സീരിയലിലെ 'സൂപ്പർ സ്റ്റാർ' പറയുന്നു-'സങ്കടപ്പെട്ട് പിന്മാറാനുള്ള ഇടമല്ല എനിക്ക്​ സിനിമ'

സിനിമ മാത്രം സ്വപ്നം കാണുക. സിനിമ മാത്രം ലക്ഷ്യമാക്കുക. വീണ്ടും വീണ്ടും പരിശ്രമിക്കുക. കിട്ടുന്ന വർക്കുകൾ അങ്ങേയറ്റം തൃപ്തിയോടെ ചെയ്യുക. ഇതൊക്കെ ശ്രീറാം രാമചന്ദ്രൻ എന്ന അഭിനയക്കൊതിയനായ നടനെ പറ്റിയാണ്. വിനീത് ശ്രീനിവാസന്‍റെ 'മലർവാടി ആർട്സ്​ ക്ലബ്ബി'ലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച ഒരു കൂട്ടം ആർട്ടിസ്റ്റുകളിൽ ഒരാൾ. മിനിസ്ക്രീനിലെ ഹിറ്റ് സീരിയലിൽ 'സൂപ്പർ സ്റ്റാർ' ആയി അഭിനയിക്കുന്ന ശ്രീറാം പുത്തൻ പ്രതീക്ഷകളും വിശേഷങ്ങളും 'മാധ്യമം ഓൺലൈനു'മായി പങ്കു​െവക്കുന്നു

സിനിമ എനിക്ക് നേര​േമ്പാക്കല്ല

സിനിമ എന്നും എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ്. എന്‍റെ അഭയം. ഞാൻ സ്വപ്നം കാണുന്നതും പരിശ്രമിക്കുന്നതും സിനിമയ്ക്ക് വേണ്ടിയാണ്. ഞാൻ സിനിമയിൽ ആദ്യം വരുന്നത് നടനായിട്ടായിരുന്നില്ല. ആർട്ട് അസിസ്റ്റൻറായിട്ടായിരുന്നു. സുനിൽ ബാബു എന്ന ആർട്ട് ഡയറക്ടറുടെ അസിസ്റ്റന്‍റായിരുന്നു. വിജയ്‌യുടെ 'വില്ല്​' ആയിരുന്നു ആദ്യ സിനിമ. പിന്നെ കെ.ജി.എഫിന്‍റെ ഡയറക്​ടർ പ്രശാന്ത്​ നീലിന്‍റെ ആദ്യ സിനിമ 'ഉഗ്രം' തുടങ്ങി തമിഴിലും കന്നഡയിലുമായി കുറച്ചു സിനിമകൾ. രണ്ടുവർഷം ആ പണിയുമായി പോയി. പക്ഷേ, ഹൃദയം സ്വസ്ഥമായി ഇരുന്നില്ല. അങ്ങനെ ക്യാമറയ്ക്ക് മുന്നിലേക്കെത്തി.

