ഒ.ടി.ടി റിലീസായി എത്തിയ മിന്നൽ മുരളിയുടെ തിയറ്റർ റിലീസ് ഇനി എളുപ്പമല്ലെന്ന് ചിത്രത്തിന്റെ സംവിധായകനും നടനുമായ ബേസിൽ ജോസഫ്. തന്‍റെ ഏറ്റവും പുതിയ സിനിമയായ പൊന്മാന്റെ റിലീസുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. മിന്നൽ മുരളി റീ റിലീസ് ചെയ്യുമോ എന്ന ചോദ്യത്തിനോടായിരുന്നു പ്രതികരണം.
'ഈ സിനിമകളൊക്കെ പത്തിരുപത് വർഷം കഴിഞ്ഞാണല്ലോ റീ റിലീസായത്. ഒരു 20 വർഷം കഴിഞ്ഞ് അത് ആലോചിക്കാം. മിന്നൽ മുരളി തിയറ്ററിൽ റിലീസ് ചെയ്യുക എന്നത് എളുപ്പമല്ല. അത് നെറ്റ്ഫ്ലിക്സ് എന്ന കോർപ്പറേറ്റ് ഒ.ടി.ടിയുടെ കൈകളിലാണല്ലോ. നമുക്ക് ഒരു തീരുമാനമെടുക്കുക എന്നതിനപ്പുറം അതൊരു വലിയ കൂട്ടമാൾക്കാരുടെ തീരുമാനമാണ്. നമ്മളുടെ കയ്യിലല്ല അത്, അമേരിക്കയിലാണ്. കുറച്ച് പാടായിരിക്കും. ട്രംപ് വിചാരിക്കേണ്ടി വരും'- ബേസിൽ പറഞ്ഞു.
2021 ഡിസംബർ 24നാണ് നെറ്റ്ഫ്ലിക്സിൽ മിന്നൽ മുരളി റിലീസായത്.ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ ജയ്സൺ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്.ഗുരു സോമസുന്ദരം, ഫെമിന ജോർജ്, അജു വർഗീസ് ,ഷെല്ലി എന്നിവരായിരുന്നു മറ്റു താരങ്ങൾ. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.