നിങ്ങൾക്കറിയാമോ? സത്യജിത് റേയുടെ 1977ലെ ഐക്കോണിക്ക് ഹിന്ദി മാസ്റ്റർപീസ് 'ഷത്രഞ്ച് കെ ഖിലാരി'യുടെ ആഖ്യാതാവായിരുന്നു അമിതാഭ് ബച്ചൻ. 'ദി ചെസ്സ് പ്ലെയേഴ്‌സ്' എന്ന് വിവർത്തനം ചെയ്യപ്പെട്ട ഷത്രഞ്ച് കെ ഖിലാരി സത്യജിത് റേയുടെ ഒരേയൊരു മുഴുനീള ഹിന്ദി ചിത്രമാണ്. മുൻഷി പ്രേംചന്ദിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം 1856ലെ ലഖ്‌നൗവിൽ നടക്കുന്ന സമ്പന്ന കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്.
1856ൽ ലഖ്നൗവിലെ നവാബിന്‍റെ ഭരണത്തിന്‍റെ അവസാന കാലഘട്ടത്തിലെ സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളും അവധ് പ്രഭുക്കന്മാരുടെ അധഃപതനവും ബ്രിട്ടീഷ് സാമ്രാജ്യം പിടിച്ചടക്കിയതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അമിതാഭ് ബച്ചൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും തന്‍റെ ശബ്ദത്തിലൂടെ ഏറെ ശ്രദ്ധേയമാക്കി. അദ്ദേഹത്തിന്റെ ആഴമേറിയതും അനുരണനപരവുമായ ശബ്ദം കഥയുടെ രാഷ്ട്രീയ പശ്ചാത്തലവും അവധിന്റെ പതനവും എടുത്ത് കാണിക്കുന്നു.
വലിയ താരനിര ഉണ്ടായിരുന്നിട്ടും ബച്ചന്റെ ആഖ്യാനം സിനിമയുടെ മികച്ച ഘടകമായി തുടരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്ര നിർമാതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന സത്യജിത് റേയും ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറായ അമിതാഭ് ബച്ചനും തമ്മിലുള്ള സൗഹൃദം അസാധാരണവും ആകർഷകവുമായിരുന്നു. സത്യജിത് റേയെ മഹാനായ മനുഷ്യൻ എന്നാണ് ബച്ചൻ വിശേഷിപ്പിച്ചിരുന്നത്. മനേക് ഡാ എന്നാണ് ബച്ചൻ റേയെ വിളിച്ചിരുന്നത്. റേയുടെ ഒരു സിനിമയിലും ബച്ചൻ അഭിനയിച്ചിട്ടില്ലെങ്കിലും ഷത്രഞ്ച് കെ ഖിലാരിയിലൂടെ തന്‍റെ ശബ്ദം നൽകി.
ഫെരൂദയുടെ വേഷത്തിനായി ബച്ചനെ പരിഗണിച്ചെങ്കിലും തന്റെ തിരക്കേറിയ ഷെഡ്യൂൾ കാരണം ആ വേഷം ചെയ്യാൻ കഴിഞ്ഞില്ലെന്നും ബച്ചൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. റേയുടെ മുറി സന്ദർശിച്ചതിനെക്കുറിച്ചുള്ള കഥകളും ബച്ചൻ പങ്കുവെച്ചിട്ടുണ്ട്. പുസ്തകങ്ങളും പേപ്പറുകളും നിറഞ്ഞതും എന്നാൽ റേയുടെ മനസ്സിൽ കുറ്റമറ്റ രീതിയിൽ ക്രമീകരിച്ചതുമായ ഒരു മനോഹരമായ ഇടമാണിതെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഷത്രഞ്ച് കെ ഖിലാരി 51-ാമത് അക്കാദമി അവാർഡുകളിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ എൻട്രിയായിരുന്നെങ്കിലും പക്ഷേ നാമനിർദേശം ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.