സത്യത്തിൽ സിനിമ എന്താണന്ന് മനസ്സിലാക്കിയിട്ടാണ് ഞാൻ അഭിനയത്തിലേക്ക് വരുന്നത്. എനിക്ക് ആദ്യമായി കിട്ടിയ റോൾ 'മലർവാടി'യിലെ ചെറിയ ഒരു പാസിങ്ങ് ഷോട്ടാണ്. ആ അവസരത്തെ പോലും ഞാൻ വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. സിനിമ അങ്ങനെ എളുപ്പത്തിൽ കിട്ടുന്ന ഒന്നല്ലല്ലോ. ക്യാമറയ്ക്ക് മുന്നിൽ വരാൻ ചെറിയ ഭാഗ്യം പോരാ. ആഗ്രഹത്തിന്‍റെ അങ്ങേയറ്റത്തിലാണ് അത് സംഭവിക്കുന്നത്. രണ്ടു വർഷത്തെ ആർട്ട് അസിസ്റ്റന്‍റ്​ ജോലി ശരിക്കും എനിക്ക് ഒരു പാഠമായിരുന്നു. സിനിമയുടെ മൂല്യം അതെനിക്ക്​ ശരിക്കും മനസ്സിലാക്കിത്തന്നു. പിന്നെ 'തട്ടത്തിൻമറയത്തി'ൽ കുറച്ചൂകൂടി സ്ക്രീൻ സ്പെയ്​സ് ഉള്ള ഒരു അവസരം കിട്ടി. അതുകഴിഞ്ഞ് ഞാൻ മിനിസ്‌ക്രിനിലേക്ക് പോയി 'ചുമ്മാ' എന്ന് പേരുള്ള ഒരു ഷോ ചെയ്തു. അതിനു ശേഷമാണ്​ ശ്യാമപ്രസാദ്​ സാറിന്‍റെ 'ആർട്ടിസ്റ്റ്' എന്ന സിനിമ ചെയ്യുന്നത്​. അതിനുശേഷം ചെയ്​ത 'ജെസ്റ്റ് മാരീഡ്' എന്ന സിനിമ വർക്കാവാതെ പോയി. ഈ വർക്കുകൾക്കിടയിലൊക്കെ ഞാൻ വെറുതേ ഇരിക്കുകയായിരുന്നില്ല. സിനിമയുടെ തന്നെ പല പല മേഖലകളിലായിരുന്നു അപ്പോഴും ശ്രദ്ധ. വെറുതേയിരിക്കാനുള്ള ഒരു ഓപ്ഷൻ അന്നും ഇന്നും ഉണ്ടായിരുന്നില്ല. കാരണം സിനിമ എനിക്ക് ഒരു നേര​േമ്പാക്കല്ല ഒരിക്കലും.


ആർട്ട് അസിസ്റ്റന്‍റിൽ നിന്ന് നടനിലേക്ക്

എന്‍റെ സഹോദരൻ സിനിമാരംഗത്ത്​ തന്നെയാണ്. പോസ്റ്റർ ഡിസൈനറാണ്; ജയറാം. ഏട്ടന്‍റെ സുഹൃത്താണ് സുനിൽ ബാബു. അദ്ദേഹം അസിസ്റ്റന്‍റ്​സിനെ തിരയുന്നുണ്ടായിരുന്നു. പുതിയ സിനിമയിലേക്ക് ഏട്ടൻ എന്നെ റഫർ ചെയ്തു. എന്‍റെ കോളേജ് പഠനം കഴിഞ്ഞയുടൻ ഞാൻ അസിസ്റ്റന്‍റായി ജോയിൻ ചെയ്​തു. അഭിനയമോഹം കൊണ്ട് തന്നെയാണ് ഞാൻ ആർട്ട് അസിസ്റ്റൻറ് ആയത്. പലരെയും കാണാനും പരിചയപ്പെടാനും പറ്റും, അത് അഭിനയത്തിലേക്കുള്ള വഴി തെളിക്കുമെന്ന് കരുതി. അന്ന് മലയാളത്തിൽ ഓഡിഷൻ ഇല്ലായിരുന്നു. 2008ലാണ് ഞാൻ ജോയിൻ ചെയ്യുന്നത്. അന്ന് എഫ്.ബിയിലൂടെ കാസ്റ്റിങ്​ കോളൊന്നും ഉണ്ടായിരുന്നില്ല. തമിഴ് ഇൻഡസ്ട്രിയിൽ പോകുക, ആ വഴി അഭിനയത്തിലേക്ക് കടക്കുക എന്നതായിരുന്നു ലക്ഷ്യം.

