എ.ആർ. റഹ്മാൻ

'ഞാന്‍ ജീവിച്ചിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു'; ആശുപത്രിയിലായതിന്‍റെ യഥാര്‍ഥ കാരണം വെളിപ്പെടുത്തി എ.ആർ. റഹ്മാൻ

സംഗീത സംവിധായകൻ എ.ആർ. റഹ്മാനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വാർത്ത അദ്ദേഹത്തിന്റെ ആരാധകരെ ആശങ്കപ്പെടുത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് സൂചിപ്പിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾകൂടി പരന്നതോടെ ആശങ്ക കൂടി. റഹ്മാൻ സുഖമായിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കുകയും പതിവ് പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തതിന് ശേഷമാണ് ആരാധകർക്ക് ആശ്വസിക്കാനായത്.

ഇപ്പോള്‍, റഹ്മാന്‍ തന്നെ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ യഥാര്‍ഥ കാരണം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു. വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന ഹൃദയംഗമമായ സന്ദേശങ്ങള്‍ ലഭിക്കുന്നത് നല്ല അനുഭവമായിരുന്നുവെന്നും അതിലൂടെ ആളുകള്‍ തന്നെക്കുറിച്ച് എത്രമാത്രം കരുതുന്നുവെന്നത് മനസ്സിലാക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ നോമ്പെടുക്കുന്നുണ്ടായിരുന്നു. എനിക്ക് ഗ്യാസ്ട്രിക് അറ്റാക്ക് വന്നാണ് ആശുപത്രിയിലായത്. ആളുകളില്‍ നിന്ന് ഇത്രയധികം മനോഹരമായ സന്ദേശങ്ങള്‍ ലഭിച്ചതും അവര്‍ ഞാന്‍ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കുന്നതും സന്തോഷകരമാണ്' -ഇന്ത്യാ ടുഡേയോട് അദ്ദേഹം പറഞ്ഞു.

പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് എ.ആർ റഹ്മാനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും ആൻജിയോഗ്രാം നടത്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ റഹ്‌മാന് അസ്വസ്‍സഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പരിശോധനക്ക് പോയതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചിരുന്നു. റമദാൻ വ്രതം മൂലം ശരീരത്തിൽ നിർജലീകരണം സംഭവിച്ചതാണ് കാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായും വക്താവ് അറിയിച്ചിരുന്നു.

Tags:    
News Summary - AR Rahman reveals real reason behind his recent hospitalisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.