‘കാസ്റ്റിങ് കൗച്ചി’ന്റെ കാര്യത്തിൽ ആണും പെണ്ണും തമ്മിൽ വ്യത്യാസമില്ല; അനുഭവം പറഞ്ഞ് റിയാലിറ്റി ഷോ താരം

മുംബൈ: കരിയറിന്റെ തുടക്കത്തിൽ നേരിട്ട 'കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി 'ബിഗ് ബോസ്' സീസൺ 16 താരം ശിവ് താക്കറെ. മുംബൈയിലെത്തിയപ്പോഴാണ് സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ലൈംഗിക വേട്ടക്കാരെ ഭയക്കണമെന്ന് തിരിച്ചറിഞ്ഞതെന്ന് താരം വെളിപ്പെടുത്തി. റിയാലിറ്റി ഷോ, സിനിമാ ഓഡിഷനുകളിൽ പങ്കെടുത്തപ്പോൾ നേരിട്ട മോശം അനുഭവവും താരം വെളിപ്പെടുത്തി. 'ഹിന്ദുസ്ഥാൻ ടൈംസി'ന് നൽകിയ അഭിമുഖത്തിലാണ് ശിവ് മനസ് തുറന്നത്.

'ഒരിക്കൽ ആറം നഗറിൽ ഒരു ഓഡിഷനു പോയപ്പോൾ അയാളെന്നെ ബാത്‌റൂമിലേക്ക് കൊണ്ടുപോയി. ഇവിടെ മസാജ് സെന്ററുണ്ടെന്ന് പറഞ്ഞു അയാൾ. മസാജ് സെന്ററും ഓഡിഷനും തമ്മിലുള്ള ബന്ധം എനിക്ക് മനസിലായില്ല. ഓഡിഷനുശേഷം ഇവിടെവരെ വരൂ. വർക്കൗട്ടും ചെയ്യാമെന്നും അയാൾ പറഞ്ഞു.'-ശിവ് താക്കറെ വെളിപ്പെടുത്തി.

താൻ ഉടൻ സ്ഥലംവിടുകയാണ് ചെയ്തതെന്നും 33കാരൻ പറയുന്നു. അയാളൊരു കാസ്റ്റിങ് ഡയരക്ടറാണ്. അതിനാൽ, കൂടുതൽ കുഴപ്പത്തിന് നിന്നില്ല. ഞാൻ സൽമാൻ ഖാനൊന്നുമല്ല. എന്നാൽ, 'കാസ്റ്റിങ് കൗച്ചി'ന്റെ കാര്യത്തിൽ ആണും പെണ്ണും തമ്മിൽ വ്യത്യാസമില്ലെന്ന് തിരിച്ചറിഞ്ഞെന്നും ശിവ് പറഞ്ഞു.

മറ്റൊരു സ്ത്രീയിൽനിന്നും സമാനമായ അനുഭവമുണ്ടായതായി താരം പറഞ്ഞു. 'മുംബൈയിലെ ഫോർ ബംഗ്ലാവ്‌സിൽ ഒരു സ്ത്രീയുണ്ടായിരുന്നു. താനാണ് അവനെ താരമാക്കിയത്, ഇവനെ താരമാക്കിയത് എന്നെല്ലാം പറയും അവർ. ഒരു ദിവസം അവർ എന്നോട് രാത്രി 11 മണിക്കുശേഷം ഓഡിഷനു വരാൻ ആവശ്യപ്പെട്ടു. രാത്രി എന്ത് ഓഡിഷനാണ് നടക്കുന്നതെന്ന് എനിക്ക് മനസിലായില്ല. അതിനാൽ, എനിക്ക് വേറെ ചില പണിയുണ്ട്, വരാൻ പറ്റില്ലെന്ന് പറഞ്ഞു അവരോട്. പണിയൊന്നും വേണ്ടെ, ഇൻഡസ്ട്രിയിൽ നിനക്ക് പണി കിട്ടില്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും ശിവ് പറഞ്ഞു.

ബിഗ് ബോസ് സീസൺ 16ൽ റണ്ണറപ്പ് ആയിരുന്നു ശിവ് താക്കറെ. മുൻപ് ബിഗ് ബോസ് മറാത്ത പതിപ്പിൽ ജേതാവായിരുന്നു. ഉടൻ തന്നെ സിനിമയിലും അരങ്ങേറ്റം കുറിക്കുമെന്നാണ് താരം അടുത്തിടെ പ്രഖ്യാപിച്ചത്.

Tags:    
News Summary - Bigg Boss 16 star Shiv Thakare OPENS UP on casting couch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.