പക്ഷേ, സിനിമയിൽ ഒരുപാട് പ്രായോഗിക അറിവ്​ വേണമെന്ന് അവിടെയെത്തിയ ശേഷമാണ്​ മനസ്സിലാകുന്നത്​. ഒരുപാട് പേരുടെ കഠിധാധ്വാനത്തിന്‍റെ ഫലമാണ് സെറ്റ്. ആരും പലപ്പോഴും ആ അധ്വാനത്തെ ശ്രദ്ധിക്കാറില്ല. ഉറക്കം പോലും ഇല്ലാതെ, അഭിനയത്തിനായി ശ്രമിക്കാൻ ഒഴിവ്​ പോലുമില്ലാ​െത ജോലി ചെയ്യേണ്ടി വന്നു. അത് മനസ്സിലാക്കി സുനിലേട്ടൻ തന്നെ പറഞ്ഞു- 'നിന്‍റെ പാഷൻ അഭിനയമാണെങ്കിൽ നീ അതിനായി തന്നെ ശ്രമിക്കൂ. സമയം പാഴാക്കാതെ'. അതുകൊണ്ട്​ ഞാൻ ആർട്ട് അസിസ്റ്റന്‍റിൽ നിന്നും ബ്രേക്ക് എടുത്തു. കൃത്യം ആ സമയത്താണ്​ 'മലർവാടി ആർട്സ് ക്ലബ്ബി'ന്‍റെ ഓഡിഷൻ നടന്നത്​. 2000 പേരിൽ നിന്നും വിനീതേട്ടൻ 40 പേരെ സെലക്ട് ചെയ്തു. ഓഡിഷൻ കഴിഞ്ഞ് ഞങ്ങൾ 15 പേരെ ഫൈനൽ ലിസ്റ്റിലേക്ക് സെലക്ടാക്കി സിനിമയിൽ അഭിനയിപ്പിച്ചു. ചെറുതും വലതുമായ വേഷങ്ങളിൽ. അന്ന് മലർവാടിയിൽ എന്‍റൊപ്പം സിജു വിൽസണും ദീപക്കും ഒക്കെ ഉണ്ടായിരുന്നു.

സൂപ്പർ സ്റ്റാർ ആയി സീരിയലിൽ

'കസ്​തൂരിമാൻ' എന്ന സീരിയലിൽ ആണ്​ സിനിമയിലെ സൂപ്പർ ഹീറോയായി ഞാൻ അഭിനയിച്ചത്​. സീരിയൽ ഹിറ്റായി. ഞാനും ശ്രദ്ധിക്കപ്പെട്ടു. സീരിയലുകളിൽ സ്ത്രീകൾക്കാണ് സാധാരണ പ്രാധാന്യം ഉണ്ടാവുക. പക്ഷേ 'കസ്തൂരിമാനി'ൽ നായകനും പ്രധാന്യമുണ്ടായിരുന്നു. എന്‍റെ ആദ്യത്തെ സിനിമ കാണാൻ എന്‍റൊപ്പം രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. ഞാൻ ചെയ്ത സീൻ വന്നപ്പോൾ ഉണ്ടായ ആകാംക്ഷയും സന്തോഷവും വളരെ വലുതായിരുന്നു. അത് കഴിഞ്ഞ് തീയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ ആഗ്രഹിച്ചിരുന്നു, ഒരാളെങ്കിലും വന്ന് എന്നെ തിരിച്ചറിഞ്ഞ് നന്നായി ചെയ്തു എന്ന് പറഞ്ഞിരുന്നെങ്കിലെന്ന്.

പക്ഷേ, അതൊന്നുമുണ്ടായില്ല. അതുകഴിഞ്ഞ് ഞാൻ ചെയ്​ത ഓരോ സിനിമയും കണ്ട് തീയേറ്ററിന് പുറത്തിറങ്ങുമ്പോഴും നോക്കുമായിരുന്നു, എന്നെ ആർക്കെങ്കിലും മനസ്സിലാകുന്നുണ്ടോ എന്ന്. ഞാൻ ഒരു മ്യൂസിക് വീഡിയോ ചെയ്യ്തിരുന്നു; 'നിനയാതെ' എന്ന പേരിൽ. അത് റിലീസ് ചെയ്​ത്​ കഴിഞ്ഞപ്പോൾ കുറച്ചു പേരൊക്കെ എന്നെ തിരിച്ചറിഞ്ഞു. സീരിയൽ ചെയ്തതിന് ശേഷം എനിക്ക് കിട്ടുന്ന സ്വീകാര്യത പക്ഷേ വളരെ വലുതാണ്. ഇപ്പോൾ കാണു​േമ്പാൾ ഓരോ പഴയ വർക്കിന്‍റെ കാര്യവും ഓർത്തെടുത്ത്​ ആളുകൾ അടുത്തുവന്ന്​ സംസാരിക്കുന്നത്​ ഏറെ സന്തോഷമുള്ള കാര്യമാണ്​. ആ സ​േതനാഷം സീരിയൽ തന്നതാണ്.


