അക്ഷയ് ഖന്ന

'ഒരു സിനിമ വിജയിക്കുന്നത് പ്ലേറ്റുകളുടെ എണ്ണം നോക്കിയല്ല,'; ജൂനിയർ താരത്തിന് ഭക്ഷണം നിഷേധിച്ചതിൽ രോഷാകുലനായി അക്ഷയ് ഖന്ന

സിനിമയിലെ ശാന്തസ്വഭാവക്കാരനായ അക്ഷയ് ഖന്ന ഒരിക്കൽ സെറ്റിൽ വച്ച് പ്രകോപിതനായ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ജൂനിയർ ആർട്ടിസ്റ്റിനോട് അണിയറപ്രവർത്തകർ കാണിച്ച മോശം പെരുമാറ്റമാണ് സാധാരണയായി കുറച്ചുമാത്രം സംസാരിക്കുന്ന അക്ഷയ് ഖന്നയെ ചൊടിപ്പിച്ചത്. നടൻ അമിത് ബെൽ അടുത്തിടെ ഒരു അഭിമുഖത്തിലാണ് വർഷങ്ങൾക്ക് മുൻപ് നടന്ന ഈ ഹൃദയസ്പർശിയായ സംഭവം വെളിപ്പെടുത്തിയത്.

സംഭവം നടന്നത് ഇങ്ങനെയാണ്, സിനിമയിലെ പ്രധാന താരങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്നും മാറിയായിരുന്നു ജൂനിയർ ആർട്ടിസ്റ്റുകൾക്ക് താമസം ഒരുക്കിയിരുന്നത്. ഉച്ചഭക്ഷണ സമയത്ത് അക്ഷയ് ഖന്നയും മറ്റുള്ളവരും ഭക്ഷണം കഴിക്കുന്ന അതേ ഹോട്ടലിലെ ബഫേയിൽ നിന്ന് ഒരു ജൂനിയർ താരം ഭക്ഷണം കഴിക്കാൻ ശ്രമിച്ചു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട നിർമാതാവിന്റെ ബന്ധുക്കളിൽ ഒരാൾ അയാൾ അവിടെ നിന്ന് ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് വിലക്കി. വിളമ്പിവെച്ച പ്ലേറ്റ് മാറ്റിവെച്ച് ആ നടൻ വിഷമത്തോടെ അവിടെനിന്നും മാറി ഇരുന്നു.

ഈ കാഴ്ച ദൂരത്തുനിന്നും അക്ഷയ് ഖന്ന കാണുന്നുണ്ടായിരുന്നു. ഉടൻ തന്നെ അദ്ദേഹം ഇടപെടുകയും നിർമാതാവിനെയും ക്രൂ അംഗങ്ങളെയും എല്ലാവരുടെയും മുൻപിൽ വച്ച് രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വിശപ്പിന്റെ മൂല്യത്തെക്കുറിച്ചും സഹമനുഷ്യനോട് കാണിക്കേണ്ട മര്യാദയെക്കുറിച്ചും അന്ന് അദ്ദേഹം നടത്തിയ പ്രസംഗം സെറ്റിലുള്ളവരെയെല്ലാം അമ്പരപ്പിച്ചു. "ഒരു സിനിമ വിജയിക്കുന്നത് പ്ലേറ്റുകളുടെ എണ്ണം നോക്കിയല്ല, മറിച്ച് അവിടെയുള്ള മനുഷ്യരുടെ അനുഗ്രഹം കൊണ്ടാണ്" എന്നായിരുന്നു അക്ഷയ് അന്ന് പറഞ്ഞത്.

അക്ഷയ് ഖന്നയുടെ ഈ നിലപാട് സഹപ്രവർത്തകർക്കിടയിൽ അദ്ദേഹത്തോടുള്ള ബഹുമാനം വർദ്ധിപ്പിച്ചു. ജോലിയിൽ കാണിക്കുന്ന പ്രൊഫഷണലിസത്തിനൊപ്പം തന്നെ സഹപ്രവർത്തകരുടെ അന്തസ്സിനും അദ്ദേഹം വലിയ വില നൽകുന്നുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നു. നിലവിൽ ധുരന്ധർ, ചാവ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം തെലുങ്ക് സിനിമയിലേക്കുള്ള ചുവടുവെപ്പിന് ഒരുങ്ങുകയാണ് താരം.

Tags:    
News Summary - Akshaye Khanna furious over junior actor being denied food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.