തെലുങ്ക് സൂപ്പർ താരം നാഗാർജുനയുടെ മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി സുൽഫി റാവദ്ജിയുടെ മകൾ സൈനബ് റാവദ്ജിയാണ് വധു. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹനിശ്ചയം. നാഗാർജുന-അമല ദമ്പതികളുടെ മകനാണ് അഖിൽ.
അഖിൽ അക്കിനേനിയുടെ വിവാഹം ജൂൺ ആറിന് നടക്കുമെന്നാണ് റിപ്പോർട്ട്. അക്കിനേനി കുടുംബം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെങ്കിലും, വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ ചടങ്ങ് നടക്കുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ, രാജസ്ഥാനി കൊട്ടാരത്തിൽ വെച്ചുള്ള ഡെസ്റ്റിനേഷൻ വിവാഹമായിരിക്കുമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
ആരാധകർ കുടുംബത്തിന്‍റെ സ്ഥിരീകരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ വിവാഹ നിശ്ചയം പോലെ തന്നെ രഹസ്യമായ ചടങ്ങായിട്ടാകും വിവാഹവും നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങിയ വിവാഹ നിശ്ചയ ചടങ്ങ് അക്കിനേനി കുടുംബ വീട്ടിലാണ് നടന്നത്. ‘എന്റെ എക്കാലത്തേക്കുമുള്ള കൂട്ടുകാരിയെ കണ്ടെത്തി’ എന്ന അടിക്കുറിപ്പോടെയാണ് കഴിഞ്ഞ നവംബർ 26ന് അഖിൽ സൈനബുമൊന്നിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
ലൈഫ് സ്റ്റൈൽ വ്ലോഗറാണ് സൈനബ്. മികച്ച ചിത്രകാരി കൂടിയായ അവർ നിരവധി എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. ഹൈദരാബാദിൽ ജനിച്ച സൈനബ് കുടുംബത്തോടൊപ്പം പിന്നീട് മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. 2016-ൽ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പിന്നീട് ഇരുവരും വിവാഹത്തിൽനിന്ന് പിൻമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.