അഭിനയത്തിനപ്പുറം മറ്റൊരു ഇഷ്​ടമില്ല

സിനിമയാണെങ്കിലും സീരിയലായാലും ഒരു ആക്ഷന്‍റെയും കട്ടിന്‍റെയും ഇടയിൽ സംഭവിക്കുന്നത് ഒരു കാര്യം തന്നെയാണ്. പിന്നെ സിനിമയേക്കാൾ താഴെ നിൽക്കുന്ന ഒന്നായിട്ടല്ല സീരിയലിനെ ഞാൻ കാണുന്നത്. ഒരുപാട് കഷ്​ടപ്പെട്ട്​ തന്നെ ചെയ്യുന്നതാണ്. ഞാൻ അഭിനയ​ത്തെയാണ്​ ഇഷ്​ടപ്പെടുന്നത്. സിനിമ, സീരിയൽ, ഷോർട്ട് ഫിലിം, മ്യൂസിക് വീഡിയോ അങ്ങനെ ഏതാണെങ്കിലും ആസ്വദിച്ചാണ്​ ഞാൻ ചെയ്യുന്നത്​. സീരിയൽ ഭയങ്കര ജനസ്വീകാര്യത കിട്ടുന്ന ഒന്നാണ്. സിനിമ പോലെ തന്നെ സീരിയലും ഹിറ്റാകുന്നതോടെ അഭിനേതാക്കളും ഹിറ്റാകും.

അന്യഭാഷയിൽ സീരിയലിൽ നിന്ന് സിനിമയിലേക്ക് വന്ന എത്രയോ ആർട്ടിസ്റ്റുകളുണ്ട്​. സീരിയൽ ചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന കോൺഫിഡൻസ് വേറെയാണ്. ഇവിടുന്ന് കിട്ടുന്ന അറിവ് വലുതാണ്. ഒരുപാട് സിനിമ ചെയ്​തിട്ട്​ സീരിയലിന്‍റെ ഭാഗമാകുന്നവരുമുണ്ട്​. പ്രഗത്ഭരായ നടീനടൻമാരും ടെക്നീഷ്യൻമാരുമാണ് ഓരോ സീരിയലിനും പിന്നിൽ. ഓവർ ആക്ടിങ്​ കൺട്രോൾ ചെയ്യുക എന്ന കാര്യമുണ്ട്. അത് സീരിയലിൽ നിന്ന് കുറച്ചുകൂടെ പഠിക്കാൻ പറ്റും. സ്ഥിരം വരുമാനം കൂടിയാണ് സീരിയൽ തരുന്നത്.

സങ്കടപ്പെട്ട് നേരം കളയാനുള്ള മേഖലയല്ല സിനിമ

സിനിമയിൽ സജീവമാകാനായിരുന്നല്ലോ എന്‍റെ എക്കാലത്തേയും ശ്രമം. അത്​ വിജയിക്കാത്തപ്പോൾ പലപ്പോഴും വേദന തോന്നും. ആ വേദനയിൽ വീണുപോകരുത്. സങ്കടപ്പെട്ട് നേരം കളയാനുള്ള ഇടമല്ല സിനിമ. ശ്രമം തന്നെയാണ് വേണ്ടത്. വീണ്ടും വീണ്ടും ശ്രമിക്കുക. ഞങ്ങൾ കുറച്ച് പേരുണ്ട് സിനിമയെ കാത്ത് കഴിയുന്നവർ. പല ഐഡിയകളും ചർച്ച ചെയ്യും. കഥകൾ ഉണ്ടാക്കും. നമ്മളെ വിശ്വസിക്കുന്ന ഒരു പ്രൊഡ്യൂസർ വേണം. ഈ കാലത്ത് എല്ലായിടത്തും മാറ്റങ്ങൾ വരുകയല്ലേ. സിനിമ പോലെ തന്നെ സീരിയലിലും വലിയ മാറ്റങ്ങൾ വരാൻ ഇപ്പോഴത്തെ അവസ്ഥയിൽ സാധ്യതയുണ്ട്. ഒരു സിനിമ പോലെ തന്നെയായിരുന്നു സീരിയൽ ഷൂട്ടിങ്ങും. ഇനി അത് മാറും.

