2000ൽ കരീന കപൂറുമൊത്ത് റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് ബച്ചൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ജെ. പി. ദത്തയായിരുന്നു ചിത്രത്തിന്‍റെ സംവിധായകൻ. 2000 ജൂൺ 30നാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ അഭിഷേക് തന്‍റെ സിനിമ ജീവിതത്തിന്‍റെ 25ാം വാർഷികം ആഘോഷിക്കുന്ന സമയത്ത് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് മുതിർന്ന നടനും അഭിഷേകിന്‍റെ പിതാവുമായ അമിതാഭ് ബച്ചൻ. അഭിഷേകിനെക്കുറിച്ചുള്ള എക്സ് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അമിതാഭ് ബച്ചൻ.
'ഞാൻ എന്‍റെ മകനെ അഭിനന്ദിക്കുന്നു. അതെ, ഞാൻ അവന്‍റെ പിതാവാണ്, എന്നെ സംബന്ധിച്ച് അഭിഷേക് പ്രശംസ അർഹിക്കുന്നുണ്ട്', - അമിതാഭ് ബച്ചൻ എഴുതി. വെല്ലുവിളി നിറഞ്ഞ സിനിമകളും വേഷങ്ങളും തെരഞ്ഞെടുക്കാൻ ധൈര്യപ്പെടുന്ന അഭിഷേക് ബച്ചനെ പ്രശംസിച്ചുകൊണ്ട് മുമ്പ് അമിതാഭ് ബച്ചൻ തന്റെ സ്വകാര്യ ബ്ലോഗിൽ ഒരു ഹൃദയസ്പർശിയായ കുറിപ്പ് എഴുതിയിരുന്നു.
'അദ്ദേഹം അഭിനയിച്ച ഓരോ വേഷവും വളരെയധികം സമർപണത്തോടെയാണ് ചെയ്തത്. കഥാപാത്രത്തെ പൂർണതയിലെത്തിക്കാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാൻ അവസരം നൽകാൻ അദ്ദേഹം തെരഞ്ഞെടുത്ത സിനിമകളും വേഷങ്ങളും അദ്ദേഹത്തെ പ്രേരിപ്പിച്ചു' -എന്ന് അതിൽ പറയുന്നു.
ഏതേസമയം, അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രം ഹൗസ്ഫുൾ 5 ആണ്. അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ്, ജാക്വലിൻ ഫെർണാണ്ടസ്, നർഗീസ് ഫക്രി, സോനം ബജ്‌വ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജൂൺ ആറിന് പുറത്തിറങ്ങിയ ചിത്രം നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 2010 ൽ ആരംഭിച്ച ഹൗസ്ഫുൾ ഫ്രാഞ്ചൈസിയുടെ അഞ്ചാമത്തെ ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.