മകൾ ജനിച്ച ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ബോളിവുഡ് നടി ആലിയ ഭട്ട് സംസാരിക്കാറുണ്ട്. റാഹ ജീവിതത്തിലേക്ക് കടന്നു വന്നതിന് ശേഷം ഒരേസമയം ഒരു സിനിമ മാത്രം ചെയ്യുന്നതിനെക്കുറിച്ച് ആലിയ ഈയിടെ പറഞ്ഞു. മുമ്പ് ഒരേസമയം ഒന്നിലധികം സിനിമകൾ ചെയ്യുമായിരുന്നെന്നും എന്നാൽ ഇനി അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ആലിയ വ്യക്തമാക്കി.
'എനിക്ക് ഒരു കുട്ടി ഉള്ളതിനാൽ ഇപ്പോൾ ഞാൻ ജോലി ചെയ്യുന്നതിന്റെ അളവിലും വേഗതയിലും വ്യത്യാസം വന്നിട്ടുണ്ട്. അതിൽ ഞാൻ സന്തുഷ്ടയാണ്. ഒരു സമയം ഒരു സിനിമ ചെയ്യാനും എന്റെ എല്ലാ ഊർജ്ജവും അതിനായി നൽകാനും ഞാൻ ഇഷ്ടപ്പെടുന്നു. മുമ്പ്, ഞാൻ ഒരേസമയം രണ്ടോ മൂന്നോ സിനിമകൾ ചെയ്യുമായിരുന്നു, പക്ഷേ ഇനി അത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല' -ആലിയ വ്യക്തമാക്കി.
അമ്മയായതിനുശേഷം നടന്ന ആൽഫ എന്ന ആക്ഷൻ സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും അവർ സംസാരിച്ചു. 'ഒരു കുഞ്ഞിന് ജന്മം നൽകിയതിനുശേഷം ആക്ഷൻ സിനിമകൾ ചെയ്യുന്നത് വളരെ രസകരമായിരുന്നു. കാരണം അത് എന്റെ ശരീരത്തിന് എന്ത് കഴിവുണ്ടെന്ന് കാണാൻ എന്നെ അനുവദിച്ചു. അതൊരു പഠനമായിരുന്നു. അത് എന്റെ ശരീരത്തോട് എനിക്ക് വളരെയധികം ബഹുമാനം തോന്നാൻ കാരണമായി' -ആലിയ കൂട്ടിച്ചേർത്തു.
2022 നവംബറിലാണ് ആലിയ-രൺബീർ ദമ്പതികൾക്ക് മകൾ റാഹ ജനിക്കുന്നത്. ഏറെ ആരാധകരാണ് റാഹക്കുള്ളത്. റാഹ പാപ്പരാസികളോട് വളരെ കൂൾ ആയാണ് പെരുമാറാറെന്ന് ആലിയ പറഞ്ഞിരുന്നു. ഫോട്ടോക്ക് പോസ് ചെയ്യുന്നതും മീഡിയാസിനെ കാണുന്നതും മകൾക്കിപ്പോൾ സാധാരണ കാര്യമാണെന്നും ആലിയ പറഞ്ഞു. ദീപാവലിയോടനുബന്ധിച്ച് രൺബീർ കപൂറും ആലിയ ഭട്ടും മകൾ റാഹയോടൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറി. പുതിയ വീട്ടിലേക്കുമാറിയതിന്‍റേയും മകളുടെ പിറന്നാളിന്‍റെയും ചില മനോഹര മുഹൂർത്തങ്ങൾ ആലിയ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.