ബില്ലി വില്യംസ്
റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി (1982) എന്ന ചിത്രത്തിന് അക്കാദമി അവാർഡ് നേടിയ പ്രശസ്ത ബ്രിട്ടീഷ് ഛായാഗ്രാഹകൻ ബില്ലി വില്യംസ് അന്തരിച്ചു. 96 വയസ്സായിരുന്നു. വിമൻ ഇൻ ലവ് (1969), ഓൺ ഗോൾഡൻ പോണ്ട് (1981), ഗാന്ധി (1982) എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം വില്യംസ് നിർവഹിച്ചിട്ടുണ്ട്.
1929ൽ ലണ്ടനിലെ വാൾത്താംസ്റ്റോയിലാണ് ബില്ലി ജനിച്ചത്. യുദ്ധകാല ഡോക്യുമെന്ററി ചിത്രകാരനും ഛായാഗ്രാഹകനായിരുന്ന പിതാവാണ് ബില്ലിയെ ചലച്ചിത്ര നിർമാണത്തിലേക്ക് കൊണ്ടുവന്നത്. 14 വയസ്സായപ്പോഴേക്കും ബില്ലി ഛായാഗ്രഹണത്തിന്റെ സാങ്കേതികവും കഥപറച്ചിലിന്റെ വശങ്ങളും പഠിച്ചു. റോയൽ എയർഫോഴ്‌സിൽ ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചതിനുശേഷം, ബില്ലി ഗതാഗത മന്ത്രാലയത്തിന് വേണ്ടി ഡോക്യുമെന്ററികൾ നിർമിക്കാൻ തുടങ്ങി. ഇത് ഫീച്ചർ സിനിമകളിലേക്കുള്ള വാതിലുകൾ അദ്ദേഹത്തിന് തുറന്നുകൊടുത്തു.
1965ൽ പുറത്തിറങ്ങിയ 'സാൻ ഫെറി ആൻ' എന്ന കോമഡിയിലൂടെയാണ് വഴിത്തിരിവ് സംഭവിക്കുന്നത്. താമസിയാതെ, സംവിധായകൻ കെൻ റസ്സലിനൊപ്പം 'വിമൻ ഇൻ ലവ്' (1969) എന്ന സിനിമയിൽ പ്രവർത്തിച്ചതിലൂടെ ബില്ലി അറിയപ്പെടാൻ തുടങ്ങി. വിമൻ ഇൻ ലവിന് അദ്ദേഹത്തിന് ആദ്യ ഓസ്കർ നോമിനേഷനും ലഭിച്ചു. വോയേജ് ഓഫ് ദി ഡാംഡ് (1976), സാറ്റേൺ 3 (1980), ഡ്രീംചൈൽഡ് (1985), ദി റെയിൻബോ (1989) എന്നിവയാണ് വില്യംസ് അഭിനയിച്ച മറ്റ് ചിത്രങ്ങൾ.
റിച്ചാർഡ് ആറ്റൻബറോയുടെ ഇതിഹാസമായ ഗാന്ധി എന്ന ചിത്രത്തിലൂടെയാണ് വില്യംസിന്റെ പ്രശസ്തി ഉയരുന്നത്. ഇന്ത്യയിൽ ചിത്രീകരണത്തിനിടെ ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും, ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചുള്ള ചിത്രീകരണം അദ്ദേഹത്തിന് 1983ലെ മികച്ച ഛായാഗ്രാഹകനുള്ള അക്കാദമി അവാർഡ് നേടിക്കൊടുത്തു. നിരവധി ബാഫ്റ്റകൾക്ക് നാമനിർദേശം ചെയ്യപ്പെട്ടു. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകൾ ലഭിച്ചു. 2009 ൽ ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ ആയി നിയമിതനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.