ബോളിവുഡിലെ ഏറ്റവും ഗൗരവമുള്ള നടന്മാരിൽ ഒരാളായിട്ടാണ് അജയ് ദേവ്ഗൺ കണക്കാക്കപ്പെടുന്നത്. കാമറക്ക് മുന്നിൽ എത്രത്തോളം ശാന്തനും ഗൗരവക്കാരനുമായി കാണപ്പെടുന്നുവോ അത്രത്തോളം തന്നെ വ്യക്തി ജീവിതത്തിലും അദ്ദേഹം അച്ചടക്കം പുലർത്തുന്നുണ്ട്. എന്നാൽ അടുത്തിടെ തന്റെ ജീവിതത്തെക്കുറിച്ച് നടത്തിയ ഒരു വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താൻ ഒരു കാലത്ത് വലിയ തോതിൽ മദ്യപിച്ചിരുന്നു എന്നും, മദ്യത്തോടുള്ള തന്റെ ബന്ധം തുടങ്ങുന്നത് 14 വയസ്സിൽ ആണെന്നും അജയ് ദേവ്ഗൺ വെളിപ്പെടുത്തി.
സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം ആദ്യമായി മദ്യം രുചിച്ചപ്പോൾ തനിക്ക് വെറും 14 വയസ്സായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത്, അത് ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണെന്ന് കരുതിയെങ്കിലും പക്ഷേ ക്രമേണ അത് ഒരു ശീലമായെന്ന് അജയ് പറഞ്ഞു. 'ആദ്യം, ഞാൻ അത് പരീക്ഷിച്ചു. പക്ഷേ പിന്നീട് അത് ഒരു പതിവായി മാറി. ഞാൻ പലതവണ ഉപേക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ അത് എളുപ്പമായിരുന്നില്ല' -അദ്ദേഹം പറഞ്ഞു.
ഒരുകാലത്ത് താൻ അമിതമായി മദ്യപിച്ചിരുന്നതായി അജയ് ദേവ്ഗൺ തുറന്നു പറഞ്ഞു. 'ഞാൻ അത് മറച്ചുവെക്കാറില്ല, ഞാൻ ധാരാളം മദ്യപിക്കാറുണ്ടായിരുന്നു. പക്ഷേ, അത് നിർത്തണമെന്ന് എനിക്ക് തോന്നിയ ഒരു സമയം വന്നു' അദ്ദേഹം പറഞ്ഞു. സ്വയം നിയന്ത്രിക്കാനായി അജയ് ഒരു വെൽനസ് സ്പായിൽ ചേർന്നു. അങ്ങനെയാണ് മദ്യം ഉപേക്ഷിച്ചത്. ഈ തീരുമാനം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു.
മദ്യം ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്ന് നടൻ വിശ്വസിക്കുന്നു. മദ്യപിച്ചതിനുശേഷം ഒരാൾക്ക് സന്തോഷവാനായിരിക്കാൻ കഴിയുന്നില്ലെങ്കിൽ, അവർ ഒരിക്കലും മദ്യപിക്കരുത്. 'മദ്യപിക്കുന്ന ഏതൊരാളും സന്തോഷവാനായിരിക്കണം. അല്ലാത്തപക്ഷം അത് ഉപേക്ഷിക്കുന്നതാണ് നല്ലത്' -അദ്ദേഹം പറയുന്നു. പലരും മദ്യപിച്ചതിനുശേഷം ദേഷ്യപ്പെടുകയോ വിരസത കാണിക്കുകയോ ചെയ്യുമെന്നും അത്തരം ആളുകളെ തനിക്ക് ഒട്ടും സഹിക്കാൻ കഴിയില്ലെന്നും അജയ് പറയുന്നു. ഇപ്പോൾ മദ്യം തനിക്കൊരു ശീലം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.