വിവാഹശേഷം സംഗീതജീവിതം ഉപേക്ഷിച്ച് വീട്ടിലൊതുങ്ങാനായിരുന്നത്രെ ഇന്ത്യയുടെ പ്രിയപാട്ടുകാരി ആശാ ഭോസ്ലേയുടെ ആഗ്രഹം. മൂത്ത മകൻ ഹേമന്ത് പിറന്നപ്പോൾ ഈ തീരുമാനത്തിൽ അവർ ഉറച്ചുനിന്നു. എന്നാൽ, ഭർത്താവ് ഭോസ്ലേ ആ ശബ്ദം നിശബ്ദമാകാൻ അനുവദിച്ചില്ല. പാട്ട് പാടണമെന്ന അദ്ദേഹത്തിന്റെ നിർബന്ധം കൊണ്ടാണ് ആശ വീണ്ടും സംഗീത ലോകത്തെത്തിയത്.
ചരിത്രകാരൻ രാജു ഭരതന്റെ ‘ആശാ ഭോസ്ലേ: എ മ്യൂസിക്കൽ ബയോഗ്രഫി’ എന്ന പുസ്തകത്തിലാണ് ആശാ ഭോസ്ലേയുടെ സംഗീതജീവിതം വെളിപ്പെടുത്തുന്നത്. 1974ൽ മികച്ച ഗായികക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയ അവരുടെ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന വിവരവും അധികം പേർക്കുമറിയില്ല. ‘പ്രാൺ ജായേ പർ വചൻ ന ജായേ’ എന്ന ചിത്രത്തിനുവേണ്ടി പാടിയ ‘ചൈൻ സോ ഹംകോ കഭീ ആപ് നേ ജീനേ നാ’ എന്ന ഗാനത്തിനായിരുന്നു ആശക്ക് അവാർഡ്. ഈ ഗാനം സിനിമയിൽ ഇടംപിടിച്ചില്ല. സംഗീതസംവിധായകൻ ഒ.പി നയ്യാർക്ക് വേണ്ടി ആശ പാടിയ അവസാന ഗാനവുമായിരുന്നു അത്. ആശയുടെയും നയ്യാറുടെയും ബന്ധത്തിെൻറ അവസാനനാളുകളിലാണ് ഗാനം ചെയ്തത്.
ഫിലിംഫെയർ അവാർഡ് വാങ്ങാൻ ആശ പോയതുമില്ല. തന്റെ ഏറ്റവും മികച്ച ഗായികക്കുവേണ്ടി പുരസ്കാരം വാങ്ങാൻ തയാറെന്നുപറഞ്ഞ് നയ്യാർ ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്. രാജു ഭരതന്റെ പുസ്തകം നയ്യാർ, എസ്.ഡി. ബർമൻ, ആർ.ഡി. ബർമൻ എന്നിവർക്കൊപ്പമുള്ള ആശയുടെ സംഗീതജീവിതമാണ് വരച്ചുകാട്ടുന്നത്. ‘ലതാ മങ്കേഷ്കർ: എ ബയോഗ്രഫി’, ‘നൗഷാദ്നാമ: ദ ലൈഫ് ആൻഡ് മ്യൂസിക് ഓഫ് നൗഷാദ്’ തുടങ്ങിയ പുസ്തകങ്ങളും രാജു ഭരതന്റേതായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.