ആലിയ ഭട്ട് കുടുംബത്തോടൊപ്പം
‘അതിരറ്റ സ്നേഹവും ആശങ്കയും’: മാതൃത്വത്തെക്കുറിച്ച് ആലിയ ഭട്ട്; പെൺകുഞ്ഞ് വേണമെന്നത് രൺബീറിന്റെ ആഗ്രഹം
മാതൃത്വത്തിന്റെ സന്തോഷങ്ങളും വെല്ലുവിളികളും തുറന്നുപറഞ്ഞ് ബോളിവുഡ് താരം ആലിയ ഭട്ട്. മകൾ റാഹ കപൂറിനെ വളർത്തുന്നത് ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് എങ്ങനെ മാറ്റിയെന്ന് നടി വെളിപ്പെടുത്തി. ജയ് ഷെട്ടിയുടെ 'ഓൺ പർപ്പസ്' പോഡ്കാസ്റ്റിലാണ് ആലിയ മനസ് തുറന്നത്. തന്റെ മാതൃത്വ അനുഭവങ്ങളെക്കുറിച്ചും ഭർത്താവ് രൺബീർ കപൂറും മകളും തമ്മിലുള്ള ഹൃദയസ്പർശിയായ ബന്ധത്തെക്കുറിച്ചും താരം സംസാരിച്ചു.
മാതൃത്വത്തിന്റെ ആദ്യ ദിനങ്ങൾ താൻ വിലമതിച്ചിരുന്നുവെന്നും, ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടായിരുന്നിട്ടും, റാഹ എല്ലാത്തിനും തന്നെ ആശ്രയിച്ചിരുന്നുവെന്നും ആലിയ പറഞ്ഞു. ശക്തമായ പിന്തുണാ സംവിധാനം ഉണ്ടായിരുന്നിട്ടും, മാതൃത്വം അപാരമായ സ്നേഹവും നിരന്തരമായ ആശങ്കയും കൊണ്ടുവരുന്നുവെന്ന് ആലിയ പറഞ്ഞു.
‘അങ്ങേയറ്റത്തെ സ്നേഹവും അങ്ങേയറ്റത്തെ ആശങ്കയും തോന്നുന്ന മനോഹരമായ ഒരു സംയോജനമാണിത്. കുട്ടി വളരുമ്പോൾ അമ്മയുടെ ആശങ്ക ഇല്ലാതാകുന്നില്ല. അത് രൂപം മാറുന്നു. റാഹ വളരുമ്പോൾ അവൾക്കൊപ്പം ഉണ്ടായിരിക്കാൻ താൻ ശ്രമിക്കുന്നുവെന്നും, തനിക്ക് തികഞ്ഞ ഒരു രക്ഷിതാവാകാൻ കഴിയില്ലെന്ന് അംഗീകരിക്കുന്നുവെന്നും’ ആലിയ പറഞ്ഞു.
ഭർത്താവ് രൺബീർ കപൂറും മകൾ റാഹയും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് ആലിയ ഭട്ട് സംസാരിച്ചു. ‘പെൺകുഞ്ഞിന്റെ അച്ഛനാകാൻ രൺബീർ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഉള്ളിന്റെയുള്ളിൽ അത്രത്തോളം തീവ്രമായിരുന്നു ആ ആഗ്രഹം’ ആലിയ പറഞ്ഞു.
തങ്ങൾക്കിടയിലുള്ള പ്രത്യേക സൗഹൃദത്തെക്കുറിച്ചും ആലിയ മനസ്സ് തുറന്നു. രൺബീറാണ് മകൾ റാഹയുടെ കുസൃതികളെല്ലാം പുറത്തുകൊണ്ടുവരുന്നത്. അവൻ അവളെ നോക്കുമ്പോൾ ആ കണ്ണുകളിൽ നക്ഷത്രത്തിളക്കം കാണാം. രൺബീറിന് മകളോടുള്ള സ്നേഹം കാണുന്നത് വളരെ പ്രത്യേകതയുള്ള ഒരു അനുഭവമാണെന്നും ആലിയ കൂട്ടിച്ചേർത്തു.
മകൾ റാഹക്കായി വ്യത്യസ്തമായൊരു സമ്മാനം ഒരുക്കുകയാണ് ആലിയ. മാസംതോറുമുള്ള ഫോട്ടോകളും വിഡിയോകളും പ്രത്യേക നിമിഷങ്ങളെക്കുറിച്ചുള്ള കുറിപ്പുകളുമെല്ലാം ഉൾപ്പെടുത്തി ഒരു "ലൈവ് മെമ്മറി ബുക്ക്" തയാറാക്കുകയാണ് താരം. ഇതിനായി റാഹയുടെ പേരിൽ ഒരു ഇമെയിൽ അക്കൗണ്ട് ആലിയ സൂക്ഷിക്കുന്നുണ്ട്.
കുഞ്ഞിന് ഏകദേശം 15 വയസ്സാകുമ്പോൾ ഈ ശേഖരം മുഴുവൻ റാഹക്ക് കൈമാറാനാണ് ആലിയയുടെ തീരുമാനം. ‘കേൾക്കൂ, വർഷങ്ങളായി ഞങ്ങൾ നിനക്കായി ശേഖരിച്ച ഓർമകളെല്ലാം ഇതാ, മുന്നോട്ട് പോയി ആസ്വദിക്കൂ’ എന്ന് റാഹയോട് പറയാൻ കഴിയുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് ആലിയ പറയുന്നു. കുടുംബ ചിത്രങ്ങൾ, യാത്രകൾ, ദൈനംദിന വിശേഷങ്ങൾ എന്നിവക്കൊപ്പം രൺബീർ കപൂറും റാഹയും ഒരുമിച്ചുള്ള അമൂല്യ നിമിഷങ്ങളും ഈ ഡിജിറ്റൽ മെമ്മറി ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാതൃത്വം തന്റെ സഹാനുഭൂതിയെ കൂടുതൽ ആഴത്തിലാക്കിയെന്നും മറ്റുള്ളവർ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളെക്കുറിച്ച് കൂടുതൽ ബോധവതിയാക്കിയെന്നും ആലിയ പറഞ്ഞു. മാതൃത്വം സ്വന്തം മാതാപിതാക്കളെ നന്നായി മനസ്സിലാക്കാൻ സഹായിച്ചുവെന്നും ശ്രദ്ധാലുവായിരിക്കാനും സ്വയം ശ്രദ്ധിക്കാനും അമ്മ നിരന്തരം ഓർമിപ്പിച്ചത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായെന്നും, പ്രായം എത്രയായാലും കുട്ടിയോടുള്ള രക്ഷിതാവിന്റെ ആശങ്ക ഒരിക്കലും മങ്ങില്ലെന്ന് മനസ്സിലായെന്നും താരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.