'പോയാൽ ഒരു കോഴി, കിട്ടിയാൽ ഒരു മുട്ട, ഇതാണ് ലൈൻ​'; അമ്മക്ക് അർബുദം സ്ഥിരീകരിച്ചത് പങ്കുവെച്ച് നടൻ സുനിൽ സൂര്യ

അമ്മക്ക് അർബുദം ബാധിച്ച വിവരം പങ്കുവെച്ച് നടൻ സുനിൽ സൂര്യ. ആറ് മാസം മുമ്പ് വരെ അൽപം ഷുഗറും പ്രഷറും മാത്രമേ അമ്മക്ക് ഉണ്ടായിരുന്നുള്ളൂ. പ്രതീക്ഷിക്കാതെയാണ് അർബുദം സ്ഥിരീകരിച്ചതെന്നും എന്നാൽ അമ്മയും താനും ഡബിൾ സ്ട്രോങ് ആണെന്നും നടൻ പറയുന്നു. 'പോയാൽ ഒരു കോഴി, കിട്ടിയാൽ ഒരു മുട്ട' എന്നാണ് രോഗം സ്ഥിരീകരിച്ച ശേഷം അമ്മയുടെ ലൈനെന്നും കാൻസർ ദിനമായ ഫെബ്രുവരി നാലിന് പങ്കുവെച്ച കുറിപ്പിൽ നടൻ പറയുന്നു. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയി​ലൂടെയാണ് സുനിൽ സൂര്യ ശ്രദ്ധ നേടിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 
ഇന്ന് 2025 ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമാണല്ലോ? പുതുവര്‍ഷ ദിനത്തില്‍ തന്നെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ സാധിച്ചപ്പോള്‍ ഈ വര്‍ഷം മുതല്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും എന്ന് ഞാന്‍ കരുതിയെങ്കിലും തെറ്റിപ്പോയി. ആറ് മാസം മുമ്പ് വരെ അല്പം ഷുഗറും, പ്രഷറും മാത്രം ഉണ്ടായിരുന്ന എന്റെ അമ്മയ്ക്ക് പ്രതീക്ഷിക്കാതെ അര്‍ബുദം ഉണ്ടെന്ന സത്യം മറനീക്കി പുറത്തു വന്നു. പക്ഷേ ഞാനും അമ്മയും സ്ട്രോങ് ആണ്, ഡബിള്‍ സ്ട്രോങ്. ഒപ്പം കുടുംബവും, ബന്ധുക്കളും, കൂട്ടുകാരും ഡോക്ടര്‍മ്മാരും എല്ലാവരും അമ്മയ്‌ക്കൊപ്പം ഉണ്ട്.
മരുന്നിനൊപ്പം അമ്മയ്ക്ക് മാനസിക പിന്തുണ നല്‍കുക എന്നതാണ് പ്രധാനം എന്ന് ഈ വേളയില്‍ ഞാന്‍ മനസ്സിലാക്കുന്നു. യുണൈറ്റഡ് ബൈ യുണീക്ക്’ എന്നതാണ് ഈ വര്‍ഷത്തെ ക്യാന്‍സര്‍ തീം’ പക്ഷേ അമ്മ പറയുന്നത് ‘അതിനേക്കാള്‍ നല്ലത് വേറെ ഒന്നുണ്ട്. ‘പോയാല്‍ ഒരു കോഴി, കിട്ടിയാല്‍ ഒരു മുട്ട’ നീ ഫെയ്സ്ബുക്കില്‍ കുറിച്ചോ എന്നാണ്. അതാണ് രോഗം ഉണ്ടെന്ന് അറിഞ്ഞ ശേഷം അമ്മയുടെ ഒരു ലൈന്‍. എങ്കിലും അമ്മ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ആര്‍ക്കും ഈ രോഗം വരരുതേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു. മരുന്നും, ഭക്ഷണവും, വെള്ളവും, എല്ലാം അമ്മയ്ക്ക് മുറയ്ക്ക് നല്‍കുന്നുവെങ്കിലും ട്രീറ്റ്മെന്റ് നടക്കുന്നതിനാല്‍ അമ്മയുടെ പ്രായം വെച്ച് പ്രതിരോധ ശേഷി കുറയാന്‍ സാധ്യത വളരെ ഏറെയാണ്. അതിനാല്‍ സന്ദര്‍ശകരെ അനുവദിക്കരുത് എന്നാണ് ഡോക്ടര്‍മ്മാര്‍ അറിയിച്ചിരിക്കുന്നത്. ആയതിനാല്‍ ഇതൊരു അറിയിപ്പായി കണ്ട് പ്രിയപ്പെട്ടവര്‍ സഹകരിക്കുമല്ലോ. ഒപ്പം നിങ്ങളുടെ പ്രാർഥനകളും ഉണ്ടാവണം. നന്ദി.
Tags:    
News Summary - Actor Sunil Surya shared that his mother was diagnosed with cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.