റിസോട്ടിലേക്ക് മാത്രമായി സീരിയൽ ഷൂട്ടിങ്​ ചുരുങ്ങുമ്പോൾ കുറച്ചധികം കോംപ്രമൈസ് ചെയ്യേണ്ടി വരും. എന്ന് എല്ലാം പഴയപടി ആകുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. കൂട്ടത്തിൽ ഒരാൾക്ക് കോവിഡ് വന്നാൽ എല്ലാവരും ക്വാറന്‍റീനിൽ പോകണ്ടി വരും. വർക്ക് നടക്കണ്ടേ. ആളുകൾക്ക് ജീവിക്കണ്ടേ. ഇല്ലെങ്കിൽ പട്ടിണി കിടന്ന് മരിക്കേണ്ടി വരും. വേറൊരു ജോലിയുമില്ലാത്തവരാണ് കൂടുതലും. ഇതുകൊണ്ട് മാത്രം ജീവിക്കുന്നവർ. വീട്ടുവാടക, ഭക്ഷണം, മറ്റു ചെലവുകൾ. ദിവസ വേതനമാണ്. സിനിമയിലെ പോലെ വലിയ തുക ആരും വാങ്ങുന്നില്ലല്ലോ.


ഇടവേളകൾ ഉണ്ടായിട്ടില്ല

സത്യത്തിൽ എന്‍റെ കരിയറിൽ ഇടവേളകൾ ഉണ്ടായിട്ടില്ല. ഞാൻ ഓരോ സമയത്തും ഓരോ വർക്കിലായിരുന്നു. വെറുതെയിരിക്കാൻ പറ്റില്ലല്ലോ. ഈ അടുത്ത് ഞാനൊരു പരസ്യം ചെയ്​തു-'ഉള്ള് നന്നാവണം'. ഒരുപാട് പേര് കണ്ടു. അതിനേ പറ്റി എന്നോട് സംസാരിച്ചു. നല്ല സന്ദേശം ഉള്ള ഒരു വർക്കായിരുന്നു. അങ്ങനെയുള്ള വർക്കുകൾ ചെയ്യാനും നമുക്ക് ആഗ്രഹം തോന്നും. ഈ വർക്കിന് ഭയങ്കരമായി റീച്ചു വന്നെങ്കിൽ എന്‍റെ മറ്റ് പല വർക്കുകൾക്കും അതുണ്ടായില്ല. ആളുകൾക്ക് ആസ്വദിക്കാൻ കഴിയുന്ന വർക്കുകൾ ചെയ്യാൻ പറ്റുന്നത് ഭാഗ്യമാണ്. അത് ചിലപ്പോൾ സിനിമയാകാം, സീരിയലാകാം, മ്യൂസിക്​ വീഡിയോ ആകാം എന്തുമാകാം. ആളുകളെ രസിപ്പിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. ഒരു വലിയ കൂട്ടത്തിൽ ഒരാൾക്ക് മാത്രം കിട്ടുന്ന ഭാഗ്യമാണ് നടന്‍റെ ജീവിതം.

