത്തരമൊരു മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിക്ക് പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും പക്ഷാഘാതത്തിന്റെ തളർച്ചയും വലിയ മാനസിക ആഘാതമാണുണ്ടാക്കിയത്.
എന്നാൽ ആ പ്രതിസന്ധികളെയെല്ലാം തന്റെ അടിയുറച്ച ആത്മവിശ്വാസം കൊണ്ടും കുടുംബത്തിന്റെയും കൂട്ടുകാരുടെയും പിന്തുണ കൊണ്ടും അദ്ദേഹം കീഴടക്കുകയാണിപ്പോൾ. കോമഡി വേദികളിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളികളുടെ മനം കവർന്ന ഉല്ലാസിന്റെ വേർതിരിവ് ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ വിഷമിപ്പിച്ചിരുന്നു. ആ സങ്കടങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് ഈ മടങ്ങിവരവ്.
കാലത്തിനനുസരിച്ച് കോമഡിയുടെ ട്രെൻഡും മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ തലമുറയായ ജെൻസികളെക്കൂടി പൊട്ടിച്ചിരിപ്പിക്കാൻ തക്കവണ്ണം പുതുപുത്തൻ നമ്പരുകളും ശൈലിയുമായാണ് ഉല്ലാസ് പന്തളത്തിന്റെ റീ എൻട്രി. പഴയകാല മിമിക്രിയുടെയും ഹാസ്യത്തിന്റെയും ഭംഗി ചോർന്നുപോകാതെ, പുതിയ കാലഘട്ടത്തിന്റെ അഭിരുചിക്കിണങ്ങിയ രീതിയിലാണ് പുതിയ ഷോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ തിരിച്ചുവരവിന്റെ പിന്നിൽ വലിയൊരു സൗഹൃദക്കഥ തന്നെയുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളിൽ ഉല്ലാസിന് എന്നും താങ്ങും തണലുമായി നിന്നത് അദ്ദേഹത്തിന്റെ കൂട്ടുകാരാണ്. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും അവരെല്ലാം ഉല്ലാസിനൊപ്പം കട്ടക്ക് കൂടെയുണ്ടായിരുന്നു. ഇപ്പോഴത്തെ ഈ തിരിച്ചുവരവിലും ആ കൂട്ടായ്മ അദ്ദേഹത്തിന് വലിയൊരു ശക്തിയാണ്.
ഉല്ലാസ് തിരിച്ചെത്തുന്നുവെന്ന വാർത്ത അറിഞ്ഞതുമുതൽ ആരാധകർ ആവേശത്തിലാണ്. ഇതിനോടകം തന്നെ നിരവധി വേദികളിൽ പുതിയ ഷോക്കായുള്ള ബുക്കിങ്ങുകൾ പൂർത്തിയായിക്കഴിഞ്ഞു. വരാനിരിക്കുന്ന ഓണക്കാലം ഉല്ലാസിനെയും അദ്ദേഹത്തിന്റെ പുതിയ ഷോയെയും സംബന്ധിച്ചിടത്തോളം വലിയ വിജയമായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഉല്ലാസ് പന്തളത്തിന്റെ കലാജീവിതം പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. കുട്ടിക്കാലം മുതൽ കലയോടും അഭിനയത്തോടും അതിയായ താല്പര്യമുണ്ടായിരുന്ന അദ്ദേഹം നാടകവേദികളിൽ നിന്നാണ് തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് പന്തളം ബാലന്റെ തിരുവനന്തപുരത്തുള്ള 'ഹാസ്യ' എന്ന പ്രശസ്തമായ ട്രൂപ്പിൽ ചേർന്നതോടെ അദ്ദേഹത്തിന്റെ കരിയർ വഴിമാറിനടന്നു.
അവിടെ നിന്നും പ്രൊഫഷണൽ മിമിക്രിയുടെയും സ്റ്റേജ് ഷോകളുടെയും ലോകത്തേക്ക് കാൽവെച്ച ഉല്ലാസ് ചുരുങ്ങിയ കാലംകൊണ്ട് കേരളക്കരയിലെ മുൻനിര കോമഡി താരങ്ങളിൽ ഒരാളായി മാറി. മിമിക്രി വേദികളിലെ പ്രകടനം അദ്ദേഹത്തിന് മലയാള സിനിമയിലേക്കുള്ള വഴിയും തുറന്നുകൊടുത്തു. കുട്ടനാടൻ മാർപ്പാപ്പ, നാം, ചിന്ന ദാദ, തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിൽ വേഷമിട്ടുകൊണ്ട് ചലച്ചിത്ര രംഗത്തും ഉല്ലാസ് തന്റെ സാന്നിധ്യമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.