'കേരളത്തിൽ നിന്നും വശീകരണപ്പൊടി കൊണ്ടുവന്ന് കേക്കിൽ കലർത്തി കഴിപ്പിച്ചു'; അതിര് കടന്ന ആരാധനയെക്കുറിച്ച് ചിരഞ്ജീവി

തെലുങ്ക് സിനിമയുടെ അതുല്യ പ്രതിഭയും ആരാധകർ മെഗാസ്റ്റാർ എന്ന് സ്നേഹത്തോടെ വിളിക്കുകയും ചെയ്യുന്ന നടനാണ് ചിരഞ്ജീവി. ഏതൊരു സിനിമ താരത്തെയും എന്നതിലുപരി ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം സിനിമ സെറ്റിൽവെച്ച് തരത്തിന് ഉണ്ടായിട്ടുണ്ട്. 1988-ൽ മദ്രാസിൽ വെച്ച് 'മരണ മൃദംഗം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഒരു ആരാധകൻ നടനെ അപായപ്പെടുത്താൻ ശ്രമിച്ചത്. കേക്കിൽ വിഷം കലർത്തി നൽകി ചിരഞ്ജീവിയെ കൊല്ലാനോ അല്ലെങ്കിൽ വേദനിപ്പിക്കാനോ ആയിരുന്നു ആ ആരാധകൻ ശ്രമിച്ചത്. എങ്കിലും ചിരഞ്ജീവിയുടെ ജാഗ്രത കാരണം ആ വലിയ ദുരന്തം തലനാരിഴക്കാണ് ഒഴിവായത്.

എ സോന്ദരാമി റെഡ്ഡി സംവിധാനം ചെയ്ത് ഇളയരാജ സംഗീതം നൽകിയ മരണ മൃദംഗം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വച്ചായിരുന്നു ഈ സംഭവം നടന്നത്. അന്നദ്ധേഹം നൂറിലധികം സിനിമകളിൽ അഭിനയിച്ച് തെലുങ്ക് സിനിമയിലെ മുൻനിര നായകനായി വളർന്നുവരുന്ന സമയമായിരുന്നു അത്. ഷൂട്ടിങ് ഇടവേളകളിൽ താരത്തെ കാണാൻ ആരാധകർ വരുന്നത് സാധാരണമായിരുന്നു. അത്തരത്തിൽ ഒരു ആരാധകൻ തന്റെ ജന്മദിനമാണെന്ന് പറഞ്ഞ് ചിരഞ്ജീവിയുടെ അടുക്കൽ കേക്കുമായി എത്തുകയും താരം അത് മുറിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

ആരാധകരുടെ സ്നേഹപ്രവാഹത്തിന് നടുവിലായിരുന്ന ചിരഞ്ജീവി ഒട്ടും സംശയിക്കാതെ കേക്കിന്റെ ഒരു കഷ്ണം കടിച്ചെടുത്തു. എന്നാൽ കടിച്ചയുടൻ തന്നെ അതിന് അസാധാരണമായ കയ്പ് അനുഭവപ്പെടുകയും താരത്തിന്റെ ചുണ്ടുകൾ നീല നിറമാവുകയും ചെയ്തു. സംശയം തോന്നിയ അദ്ദേഹം ഉടൻ തന്നെ കേക്ക് തുപ്പിക്കളയുകയും ചെയ്തു. തുടർന്ന് സെറ്റിലുണ്ടായിരുന്നവരെ വിവരം അറിയിക്കുകയും കേക്ക് പരിശോധിച്ചപ്പോൾ അതിൽ അപകടകരമായ ഒരു വസ്തു കലർത്തിയിട്ടുണ്ടെന്ന് വ്യക്തമാവുകയും ചെയ്തു. ഡോക്ടർമാർ പരിശോധിച്ചെങ്കിലും താരം വളരെ കുറച്ചുമാത്രമേ കഴിച്ചിരുന്നുള്ളൂ എന്നതിനാൽ വലിയ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തി.

വർഷങ്ങൾക്ക് ശേഷം 2023-ൽ നൽകിയ ഒരു അഭിമുഖത്തിലാണ് ചിരഞ്ജീവി ഈ സംഭവത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയത്. ആ ആരാധകന്റെ ഉദ്ദേശ്യം ചിരഞ്ജീവിയെ കൊല്ലുകയായിരുന്നില്ല, മറിച്ച് കേരളത്തിൽ പോയി 'വശീകരണപ്പൊടി' സംഘടിപ്പിച്ച് അത് തന്നെകൊണ്ട് കഴിപ്പിച്ച് ചൊൽപ്പടിയിൽ ആക്കുക എന്നതായിരുന്നു. തന്നോട് താരം അകലം പാലിക്കുന്നുവെന്നും തനിക്ക് അർഹമായ ശ്രദ്ധ നൽകുന്നില്ലെന്നും തോന്നിയ ആ ആരാധകൻ ഈ താന്ത്രിക വഴിയിലൂടെ തങ്ങൾ തമ്മിൽ പ്രത്യേക ബന്ധം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.

തന്നോട് ചെയ്തത് വലിയൊരു തെറ്റാണെങ്കിലും അയാൾ എന്റെ ഒരു ആരാധകനല്ലേ എന്ന് കരുതി താൻ അയാളെ വെറുതെ വിടുകയാണുണ്ടായതെന്ന് ചിരഞ്ജീവി പിന്നീട് വ്യക്തമാക്കി. ആരാധകന്റെ അന്ധമായ ഭ്രാന്തും തെറ്റായ ആരാധനയുമാണ് ഈ അപകടകരമായ നീക്കത്തിന് പിന്നിലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

കൗതുകകരമായ മറ്റൊരു കാര്യം, ഈ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയ 'മരണ മൃദംഗം' എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവിയുടെ ഔദ്യോഗിക പേരിനൊപ്പം 'മെഗാസ്റ്റാർ' എന്ന വിശേഷണം ആദ്യമായി ചേർക്കപ്പെടുന്നത്. ഈ സംഭവത്തിന് ശേഷം ഒട്ടും പതറാതെ തിരികെ സെറ്റിലെത്തിയ ചിരഞ്ജീവി താൻ തന്നെ കൊറിയോഗ്രാഫി ചെയ്ത ഗോദാവേ ഗോദാവമ്മ എന്ന ഗാനം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ആ ചിത്രം മാറുകയും ചെയ്തു.

Tags:    
News Summary - They brought seduction powder from Kerala and mixed it in the cake for Chiranjeevi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.