രാജ്യമെമ്പാടുമുള്ള സിനിമാപ്രേമികൾക്കിടയിൽ ഏറെ പ്രിയപ്പെട്ടയാളാണ് ഇതിഹാസ ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. താരത്തിന്‍റെ ഏറ്റവും പുതിയ ഫെയിസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമത്തിൽ വൈറലാണ്. പ്രത്യേകിച്ച് മലയാളികൾക്കിടയിൽ. മലയളത്തിൽ ഓണാശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റാണ് ഇന്ന് അമിതാഭ് ബച്ചൻ പങ്കുവെച്ചത്. ഒരാഴ്ചക്ക് മുമ്പുള്ള ഓണത്തിന് താരം ഇന്ന് ആശംസകളുമായി എത്തിയത് ട്രോളുകൾക്ക് കാരണമായി. അതോടെ പോസ്റ്റ് തിരുത്തി ക്ഷമാപണം നടത്തിയിരിക്കുകയാണ് ബച്ചൻ.
'ഓണം കഴിഞ്ഞു എന്നും എന്റെ സോഷ്യൽ മീഡിയ ഏജന്റ് തെറ്റായതോ കാലഹരണപ്പെട്ടതോ ആയ ഒരു പോസ്റ്റ് നൽകിയിട്ടുണ്ടെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.. എന്നാൽ.. ഒരു ഉത്സവ സന്ദർഭം ഒരു ഉത്സവ സന്ദർഭം തന്നെയാണ്.. അതിന്റെ ആത്മാവിന് ഒരിക്കലും കാലഹരണപ്പെടാൻ കഴിയില്ല.. കൂടാതെ.. എന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്യുന്നത് ഞാൻ തന്നെയാണ്.. എനിക്ക് ഒരു ഏജന്റുമില്ല.. ക്ഷമിക്കണം..' -എന്നതാണ് ക്ഷമാപണം നടത്തി അമിതാഭ് ബച്ചൻ പങ്കുവെച്ച പോസ്റ്റ്.
വെള്ള ഷർട്ടും കസവ് കരയുള്ള മുണ്ടും ധരിച്ച ചിത്രവും അമിതാഭ് ബച്ചൻ ആശംസകളോടൊപ്പം പങ്കുവെച്ചിരുന്നു. മലയാളത്തിൽ നിരവധി കമന്‍റുകളാണ് താരത്തിന്‍റെ പോസ്റ്റിന് വരുന്നത്. 'താങ്കൾക്കും ഓണാശംസകൾ പക്ഷേ ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി സാർ', 'ഓണം ഒക്കെ കഴിഞ്ഞു, പോയിട്ട് അടുത്ത വർഷം വാ', 'ഇത്ര പെട്ടന്ന് വേണോ, ഇനിയും ഒരു വർഷം കൂടി ഉണ്ട്', എന്നൊക്കെയുള്ള കമന്‍റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.