'എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം നിങ്ങൾക്ക് ഗൂഗിളിൽ കണ്ടെത്താൻ കഴിയും. ജീവിതത്തിലെ കഠിനമായ യാഥാർഥ്യങ്ങൾ ആരംഭിച്ചത് പി.എം.സി ബാങ്ക് അഴിമതിയോടെയാണ്. ഈ അഴിമതിക്ക് ശേഷം അമ്മ രോഗബാധിതയായി. സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അമ്മയുടെയും സഹോദരിയുടെയും മരണങ്ങൾ എന്റെ അവസാനത്തെ പടിയായിരുന്നു. അതിനുമുമ്പ് ഞാൻ ലോകത്തിൽ നിന്ന് അകന്നു നിൽക്കാൻ തുടങ്ങിയിരുന്നു. അത്തരത്തിൽ ജീവിതം നയിക്കാൻ എനിക്ക് താൽപ്പര്യമില്ലായിരുന്നു. അതിനാൽ എന്നോട് ബന്ധപ്പെട്ടിരുന്ന എല്ലാവരുടെയും അനുമതി ഞാൻ വാങ്ങി. അവർ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. തുടർന്ന് ഞാൻ ആത്മീയ പാതയിലേക്ക് മാറി'-ശക്തിമാൻ ഉൾപ്പടെയുള്ള ഒട്ടനവധി സീരിയലുകളിലൂടെ ശ്രദ്ധനേടിയ നടി നൂപുർ അലങ്കാർ വെളിപ്പെടുത്തുന്നു.
2022ലാണ് നുപൂർ ആത്മീയ ജീവിതം സ്വീകരിച്ചത്. ടെല്ലി ടോക്ക് ഇന്ത്യയുമായുള്ള സംഭാഷണത്തിൽ, തന്റെ അഭിനയ ജീവിതത്തിനിടയിലും ആത്മീയ ജീവിതശൈലി നയിച്ചിരുന്നെങ്കിലും, പി.എം.സി ബാങ്ക് കുംഭകോണവും അമ്മയുടെയും സഹോദരിയുടെയും നഷ്ടവുമാണ് സന്യാസം സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് നൂപുർ വിശദീകരിച്ചു.
താൻ തെരഞ്ഞെടുത്ത പാതയിൽ സംതൃപ്തയാണെന്ന് പറയുന്ന നൂപുർ ലളിതമായ ജീവിതം നയിക്കാനും ദൈവവുമായി ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആത്മീയത തന്റെ ജീവിതത്തിന് എങ്ങനെ ആശ്വാസം പകരുന്നു എന്നതിനെക്കുറിച്ചും അവർ സംസാരിച്ചു.
'മുമ്പ്, ബില്ലുകൾ, ജീവിത ചെലവുകൾ, ഭക്ഷണക്രമം എന്നിവ നിലനിർത്തേണ്ടിയിരുന്നു. ഭിക്ഷാടനം (ദാനം ചോദിക്കൽ) എന്നൊരു ആചാരവുമുണ്ട്. അത് ഞാൻ വർഷത്തിൽ കുറച്ച് തവണ ആചരിക്കാറുണ്ട്. ഞാൻ ഭിക്ഷ യാചിക്കുകയും ആ വഴിപാട് ദൈവത്തിനും എന്റെ ഗുരുവിനും പങ്കിടുകയും ചെയ്യുന്നു. അത് അഹങ്കാരത്തെ ഇല്ലാതാക്കുന്നു. ഞാൻ നാലോ അഞ്ചോ ജോഡി വസ്ത്രങ്ങളുമായി ജീവിക്കുന്നു. ആശ്രമങ്ങൾ സന്ദർശിക്കുന്ന ആളുകൾ വഴിപാടുകൾ കൊണ്ടുവരും. ചിലപ്പോൾ വസ്ത്രങ്ങളും, അത് മതിയാകും' -നൂപുർ അലങ്കാർ പറഞ്ഞു.
ഗുഹകളിൽ താമസിച്ചിട്ടുണ്ടെന്നും എലികളുടെ കടിയേയും മഞ്ഞുവീഴ്ചയേയും അതിജീവിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. 2019ലെ പി.എം.സി ബാങ്ക് തട്ടിപ്പ് തന്റെ ആഭരണങ്ങൾ വിൽക്കാൻ നിർബന്ധിതയാക്കിയതിനെക്കുറിച്ച് നൂപുർ ആലങ്കാർ പറഞ്ഞിരുന്നു. 'വീട്ടിൽ പണമില്ലാത്തതിനാലും ഞങ്ങളുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചതിനാലും ആഭരണങ്ങൾ വിൽക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. എനിക്ക് ഒരു സഹ നടനിൽ നിന്ന് 3,000 രൂപ കടം വാങ്ങേണ്ടി വന്നു. മറ്റൊരാൾ എന്റെ യാത്രക്കായി 500 രൂപ ട്രാൻസ്ഫർ ചെയ്തു. ഇതുവരെ ഞാൻ സുഹൃത്തുക്കളിൽ നിന്ന് 50,000 രൂപ കടം വാങ്ങിയിട്ടുണ്ട്.
എന്റെ കുടുംബാംഗങ്ങളും എന്റെ ജീവിതകാല സമ്പാദ്യവും ഇങ്ങനെ മരവിപ്പിക്കപ്പെടുമെന്ന് ഞാനറിഞ്ഞില്ല. പണമില്ലാതെ എങ്ങനെ അതിജീവിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കേണ്ടത്? എന്റെ വീട് പണയപ്പെടുത്തേണ്ടി വരുമോ? കഠിനാധ്വാനത്തിലൂടെ ഞാൻ സമ്പാദിച്ച പണത്തിന് എന്തിനാണ് ഒരു പരിധി നിശ്ചയിക്കുന്നത്? കൃത്യമായി ആദായനികുതി അടച്ചിരുന്നയാളാണ് ഞാൻ. എന്നിട്ട് എന്തിനാണ് ഞാൻ ഇന്ന് ഈവിധം കഷ്ടപ്പെടുന്നത്?’-നൂപുർ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.