20 വർഷങ്ങൾക്ക്ശേഷം വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും; ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ആഘോഷത്തിന്‍റെ വിഡിയോ വൈറൽ
പ്രശസ്ത തമിഴ് താരങ്ങളായ സൂര്യയും ജ്യോതികയും തങ്ങളുടെ വിവാഹ ജീവിതത്തിന്റെ 20 വർഷങ്ങൾ പൂർത്തിയാക്കിയ സന്തോഷം വളരെ ഹൃദ്യമായ രീതിയിൽ ആഘോഷിച്ചിരിക്കുന്നു. പരസ്പരം നൽകിയ വിവാഹ വാഗ്ദാനങ്ങൾ ഇരുവരും വീണ്ടും പുതുക്കിയിരിക്കുകയാണ്. വിദേശത്തുള്ള ഒരു ക്രിസ്ത്യൻ പള്ളിയിൽ വെച്ച് വളരെ ലളിതമായും എന്നാൽ വൈകാരികമായും നടന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ ദമ്പതികൾ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തുന്നത്.
ഈ പ്രത്യേക നിമിഷത്തിമ് സാക്ഷികളായി മക്കളായ ദിയയും ദേവും, സൂര്യയുടെ സഹോദരനും നടനുമായ കാർത്തി ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ചടങ്ങിൽ അതിമനോഹരമായ ഒരു വെള്ള ഗൗണിലാണ് ജ്യോതിക എത്തിയത്. ഒപ്പം വെള്ള സ്യൂട്ട് ജാക്കറ്റും കറുത്ത പാന്റും ധരിച്ച് അതിസുന്ദരനായാണ് സൂര്യയും എത്തിയത്.
തങ്ങളുടെ രണ്ടു പതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതത്തെക്കുറിച്ച് ജ്യോതിക പങ്കുവെച്ച വാക്കുകൾ ഏറെ ശ്രദ്ധേയവും ഹൃദയസ്പർശിയുമാണ്. 'ഇത് എല്ലാം തികഞ്ഞ ഒരു ദാമ്പത്യത്തിന്റെ ആഘോഷമല്ല, മറിച്ച് അപൂർണ്ണതകളുടെയും ഒത്തുതീർപ്പുകളുടെയും പരസ്പര ധാരണയുടെയും നിസ്വാർത്ഥ സ്നേഹത്തിന്റെയും ആഘോഷമാണ്,' എന്ന് അവർ കുറിച്ചു. എല്ലാ ദിവസവും രാവിലെ തന്നെ സ്നേഹത്തോടെ സംരക്ഷിക്കുന്ന, തന്റെ മക്കളുടെ ജീവിതത്തിന് അർത്ഥം നൽകിയ ഒരു മനുഷ്യനൊപ്പം ഉണരാൻ കഴിയുന്നതിൽ നന്ദിയുണ്ടെന്നും അവർ പറയുന്നു.
1999-ൽ പുറത്തിറങ്ങിയ 'പൂവെല്ലാം കേട്ടുപ്പാർ' എന്ന ചിത്രത്തിലൂടെയാണ് സൂര്യയും ജ്യോതികയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. പിന്നീട് 'കാക്ക കാക്ക', 'പേരഴകൻ', 'സില്ലിലന് ഒരു കാതൽ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ നായികാ നായകന്മാരായി അഭിനയിച്ചു. തുടർന്ന് 2006-ൽ വിവാഹിതരായ ഇവർ തമിഴ് സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട താരജോടികളായി ഇന്നും ആരാധകരുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നു. അടുത്ത 20 വർഷങ്ങളിലേക്കും ഇതേ സ്നേഹത്തോടെയും കൂട്ടായ്മയോടെയും മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് ഈ പ്രിയതാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.