'അതൊക്കെ മൂന്ന് വർഷം മുമ്പല്ലേ, മാപ്പ് പറഞ്ഞു, മാനുഷിക പരിഗണന എങ്കിലും കാണിക്കണം'; അഹാനയോട് അന്തരിച്ച സംവിധായകന്‍റെ ഭാര്യ

 നടി അഹാന കൃഷ്ണക്കെതിരെ അന്തരിച്ച സംവിധായകന്‍റെ ഭാര്യ. അന്തരിച്ച ജോസഫ് മനു ജയിംസിന്‍റെ ഭാര്യ നൈനയാണ് താരത്തിനെതിരെ ആരോപണവുമായെത്തിയത്. മരിച്ചുപോയ ഭർത്താവ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പ്രമോഷന് അഹാന സഹകരിക്കുന്നില്ലെന്നാണ് നൈന പറയുന്നത്. രണ്ട് വർഷം മുമ്പ് മരിച്ച ജോസഫ് മനു ജയിംസിന്‍റെ ചിത്രത്തിന്‍റെ നിർമാണവും മറ്റു റിലീസ് കാര്യങ്ങളും ഏറ്റെടുത്തിരിക്കുന്നത് ഭാര്യ നൈനയാണ്. അഹാന മാനുഷിക പരിഗണന വച്ചു പോലും പ്രമോഷന് സഹകരിക്കുന്നില്ല എന്നാണ് നൈന പറയുന്നത്. സിനിമയുടെ പ്രസ്‌മീറ്റിലായിരുന്നു നൈനയുടെ ആരോപണം.

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ വച്ച് നടന്ന പ്രസ് മീറ്റിൽ ചിത്രത്തിലെ പ്രധാന കഥാപാത്രമായ അഹാന പങ്കെടുത്തില്ല. സിനിമയിലെ മറ്റു താരങ്ങളായ അജു വർഗീസ്, സോഹൻ സീനു ലാൽ, ദേവി അജിത്ത് എന്നിവർ പ്രസ് മീറ്റിൽ പങ്കെടുത്തു. അന്തരിച്ച തന്‍റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും നൈന പറയുന്നു. ജോസഫ് ഇന്ന് ജീവനോടെയില്ല എന്നതിനാൽ തന്നെ മാനുഷിക പരിഗണന വച്ച് അഹാനക്ക് വരാമായിരുന്നുവെന്നും നൈന പറയുന്നു.

"അഹാനയോട് ഞാൻ സംസാരിച്ചിരുന്നു. പിആർഒ, പ്രൊഡക്ഷൻ ടീം എല്ലാവരും സംസാരിച്ചിരുന്നു. മനു ഉണ്ടായിരുന്ന സമയത്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം, പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വർഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരിഗണന എന്നുള്ളത് ഉണ്ടാവണം. പ്രശ്‌നങ്ങൾ മറന്ന് സഹകരിക്കേണ്ടതാണ്. എന്തുകൊണ്ടാണെന്ന് വരാതിരിക്കുന്നത് എന്ന് എനിക്കറിയില്ല. ഈ സിനിമയുടെ പിറകിൽ പ്രതിസന്ധികൾ ഒരുപാടുണ്ട്, എന്നാൽ അത് പുറത്തുപറയാൻ ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ട്. നിശബ്‌ദയായി ഇരിക്കുന്നതാണ് നിലവിൽ നല്ലതെന്ന് തോന്നുന്നു. സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന ഒരു താരം മാർക്കറ്റിങിനോ പ്രമോഷനോ ഒന്നും സഹകരണമില്ലാതെ നിൽക്കുമ്പോൾ നിങ്ങൾക്ക് അത് ഊഹിക്കാവുന്നതാണ്,' നൈന പറഞ്ഞു.

പ്രതിഫലമൊക്കെ മുഴുവൻ കൊടുത്തതാണെന്നും അഗ്രീമെന്‍റിൽ പ്രമോഷന് പങ്കെടുക്കണമെന്ന് എഴുതിയിട്ടുണ്ടെന്നു നൈന പറയുന്നു. കഴിയാവുന്നതിന്‍റെ പരമാവധി അഹാനയോട് അപേക്ഷിച്ചെന്നും മാപ്പ് പറഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു.

പ്രതിഫലമൊക്കെ മുഴുവൻ കൊടുത്തു തീർത്തതാണ്. എഗ്രിമെന്റിലും പ്രമോഷന് പങ്കെടുക്കണമെന്നുമുണ്ട്. അജു ചേട്ടൻ പറഞ്ഞതുപോലെ ഉന്തികേറ്റി വലിച്ചു വച്ച് മുഴച്ചു നിൽക്കുന്നതിനേക്കാളും നല്ലത് ഇങ്ങനെ തന്നെ പോകുന്നതാണ്. ഇല്ലാത്ത നഷ്ട‌ം വരികയാണെങ്കിൽ സ്വയം സഹിക്കുക. ഞങ്ങൾക്കു കഴിയാവുന്നതിന്‍റെ അത്രത്തോളം അപേക്ഷിച്ചു. ഇതിൽ കൂടുതൽ എങ്ങനെയാണ് ചെയ്യുക. ഇനി എന്തെങ്കിലും ഉണ്ടെന്നുണ്ടെങ്കിൽ അതിനു മാപ്പ് പറയണമെങ്കിൽ അതുവരെയും ചെയ്തു,' നൈന പറഞ്ഞു.

2023ലായിരുന്നു ചിത്രത്തിന്‍റെ സംവിധായകൻ ജോസഫ് മനു ജയിംസ് മഞ്ഞപിത്തം ബാധിച്ച് മരണപ്പെട്ടത്. നാൻസി റാണി റിലീസിന് തയാറെടുക്കുന്നതിനിടെ ആയിരുന്നു മനുവിന്റെ അപ്രതീക്ഷിത വിയോഗം. മമ്മൂട്ടി ആരാധികയായ ഒരു സിനിമാ മോഹിയുടെ കഥ പറയുന്ന ചിത്രമാണ് നാൻസി റാണി. അജു വർഗീസ്, അർജുൻ അശോകൻ, ലാൽ, ശ്രീനിവാസൻ, സണ്ണി വെയ്ൻ, വൈശാഖ് നായർ, മല്ലിക സുകുമാരൻ, ഇന്ദ്രൻസ്, ലെന, മാമുക്കോയ തുടങ്ങി ഒരുപാട് പേർ ചിത്രത്തിന്‍റെ ഭാഗമാണ്.

Tags:    
News Summary - Ahaana Krishna accused for not participating in promotion of movie Nancy Rani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.