അജിത്തും ശാലിനിയും
തമിഴ് നടൻ അജിത് കുമാറിനും ഭാര്യ ശാലിനിക്കും ഇന്നും ആരാധകർ ഏറെയാണ്. റേസിങ് താരം കൂടിയായ അജിത് അടുത്തിടെ ഒരു അഭിമുഖത്തിൽ കരിയറിനെക്കുറിച്ചും തനിക്ക് ലഭിച്ച പ്രശസ്തിക്ക് പിന്നിലെ കഷ്ടപ്പാടുകളെക്കുറിച്ചും സംസാരിച്ചിരുന്നു. ആദ്യകാലങ്ങളിൽ തനിക്ക് ശരിയായി തമിഴ് സംസാരിക്കാൻ പോലും ആവില്ലായിരുന്നെന്ന് അജിത് പറയുന്നു. ഭാര്യ ശാലിനിയെ കുറിച്ചും താരം സംസാരിച്ചിരുന്നു.
‘സിനിമയിലെ പല സാഹസിക രംഗങ്ങളിലും പങ്കെടുത്തതിന്‍റെ ഫലമായി ഞാൻ 29 ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ട്. നല്ല ഡോക്ടർമാരെയും സർജൻമാരെയും ലഭിച്ചത് ഒരു അനുഗ്രഹമാണ്. എല്ലാവർക്കും അത്തരമൊരു ഭാഗ്യം ലഭിക്കാറില്ല. ഞാൻ കടുത്ത ശുഭാപ്തിവിശ്വാസിയാണ്. ജീവിതത്തിൽ പരാതിപ്പെടാതെ ഒരു പോരാളിയെപ്പോലെ മുന്നോട്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നെ സഹിക്കാൻ എളുപ്പമുള്ള ഒരാളാണെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ കാരണം ഒരുപാട് പ്രയാസകരമായ സമയങ്ങളിലൂടെ ശാലിനിക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. പക്ഷേ അവൾ എപ്പോഴും എനിക്ക് വലിയ പിന്തുണ നൽകി. കുട്ടികൾ ഉണ്ടാകുന്നതുവരെ എന്‍റെ റേസിങ് യാത്രകളിൽ പോലും അവൾ കൂടെ വരുമായിരുന്നു. അവളുടെ പിന്തുണയില്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല’ അജിത് പറഞ്ഞു.
‘ഞാൻ മിക്ക സമയത്തും എന്‍റെ വീട്ടിൽ ഒതുങ്ങി നിൽക്കുകയാണ് ചെയ്യാറുള്ളത്. ആരാധകരുടെ സ്നേഹത്തിന് ഞാൻ നന്ദിയുള്ളവനാണ്. പക്ഷേ, അതേ സ്നേഹം കാരണം കുടുംബത്തോടൊപ്പം പുറത്തുപോകാൻ എനിക്ക് വളരെ അപൂർവമായി മാത്രമേ കഴിയൂ. മകനെ സ്കൂളിൽ കൊണ്ടുപോയി വിടാൻ പോലും എനിക്ക് പലപ്പോഴും കഴിയാറില്ല. ചിലപ്പോൾ മകൻ തന്നെ എന്നോട് മടങ്ങി പോകാൻ പറയാറുണ്ട്. സുഖസൗകര്യങ്ങളും നല്ല ജീവിതശൈലിയും പ്രശസ്തി നൽകുമെങ്കിലും ജീവിതത്തിൽ ശരിക്കും പ്രാധാന്യമുള്ള പല കാര്യങ്ങളും അത് എടുത്തു കളയുന്നു’ അജിത് കൂട്ടിച്ചേർത്തു.
‘തുടക്കത്തിൽ എനിക്ക് തമിഴ് ശരിയായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്‍റെ തമിഴ് സംസാരത്തിന് ഒരു പ്രത്യേക ഉച്ചാരണമുണ്ടായിരുന്നു. എന്നാൽ ഞാൻ കഠിനാധ്വാനം ചെയ്ത് അതിൽ മാറ്റം വരുത്തി. എന്‍റെ പേര് അത്ര സാധാരണ പേരല്ലെന്ന് പറഞ്ഞ് അത് മാറ്റാൻ പലരും ആവശ്യപ്പെട്ടെങ്കിലും ഞാൻ അതിന് വഴങ്ങിയില്ല. ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു അതെല്ലാം ഞാൻ അതിജീവിച്ചു. റേസിങ് ഒരു കരിയറാക്കാൻ ആഗ്രഹിക്കുന്ന 19 വയസ്സുള്ള ഒരാളെപ്പോലെ കഠിനമായി ഞാൻ പ്രയത്നിച്ചു. ഞാൻ എല്ലാവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുവെന്നും’ താരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.