സിനിമയിൽ നിന്നും വർഷങ്ങളായി വിട്ടുനിൽക്കുകയാണെങ്കിലും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ നടി അസിൻ എപ്പോഴും സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ ഇതാ ഓണാഘോഷത്തിന്റെ മനോഹരമായ നിമിഷങ്ങളുമായി താരം വീണ്ടും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. മകൾ അരിൻ വളരെ സന്തോഷത്തോടെ പൂക്കളമിടുന്ന ചില ചിത്രങ്ങളാണ് അസിൻ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
പരമ്പരാഗത വേഷത്തിൽ തിളങ്ങിനിൽക്കുന്ന അരിൻ അത്യധികം താൽപ്പര്യത്തോടെ പൂക്കളം ഒരുക്കുന്ന കാഴ്ചയാണ് ചിത്രങ്ങളിലുള്ളത്. മകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി, ആഘോഷത്തിന്റെ മേൽനോട്ടം മുഴുവൻ അരിനെ ഏൽപ്പിച്ച് പിന്നിൽ മാറിനിൽക്കുകയാണ് അസിൻ. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള മനോഹരമായ പട്ടുപാവാടയാണ് അരിൻ ധരിച്ചത്.
മകൾ തനിയെ പൂക്കൾ വെച്ച് മനോഹരമായി പൂക്കളം തീർക്കുമ്പോൾ അച്ഛൻ രാഹുൽ ശർമ്മയും ഒപ്പമുണ്ടായിരുന്നു. അച്ഛനും മകളും പരസ്പരം പൂക്കൾ എറിഞ്ഞ് സന്തോഷം പങ്കിടുന്നതും ചിത്രങ്ങളിലുണ്ട്. ഈ സ്നേഹം തുളുമ്പുന്ന നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു.
തങ്ങളുടെ പ്രിയപ്പെട്ട നടിയുടെയും കുടുംബത്തിന്റെയും ഈ ആഘോഷക്കാഴ്ച കണ്ട് സന്തോഷം പങ്കുവെക്കുകയാണ് ആരാധകർ. സിനിമാലോകത്തുനിന്നും പൂർണ്ണമായും മാറിനിന്ന് കുടുംബത്തോടൊപ്പം സമാധാനപരമായ ജീവിതം നയിക്കുന്ന അസിൻ അപൂർവ്വമായി പങ്കുവെക്കുന്ന ഇത്തരം വിശേഷങ്ങൾ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. അരിൻ പെട്ടെന്ന് തന്നെ വലിയൊരു കുട്ടിയായെന്നും അസിനെ പോലെ തന്നെയാണെന്നും കുറിച്ചുകൊണ്ട് നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.