മുമ്പ്​ കൊച്ചിയിലാണ് അധികവും ഓഡീഷൻ നടന്നിരുന്നത്. അവിടെ പോയി വെറുതേ താമസിക്കാൻ പറ്റില്ലല്ലോ. ഒരു ഇവൻറ്​ മാനേജ്മെന്‍റ്​ സ്ഥാപനത്തിൽ ക്രിയേറ്റീവ് ഹെഡായി കയറി. സിനിമയിലെ ആർട്ട് ഡയറക്ഷൻ സെക്ഷനിലെ പരിചയം കൊണ്ട് അവിടെ ഓരോ ഇവന്‍റ്​സിന്‍റെ ഡിസൈനിങ്​ ആയിരുന്നു നോക്കിയിരുന്നത്​. എറണാകുളത്തുള്ള എന്‍റർടൈൻമെന്‍റ്​ ആളുകളുമായി റിലേഷൻ ഉണ്ടാക്കാൻ പറ്റി. ഇപ്പോഴും അവർ പല സിനിമകളിലും പരസ്യചിത്രങ്ങളിലും സജീവമായി നിൽക്കുന്നവരാണ്. ആ വഴിയാണ് 'ചുമ്മാ' എന്ന ഷോയിലേക്ക് വരുന്നത്.

ഫ്രണ്ട്സ് എന്ന ഇംഗ്ലിഷ് ഷോയുടെ മലയാളം പതിപ്പാണിത്​. അതിലെ ആനന്ദ് സിനിമയിൽ അഭിനയിക്കാൻ വേണ്ടി കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് വണ്ടി കയറുന്ന ഒരു കഥാപാത്രമാണ്. എന്‍റെ ജീവിതം പോലെ തന്നെയായിരുന്നു ആനന്ദും. 'ചുമ്മാ' കണ്ടിട്ടാണ് ശ്യാമപ്രസാദ് സാർ എന്നെ ആർട്ടിസ്റ്റിലേക്ക് ഫഹദിന്‍റെ ഓപ്പസിറ്റ് ക്യാരക്ടർ ചെയ്യാൻ വിളിക്കുന്നത്. അതിനുശേഷം 'കസ്തൂരിമാനി'ൽ സൂപ്പർസ്റ്റാർ ജീവയായി വരുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് ആനന്ദിന്‍റെ സിനിമാ നടനാകാനുള്ള സ്വപ്നം 'കസ്തൂരിമാനിലെ' ജീവയിലൂടെ നടന്നതാവുമെന്ന്. ഒരു റീൽ ലൈഫ് ക്യാരക്ടറിന്‍റെ സ്വപ്നസാക്ഷാത്​കാരം.

ലാലേട്ടൻ പറഞ്ഞു- 'നീ നന്നായി ചെയ്​തു'

സിനിമയിൽ കാസ്റ്റ് ചെയ്ത് കഴിഞ്ഞ് ഒഴിവാക്കുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. തുടക്കത്തിൽ എനിക്ക് അത് അറിയില്ലായിരുന്നു. പല തവണ ഈ അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു വലിയ സിനിമയിൽ നിന്ന് അവസാന നിമിഷം എന്നെ ഒഴിവാക്കിയപ്പോൾ നല്ല സങ്കടം തോന്നി. എനിക്കിനി അഭിനയിക്കാൻ അറിയില്ലേ എന്നൊക്കെ ചിന്തിച്ചു. പക്ഷേ, ആ സമയത്ത് തന്നെ ദൈവം സഹായിച്ച് എനിക്ക് 'കണ്ണൻ ദേവൻ' തേയിലയുടെ പരസ്യം കിട്ടി. ലാലേട്ടനൊപ്പം. രണ്ടു ദിവസത്തെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടൻ കൈ തന്നിട്ട് 'മോനെ നീ നന്നായി ചെയ്തു' എന്ന് പറഞ്ഞപ്പോൾ കിട്ടിയ ആത്​മവിശ്വാസം വളരെ വലുതായിരുന്നു. നമ്മൾ ശരിക്കും നഷ്​ടപ്പെട്ടതിനെ പറ്റി ഓർത്ത് ഒരിക്കലും സങ്കടപ്പെടരുത്. അതിനേക്കാൾ ഉൗർജത്തോടെ ജോലി ചെയ്​താൽ എവിടെ നിന്നെങ്കിലും നമുക്ക് കോൺഫിഡൻസ് കിട്ടും.



