അനുരാഗ് കശ്യപ്
ഇന്ത്യൻ തിയേറ്ററുകൾ സിനിമ അനുഭവത്തെ നശിപ്പിക്കുന്നതായി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ഫോർബ്‌സിന് നൽകിയ അഭിമുഖത്തിലാണ് ആരോപണം. അതിനാൽ താൻ കൂടുതലും ഫിലിം ഫെസ്റ്റിവലുകളിലാണ് സിനിമ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണേന്ത്യയിൽ സിനിമ ചെയ്യാൻ താൻ ഹിന്ദി സിനിമാലോകം വിടുകയാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
സ്വതന്ത്ര സിനിമകളുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ ഭാവിയിലേക്ക് നോക്കുന്നത് നിർത്തിയെന്ന് അദ്ദേഹം പറഞ്ഞു. താനോ മറ്റ് സിനിമാക്കാരോ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ സംസാരിക്കാം. പക്ഷേ ഭാവിയെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. ബിഗ് സ്‌ക്രീനിൽ സിനിമകൾ കാണാൻ ഇഷ്ടമുള്ളതിനാൽ ഒരു ഫിലിം മേക്കർ ആകാൻ ആഗ്രഹിച്ചു. ഇടവേളകൾ വരുത്തുന്ന തടസങ്ങൾ താൻ ഇഷ്ടപ്പെടുന്നില്ലെന്നും അത് സിനിമ അനുഭവത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയോട് തികഞ്ഞ സ്നേഹമുണ്ടെന്നും ജീവിതകാലം മുഴുവൻ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അനുരാഗ് കശ്യപ് പറഞ്ഞു. പിന്നീട് ചെയ്യുന്നതെല്ലാം വ്യതിരക്ത ശബ്ദങ്ങളുടെ സിനിമാക്കാരെ പിന്തുണക്കുക എന്നതാണ്. കോടികൾ മുടക്കി സിനിമകൾ നിർമിക്കുന്ന സിനിമാക്കാരുമായി എന്തിനാണ് തന്നെ താരതമ്യം ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
അനുരാഗിന്‍റെ ചിത്രമായ കെന്നഡി കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രശംസ നേടിയെങ്കിലും റിലീസ് ചെയ്തട്ടില്ല. അതിനുശേഷം ലിയോ, മഹാരാജ, വിടുതലൈ 2 എന്നിവയുൾപ്പെടെ ഏതാനും ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.