ബോളിവുഡ് സിനിമയും മുംബൈയും വിട്ടെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് ഇക്കാര്യം പറഞ്ഞത്. ദക്ഷിണേന്ത്യയിലേക്ക് താമസം മാറി ഇവിടെ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇൻഡസ്ട്രിയിൽ നിന്ന് അകന്ന് നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബോളിവുഡ് വളരെയധികം വിഷലിപ്തമായിരിക്കുന്നു. 500 കോടിയും 800 കോടിയുമെല്ലാം കളക്ഷൻ നേടാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. ക്രിയേറ്റിവ് ആയ അന്തരീക്ഷം ഇവിടെയില്ല'. അനുരാഗ് കശ്യപ് പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ ബോളിവുഡിൽ നിന്ന് മാറി നിൽക്കാനും ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള താത്പര്യം അനുരാഗ് കശ്യപ് പ്രകടിപ്പിച്ചിരുന്നു.
ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബിലെ അനുരാഗ് കശ്യപിന്‍റെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. വിജയ് സേതുപതി നായകനായ മഹാരാജ എന്ന ചിത്രത്തിലെ അനുരാഗിന്റെ വേഷവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
നിലവിൽ ഫൂട്ടേജ് എന്ന മലയാള ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പിന്റെ പ്രചാരണ തിരക്കുകളിലാണ് അനുരാഗ് കശ്യപ്. സൈജു ശ്രീധരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർ, വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നത്. മാർച്ച് ഏഴിന് ചിത്രം തിയേറ്ററിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.