നടനെന്ന നിലയിൽ പരിഷ്​കരിച്ച 'ആർട്ടിസ്റ്റ്​'

'ആർട്ടിസ്റ്റി'ൽ വളരെ പ്രധാനപ്പെട്ട വേഷമായിരുന്നു. അതുവരെയുള്ള എന്‍റെ ധാരണകളെ പൊളിച്ചുകളഞ്ഞ വർക്കായിരുന്നു അത്. അഭിനയത്തെ പറ്റിയുള്ള എന്‍റെ തെറ്റായ അറിവുകൾ ആ സിനിമ മാറ്റിത്തന്നു. ഒരു നടനെന്ന നിലയിൽ എന്നെ പരിഷ്​കരിച്ചു. ആർട്ടിസ്റ്റെന്ന നിലയിലേക്ക് ശ്യാം സാർ നമ്മളെ മോൾഡ് ചെയ്യും. കുറച്ചൂകൂടെ നല്ല നടനാകാൻ സഹായിക്കും. എല്ലാ ആർട്ടിസ്റ്റുകളോടും ഒരേപോലെ കമ്മ്യൂണിക്കേറ്റ് ചെയ്യും. ഒരു ക്യാരക്ടറിനെ ഉൾക്കൊള്ളാൻ നമ്മളെ പ്രാപ്തരാക്കും. മെക്കാനിക്കൽ ആക്ടിങ്​ വേണ്ട ബിഹേവിങ്ങാണ് വേണ്ടത് അദ്ദേഹത്തിന്​. നമ്മൾക്ക് ഫീൽ ചെയ്യുന്നത് പ്രകടിപ്പിക്കുക. അതുമതി . പക്ഷേ അത് നമ്മുടെ ഉള്ളിൽ വലിയ ചലനമുണ്ടാക്കും. തളർത്തി കളയും. ഒരു ചെറിയ സീൻ പോലും ശ്യാം സാർ ഈസിയായി കാണാൻ സമ്മതിക്കില്ല. ഓരോ സിംഗിൾ ഷോട്ടിനും അത്രക്ക്​ പ്രാധാന്യം നൽകുന്നുണ്ട്​. സിനിമ അനുഭവിക്കുന്ന വേദനയിൽ നിന്ന് പുറത്ത് കടക്കാൻ ആർട്ടിസ്റ്റിനെ അനുവദിക്കില്ല അദ്ദേഹം. 'ഉയരെ'യിലും സംവിധായകൻ മനു പറഞ്ഞത് പോലെയാണ്​ ഞാൻ ചെയ്തു. അതാണ് വേണ്ടത്.

സുരാജ് വെഞ്ഞാറമൂട് എന്ന ആരാധകൻ

സ്വപ്നം പോലെ തോന്നിയ നിമിഷമുണ്ട്​ ജീവിതത്തിൽ. ഓർക്കുമ്പോൾ തന്നെ തുള്ളിച്ചാടാൻ തോന്നും. ഞാൻ ഏറെ ആരാധിക്കുന്ന ഒരാളാണ് സുരാജ്​ വെഞ്ഞാറമൂട്​. എറണാകുളത്ത് വെച്ച് യാദൃശ്​ചികമായി അദ്ദേഹത്തെ കണ്ടു. ഒന്നു മിണ്ടാനും ഒരു ഫോട്ടോ എടുക്കാനും വേണ്ടി ഞാൻ അടുത്തേക്ക് ചെന്നു. 'സുരാജേട്ടാ എന്‍റെ പേര് ശ്രീറാം'. സുരാജേട്ടൻ തിരിച്ച് എന്നോട് പറഞ്ഞു- 'ഹലോ ശ്രീറാം ഞാൻ താങ്കളുടെ ഒരു ആരാധകാനാണ്​' എന്ന്​. താങ്കളുടെ സീരിയൽ ഞാൻ കാണാറുണ്ട് എന്നും പറഞ്ഞു. സത്യത്തിൽ ബോധം പോയൊരു അവസ്ഥയായിരുന്നു അത്​. 

Tags:    
News Summary - Actor Sreeram Ramachandran about cinema and serials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.