മുംബൈ: പാകിസ്താൻ വംശജനും 2016 മുതൽ ഔദ്യോഗികമായി ഇന്ത്യൻ പൗരനുമായ ഗായകൻ അദ്‌നാൻ സാമി തന്‍റെ മകൻ അസാന് ഹൃദയംഗമമായ ജന്മദിനാശംസകൾ നേർന്നു കൊണ്ട് സമൂഹമാധ്യങ്ങളിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ഒരു കലാകാരനും വ്യക്തിയും എന്ന നിലയിലുള്ള മകന്‍റെ വളർച്ചയിൽ അദ്ദേഹം അതിയായ സന്തോഷം പ്രകടിപ്പിച്ചു.
'ആസാന് ജന്മദിനാശംസകൾ! നിന്റെ ജീവിതത്തിലെ പുതിയൊരു വർഷം ആഘോഷിക്കുമ്പോൾ, അവിശ്വസനീയ കലാകാരനും സംഗീതജ്ഞനുമായിട്ടുള്ള നിന്‍റെ മാറ്റത്തിൽ എന്റെ ഹൃദയം അഭിമാനത്താലും സ്നേഹത്താലും നിറഞ്ഞൊഴുകുന്നു. ഏറ്റവും പ്രധാനമായി, ഒരു വ്യക്തി എന്ന നിലയിൽ നീ എത്ര മനോഹരമായി മാറിയെന്നത് എന്റെ ഹൃദയത്തെ ഊഷ്മളതയാൽ നിറക്കുന്നു' -അദ്ദേഹം എഴുതി
ദൂരം മകനെ തന്നിൽ നിന്ന് ശാരീരികമായി വേർപെടുത്തുന്നുണ്ടെങ്കിലും, തന്റെ ഹൃദയത്തിലെ മകന്‍റെ സാന്നിധ്യം അചഞ്ചലമായി തുടരുന്നു. ആസാന്‍റെ കഴിവ്, സമർപ്പണം, സഹനശക്തി എന്നിവയിൽ എപ്പോഴും അത്ഭുതപ്പെടുന്നു എന്നും അദ്ദേഹം എഴുതി. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാവുന്നതിലും അപ്പുറം മകനെ സ്നേഹിക്കുന്നുവെന്ന് അദ്നാൻ പറഞ്ഞു.
അദ്‌നാന്‍റെ അദ്യ വിവാഹത്തിലെ മകനാണ് ആസാൻ. 1993ലാണ് അദ്നാൻ പാക് നടി സബയെ വിവാഹം കഴിച്ചത്. മൂന്ന് വർഷത്തിന് ശേഷം അവർ വിവാഹമോചനം നേടി. 2010 ൽ, വിരമിച്ച നയതന്ത്രജ്ഞനും സൈനിക ജനറലുമായ റോയയെ അദ്നാൻ വിവാഹം കഴിച്ചു. 2010 ൽ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം റോയയെ ആദ്യമായി കണ്ടുമുട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.