വർധിക്കുന്ന വയലൻസ്; സെൻസർ ബോർഡ് ഉറക്കത്തിലാണോ? നടി രഞ്ജിനി

മലയാള സിനിമകളിൽ വർധിച്ചു വരുന്ന വയലൻസിനെക്കുറിച്ച് ആശങ്ക പങ്കുവെച്ച് നടി രഞ്ജിനി. കുറ്റകൃത്യങ്ങൾ ചെയ്യുന്ന യുവസമൂഹത്തിന്റെ നിർമിതിയിൽ സിനിമക്കും പങ്കുണ്ട്. സെൻസർ ബോർഡ് ഉറക്കത്തിലാണോ എന്നും രഞ്ജിനി ചോദിക്കുന്നു. മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ് തുടങ്ങിയ സിനിമകളെ പേരെടുത്ത് വിമർശിച്ചാണ് താരത്തിന്റെ പ്രതികരണം.

'അനന്യവും പുരസ്കാരങ്ങള്‍ നേടാറുള്ളതുമായ തിരക്കഥകള്‍, ഫിലിം മേക്കിങ്, അഭിനയം ഇവക്കൊക്കെ പേരു കേട്ടതായിരുന്നു മലയാള സിനിമകള്‍. മറ്റ് ഭാഷാ സിനിമാ മേഖലകള്‍ അസൂയപ്പെട്ടിരുന്ന ഒന്നാണ് ഇത്. കൊറിയന്‍, ജാപ്പനീസ്, തെലുങ്ക്, കന്നഡ സിനിമകളുടെ പാത പിന്തുടര്‍ന്ന് മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ് പോലെയുള്ള സിനിമകള്‍ നിർമിക്കുന്നത് എന്തിനാണ്?

ഞാന്‍ മലയാള സിനിമയുടെ ഭാഗമാണ് എന്നതില്‍ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ്. സിനിമയുടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന്‍റെയും സ്വാധീനം കൊണ്ടും മോശം പേരന്‍റിങ്ങിനാലും ലഹരി ഉപയോഗത്താലും ക്ഷമ നശിച്ച യുവത്വമായി മാറുന്ന നമ്മുടെ കുട്ടികളുടെ അവസ്ഥ എന്‍റെ മനസിനെ മുറിപ്പെടുത്തുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സിനിമകളും ഈ സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്.

നമ്മുടെ സെന്‍സര്‍ ബോര്‍ഡിന് എന്ത് സംഭവിച്ചുവെന്ന് അദ്ഭുതം തോന്നുന്നു. അവര്‍ ഉറക്കത്തിലാണോ? പ്രിയ കേരളമേ മറക്കാതിരിക്കുക, ജെ.സി ഡാനിയേല്‍, കെ.ജി ജോര്‍ജ്, അരവിന്ദന്‍, എം.ടി വാസുദേവന്‍ നായര്‍, പത്മരാജന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങി അനേകം പ്രതിഭാധനരെ സൃഷ്ടിച്ച നാടാണിത്. ഇവരെല്ലാം അവരുടെ സിനിമകളിലൂടെ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചവരാണ്.'സമൂഹമാധ്യമത്തിലൂടെ രഞ്ജിനി ആശങ്ക പ്രകടിപ്പിച്ചു. 

Tags:    
News Summary - Actress Ranjini shares her concerns about the increasing violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.