45-ാം വയസിൽ അമ്മയായി നടി പത്മപ്രിയ; കുഞ്ഞിന്‍റെ ഒന്നാം പിറന്നാളിന്‍റെ സന്തോഷം പങ്കുവച്ച് താരം

മലയാളികളുടെ പ്രിയ നടി പത്മപ്രിയ താൻ ഒരു അമ്മയായി എന്ന വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഗർഭകാലത്തെക്കുറിച്ചോ കുഞ്ഞിന്റെ വരവിനെക്കുറിച്ചോ മുൻപെങ്ങും പരസ്യമായി സംസാരിക്കാതിരുന്ന നടി കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ദിനത്തിലാണ് ഈ സന്തോഷം ലോകത്തോട് പങ്കുവെച്ചത്. മുൻകൂട്ടി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്താതെ തികച്ചും അപ്രതീക്ഷിതമായി എത്തിയ ഈ വാർത്ത സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ സന്തോഷവും കൗതുകവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ കുഞ്ഞിന്റെ കുഞ്ഞിക്കൈകൾ ചേർത്തുവെച്ചിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പമാണ് പത്മപ്രിയ ഈ വിശേഷം കുറിച്ചത്. 'ജീവിതത്തിന്റെ 365 ദിവസങ്ങൾ' എന്ന മനോഹരമായ അടിക്കുറിപ്പോടെ പങ്കുവെച്ച പോസ്റ്റിലൂടെ കുഞ്ഞിന് ഒരു വയസ്സ് തികഞ്ഞു എന്ന് താരം സ്ഥിരീകരിച്ചു. കുഞ്ഞിന്റെ മുഖമോ മറ്റ് വിവരങ്ങളോ താരം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഒരു വർഷമായി സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങളും വിശേഷങ്ങളും സജീവമായി പങ്കുവെച്ചിരുന്നെങ്കിലും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ പുതിയ ഏട് പൊതുശ്രദ്ധയിൽ പെടാതെ രഹസ്യമായി സൂക്ഷിക്കാൻ പത്മപ്രിയക്ക് സാധിച്ചു.

പത്മപ്രിയയുടെ കുറിപ്പിന് താഴെ ആശംസകളുമായി ചലച്ചിത്ര രംഗത്തെ നിരവധിയാളുകളും സുഹൃത്തുക്കളുമെത്തി. അതിൽ നടി അഭിരാമിയുടെ കമന്റ് ഏറെ ശ്രദ്ധ നേടി. 'എനിക്ക് നിന്നെയും നിന്റെ കുഞ്ഞിനെയും എത്രത്തോളം ഇഷ്ടമാണെന്ന് നിനക്കറിയാമല്ലോ' എന്നായിരുന്നു അഭിരാമി കുറിച്ചത്. 'നീ കാരണമാണ് ഞങ്ങൾക്കിത് സാധ്യമായത്' എന്ന് പത്മപ്രിയ തിരിച്ച് മറുപടിയും നൽകി. ഇവരുടെ ഈ സംഭാഷണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സംവിധായിക അഞ്ജലി മേനോൻ, നടി ഭാവി, രഞ്ജിനി ഹരിദാസ്, റിമ കല്ലിങ്കൽ, മാളവിക നായർ, സംവൃത സുനിൽ, പാർവതി തിരുവോത്ത്, അനുമോൾ, മീരാ നന്ദൻ, നിത്യ മേനൻ, സോനാ നായർ തുടങ്ങിയ ഒട്ടനവധി താരങ്ങൾ പത്മപ്രിയക്കും കുഞ്ഞിനും സ്നേഹവും ആശംസകളും അറിയിച്ചു.

2014 നവംബറിലാണ് പത്മപ്രിയയും ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷായും മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങിൽ വിവാഹിതരായത്. എന്നും സ്വന്തം വ്യക്തിജീവിതം മാധ്യമശ്രദ്ധയിൽ നിന്ന് അകറ്റിനിർത്താൻ ആഗ്രഹിച്ചിട്ടുള്ള ഈ ദമ്പതികൾ തങ്ങൾ മാതാപിതാക്കളായ വിവരവും അതേ സ്വകാര്യതയോടെയാണ് കാത്തുസൂക്ഷിച്ചത്. കുഞ്ഞിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും പ്രിയനടിയുടെ ജീവിതത്തിലെ ഈ മനോഹരമായ നിമിഷത്തെ വലിയ സന്തോഷത്തോടെയാണ് ആരാധകരും ചലച്ചിത്ര ലോകവും ഏറ്റെടുത്തിരിക്കുന്നത്.

Tags:    
News Summary - Actress Padmapriya becomes a mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.