ഇന്ത്യയിൽ തന്നെ ഏറ്റവും ആരാധകരുള്ള ദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും. പരസ്പര സ്നേഹവും ബഹുമാനവും കാരണം എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ് ഇവർ. അടുത്തിടെ വിരാട് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ അനുഷ്ക വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.
താൻ എന്നേക്കും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ചിയർ ലീഡർ ആയിരിക്കുമെന്ന് അതിൽ അവർ പറഞ്ഞു. എന്നാൽ ഇരുവരുടെയും ജോലി തിരക്കുകളും നിരന്തരമായ പൊതുജന ശ്രദ്ധയും കണക്കിലെടുക്കുമ്പോൾ ഒരുമിച്ച് സമയം ചെലവഴിക്കുന്നത് എളുപ്പമല്ലെന്നും താരങ്ങൾ വ്യക്തമാക്കുന്നു. വിവാഹത്തിന്റെ ആദ്യ ആറ് മാസങ്ങളിൽ തങ്ങൾ ഒരുമിച്ച് 21 ദിവസം മാത്രമേ ചെലവഴിച്ചുള്ളൂ എന്ന് അനുഷ്ക ഒരിക്കൽ വെളിപ്പെടുത്തി.
'ഞാൻ വിരാടിനെ സന്ദർശിക്കുമ്പോഴോ അദ്ദേഹം എന്നെ സന്ദർശിക്കുമ്പോഴോ ആളുകൾ കരുതുന്നത് അവധിക്കാലമാണെന്നാണ്, പക്ഷേ അത് അങ്ങനെയല്ല. ഒരാൾ എപ്പോഴും ജോലി ചെയ്യുന്നുണ്ട്. വാസ്തവത്തിൽ, ഞങ്ങളുടെ വിവാഹത്തിന്റെ ആദ്യ ആറ് മാസങ്ങളിൽ, ഞങ്ങൾ 21 ദിവസം ഒരുമിച്ച് ചെലവഴിച്ചു. അതെ, ഞാൻ യഥാർഥത്തിൽ കണക്കുകൂട്ടിയിരുന്നു. അതിനാൽ ഞാൻ അദ്ദേഹത്തെ സന്ദർശിക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണം ഒരുമിച്ച് കഴിക്കുക എന്നത് പ്രധനമാണ്. അത് ഞങ്ങൾക്ക് വിലപ്പെട്ട സമയമാണ്' -2020ൽ വോഗ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അനുഷ്ക പറഞ്ഞു.
അനുഷ്ക ശർമയുടെ സ്വാധീനത്തെക്കുറിച്ച് വിരാട് കോഹ്‌ലിയും വാചാലനാകാറുണ്ട്, തന്നെ ഒരു മികച്ച മനുഷ്യനാകാൻ അനുഷ്ക പ്രചോദിപ്പിക്കുന്നുണ്ട് വിരാട് പറയുന്നു. തനിക്കറിയാവുന്ന ഏറ്റവും അത്ഭുതകരമായ സ്ത്രീയോടൊപ്പം ജീവിതം ചെലവഴിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണെന്ന് കരുതുന്നു. എല്ലാ ദിവസവും പരസ്പരം സ്നേഹിച്ചുകൊണ്ടാണ് ജീവിക്കുന്നത്. തങ്ങളുടെ ബന്ധം എല്ലായ്പ്പോഴും സ്നേഹത്തെക്കുറിച്ചാണ്. കുറച്ച് വർഷങ്ങളായിട്ടല്ല, യുഗങ്ങളായി ഞങ്ങൾ പരസ്പരം അറിയുന്നവരാണെന്ന് തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു.
വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമയും 2017 ഡിസംബറിൽ ഇറ്റലിയിൽ വെച്ചാണ് വിവാഹിതരായത്. 2021 ജനുവരിയിൽ അവർക്ക് മകൾ വാമിക ജനിച്ചു. തുടർന്ന് 2024 ൽ മകൻ അകായ് ജനിച്ചു. പിന്നീട് കുടുംബം ലണ്ടനിലേക്ക് താമസം മാറി, പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ കുട്ടികളെ വളർത്താൻ കൂടുതൽ സ്വകാര്യമായ അന്തരീക്ഷം തേടിയാണ് മാറ്റമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.