അംബിക, വിജയ്,തൃഷ
വിജയ്‌ക്കൊപ്പം പൊതു വേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ തൃഷ ശ്രദ്ധിക്കണം; സൗഹൃദത്തിന് മറ്റൊരു നിറം നൽകരുതെന്ന് അംബിക
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌ക്കൊപ്പമുള്ള നടി തൃഷ കൃഷ്ണന്റെ പൊതുവേദികളിലെ പ്രത്യക്ഷപ്പെടൽ വീണ്ടും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്. യു.കെയിലെ സിൽവർസ്റ്റോണിൽ നടന്ന അജിത് കുമാറിന്റെ ലെ മാൻസ് കപ്പ് റേസിലാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. റേസ് ഫ്ലാഗ് ഓഫ് ചെയ്യാൻ എത്തിയ വിജയ്‌ക്കൊപ്പം തൃഷയും മത്സരം കാണുന്ന വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നതോടെയാണ് ഇരുവരുടെയും ദീർഘകാല സൗഹൃദത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്.
ഈ ചർച്ചകൾക്കിടെയാണ് മുതിർന്ന നടി അംബിക വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചത്. റെഡ്പിക്സിന് നൽകിയ അഭിമുഖത്തിലാണ് അംബിക മനസ് തുറന്നത്. ഒരാൾ ഉയർന്ന സ്ഥാനത്ത് എത്തി എന്നതുകൊണ്ട് മാത്രം അവരുടെ സൗഹൃദത്തിന് മറ്റൊരു അർത്ഥം നൽകരുതെന്ന് അംബിക പറഞ്ഞു. പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന സുഹൃത്തിനെക്കുറിച്ച് മോശം അഭിപ്രായങ്ങൾ വരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ താൻ വ്യക്തിപരമായി ഒഴിവാക്കുമെന്നും അവർ വ്യക്തമാക്കി.
‘ഞാൻ തൃഷയുടെ സ്ഥാനത്തായിരുന്നെങ്കിൽ, നെഗറ്റീവ് വിമർശനങ്ങൾ വരുമെന്ന് അറിഞ്ഞാൽ ഞാൻ ഒപ്പം പോകുന്നത് ഒഴിവാക്കും. ഇത് എന്റെ അഭിപ്രായമാണ്. സൗഹൃദത്തിന് വില നൽകണം, എന്നാൽ നമ്മൾ ശ്രദ്ധാലുക്കളായിരിക്കണം’ അംബിക പറഞ്ഞു.
‘എന്റെ സാന്നിധ്യം വിമർശനത്തിന് ഇടയാക്കുമെങ്കിൽ പോകില്ല’രണ്ട് പേർ സുഹൃത്തുക്കളായിരിക്കുമ്പോൾ, അതിലൊരാൾ ജീവിതത്തിൽ ഉയർന്ന സ്ഥാനത്ത് എത്തിയാൽ ആ സൗഹൃദം ഉപേക്ഷിക്കാൻ കഴിയില്ലെന്നും അംബിക കൂട്ടിച്ചേർത്തു. ‘അത്തരമൊരു സാഹചര്യത്തിൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാൻ കഴിയും, എന്നാൽ മറ്റൊരാൾ എന്ത് ചെയ്യണമെന്നോ ചെയ്യരുതെന്നോ നമുക്ക് പറയാൻ കഴിയില്ല.
ഒരു പ്രത്യേക സ്ഥലത്ത് ഒരു സുഹൃത്തിനൊപ്പമുള്ള എന്റെ സാന്നിധ്യം അനാവശ്യ വിമർശനത്തിന് ഇടയാക്കുമെങ്കിൽ, ഞാൻ പോകാതിരിക്കാൻ ശ്രമിക്കും അംബിക വിശദീകരിച്ചു.
വിജയ്‌യും തൃഷയും തമ്മിലുള്ള സിനിമാ ബന്ധം 2004ൽ പുറത്തിറങ്ങിയ 'ഗില്ലി'യിലൂടെ ആരംഭിച്ചതാണ്. പിന്നീട് 'തിരുപ്പാച്ചി', 'ആതി', 'കുരുവി', 'ലിയോ' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു. സിനിമക്ക് പുറത്തും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്.
മെയ് മാസത്തിൽ നടന്ന വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിലും തൃഷ പങ്കെടുക്കുകയും അദ്ദേഹത്തിന്റെ കുടുംബവുമായി സംവദിക്കുകയും ചെയ്തിരുന്നു. ഇരുവരെക്കുറിച്ചും പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഇതുവരെ ഇരുവരും പരസ്യമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.