ഗായിക ഗായത്രി ഹസാരിക

വൻകുടലിലെ അർബുദം; ചികിത്സയിലായിരുന്ന ആസാമീസ് ഗായിക 'ഗായത്രി ഹസാരിക' വിടവാങ്ങി

ന്യൂഡൽഹി: വൻകുടലിലെ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആസാമീസ് ഗായിക ഗായത്രി ഹസാരിക അന്തരിച്ചു. ഗുവാഹത്തിയിലെ നെംകെയർ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് ഗായത്രി മരണത്തിന് കീഴടങ്ങിയത്. 44 വയസ്സായിരുന്നു.

'അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗായത്രി ഹസാരിക നമ്മോട് വിടപറഞ്ഞു. മൂന്ന് ദിവസം മുമ്പ് ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഗായത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഐ.സി.യുവിൽ പ്രവേശിപ്പിക്കേണ്ടിവന്നു. അവിടെ വെച്ച് ഉച്ചയ്ക്ക് 2:15നാണ് മരണം സ്ഥിരീകരിച്ചതെന്ന് ഗായത്രിയെ ചികിൽസിച്ച ഡോ. ഹിതേഷ് ബറുവ മാധ്യമങ്ങളോട് പറഞ്ഞു.

ഗായത്രിയുടെ വിയോഗം സിനിമ സഹപ്രവർത്തകരെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. 'ഗായത്രി ഹസാരികയുടെ മധുരമായ ശബ്ദം ഇനിയില്ല. അത് അസമിനെ വളരെ പ്രതികൂലമായി ബാധിക്കും. ഗായത്രിയുടെ വിയോഗം ആഴത്തിലുള്ള ഒരു നിശബ്ദത അവശേഷിപ്പിക്കുന്നു.' എന്ന് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ഐമി ബാരിയ എക്‌സിൽ കുറിച്ചു. ചലച്ചിത്ര മേഖലയിലെ മറ്റ് പ്രമുഖരും വിയോഗത്തിൽ ദുഃഖം രേഖപെടുത്തിയിട്ടുണ്ട്.

ഗായത്രിയുടെ മൃതദേഹം വൈകുന്നേരം 6 മുതൽ രാത്രി 8 വരെ എ.എ.എസ്.യു ആസ്ഥാനമായ സ്വാഹിദ് ന്യാസിൽ പൊതുദർശനത്തിന് വെക്കും. ശേഷം ഇന്ന് രാത്രി തന്നെ നബഗ്രഹ ശ്മശാനത്തിൽ വെച്ച് അന്ത്യകർമങ്ങൾ നടക്കും.

Tags:    
News Summary - Assamese singer Gayatri Hazarika passes away after undergoing treatment for colon cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.