ആദ്യ ചിത്രം ബ്ലോക്ക്ബസ്റ്റർ, രണ്ടാമത്തെ ചിത്രം പൃഥ്വിരാജിനൊപ്പം; പിന്നീട് സിനിമയിൽ നിന്ന് അപ്രത്യക്ഷയായി, ഞാന്‍ ഇവിടെ തന്നെയുണ്ടെന്ന് അഖില ശശിധരൻ

അഭിനയിച്ചത് കേവലം രണ്ട് സിനിമകൾ. എന്നാൽ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരം. ദിലീപിന്‍റെ നായികയായി കാര്യസ്ഥനിലും പൃഥ്വിരാജിന്റെ നായികയായി തേജാ ഭായിലും അഭിനയിച്ച അഖില ശശിധരൻ ഇപ്പോൾ എവിടെയാണ്? സിനിമയില്‍ എത്തുന്നതിന് മുമ്പ് റിയാലിറ്റി ഷോ മത്സരാർത്ഥി, അവതാരക എന്നീ നിലകളിലും ശ്രദ്ധേയയായിരുന്നു അഖില. തേജാഭായിയുടെ പരാജയത്തിന് പിന്നാലെ ഒരു ചിത്രത്തിലോ വേദിയിലോ അഖിലയെ കാണാന്‍ കഴിഞ്ഞില്ല. സിനിമ വിട്ട പലരും സമൂഹ മാധ്യമങ്ങളില്‍ സജീവമാണെങ്കിലും അവിടേയും അഖില ഉണ്ടായിരുന്നില്ല. ഒടുവില്‍ ഇതാ വർഷങ്ങള്‍ക്ക് ശേഷം തന്റെ വിശേഷങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് അഖില ശശിധരന്‍.

ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോയായ വോഡഫോൺ തക്കധിമിയിലൂടെയും ജനപ്രിയ മ്യൂസിക്കൽ റിയാലിറ്റി ഷോയായ മഞ്ച് സ്റ്റാർ സിംഗർ ജൂനിയറിലെ അവതാരകയായും സ്വയം പേരെടുത്ത അഖില, മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇതിനകം തന്നെ പരിചിതമായ മുഖമായിരുന്നു. തോംസൺ സംവിധാനം ചെയ്ത് ഹിറ്റ് തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സിബി .കെ തോമസും ചേർന്ന് രചിച്ച അവരുടെ ആദ്യ ചിത്രമായ കാര്യസ്ഥൻ (2010) ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. അടുത്ത വർഷം സംവിധായകൻ ദീപു കരുണാകരന്റെ തേജ ഭായ് & ഫാമിലി എന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം അഭിനയിക്കാൻ അഖിലക്ക് അവസരം ലഭിച്ചു. ആ ചിത്രം ശരാശരി കളക്ഷൻ മാത്രമായിരുന്നെങ്കിലും അഖിലയെ ആളുകൾ ശ്രദ്ധിച്ചിരുന്നു. പിന്നീട്, പെട്ടെന്ന് അഖില അഭിനയരംഗത്ത് നിന്ന് അപ്രത്യക്ഷയായി.

ഞാന്‍ ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു. സാമൂഹ മാധ്യമങ്ങളില്‍ ഉണ്ടെങ്കിലേ ജീവിച്ചിരിപ്പുള്ളൂ എന്ന് പറയുന്ന കാലഘട്ടത്തില്‍ ജീവിക്കുന്നത് കാരണമായിരിക്കാം അവയില്‍ സജീവമായില്ലെങ്കില്‍ എവിടെപ്പോയെന്ന് ആളുകൾ ചോദിക്കുന്നത്. സിനിമയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനുള്ള സാധ്യത എപ്പോഴും കുറവായിരുന്നു. ഈ മേഖലയിൽ വിജയം കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മാത്രമല്ല, അതിജീവിക്കുകയും സ്ഥിരമായി ജോലി നേടുകയും ചെയ്യുക എന്നതും കഠിനമായ യാത്രയാണ്. വളരെ കുറച്ചുപേർക്ക് മാത്രമേ ശരിക്കും ഫലപ്രദമായ ഒരു കരിയർ കെട്ടിപ്പടുക്കാൻ കഴിയൂ അഖില പറഞ്ഞു.

കാര്യസ്ഥന് മുന്നേയും വേറേ സിനിമകള്‍ക്ക് വിളിച്ചിരുന്നു. ആ സമയത്ത് പഠിത്തവും മറ്റ് കാരണങ്ങളാലും അത് ചെയ്യാന്‍ സാധിച്ചില്ല. കാര്യസ്ഥനിലേക്ക് വിളി വന്നപ്പോള്‍ അതിനോട് യെസ് പറയാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. അത് ഒരു സ്പെഷ്യല്‍ മൂവിയായിരുന്നു. സിനിമ കഴിഞ്ഞിട്ടും ഞാന്‍ സജീവമായിരുന്നു. ഒരുപാട് ഷോകളിലെല്ലാം പങ്കെടുത്തിരുന്നു. അതുകഴിഞ്ഞ് അഞ്ചരവര്‍ഷത്തോളം മുംബൈയിലായിരുന്നു. ഡാൻസുമായി മുന്നോട്ട് പോകുകായായിരുന്നെന്നും അഖില കൂട്ടിച്ചേർത്തു. 

Tags:    
News Summary - Akhila Sasidharan vanished after that film why‍?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.