രാജേഷ് കേശവ്
കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവിനെ വിദഗ്ധ ചികിത്സക്കായി വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 29 ദിവസമായി ചികിത്സയിലുള്ള രാജേഷിനെ എയർ ആംബുലൻസ് വഴിയാണ് വെല്ലൂരിലേക്ക് മാറ്റിയത്.
ന്യൂറോ റിഹാബിലിറ്റേഷൻ ചികിത്സ നൽകുന്നതിന് വേണ്ടിയാണ് വെല്ലൂരിലെത്തിച്ചത്. സുഹൃത്തും സഹപ്രവർത്തനകനുമായ പ്രതാപ് ജയലക്ഷ്മിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പറഞ്ഞത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിക്ക് ശേഷമാണ് രാജേഷ് കുഴഞ്ഞ് വീഴുന്നത്. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ആൻജിയോപ്ലാസ്റ്റി ചെയ്യുകയും ചെയ്തു. ഇതിനിടയിൽ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
"നമ്മുടെ പ്രിയപ്പെട്ട രാജേഷ് ഇന്നൊരു യാത്രയ്ക്ക് തുടക്കമിടുകയാണ്. പല രാജ്യങ്ങളിൽ, ഒരുപാട് സന്തോഷത്തോടെ ഞങ്ങൾ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ ഈ യാത്ര കൊച്ചിയിൽ നിന്നും വെല്ലൂർ ഹോസ്പിറ്റലിലേക്കാണ്. രാജേഷിന്റെ അനുജൻ രൂപേഷും ഭാര്യ സിന്ധുവും ഒപ്പമുണ്ട്.
കഴിഞ്ഞ 29 ദിവസങ്ങളായി കൊച്ചിയിലെ ലേക് ഷോർ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ ആത്മാർത്ഥമായ ചികിത്സയിലും, രാജേഷിനെ ഒരു സഹോദരനെ പോലെ, മകനെപ്പോലെ 24 മണിക്കൂർ പരിചരിച്ച ദൈവത്തിന്റെ മാലാഖമാരായ സിസ്റ്റർമാരോടും, കൂടെ നിന്നു സഹകരിച്ച മറ്റു ജീവനക്കാരോടും, മാനേജ്മെന്റിനും നന്ദി.
രാജേഷിനെ എത്രയും പെട്ടെന്ന് വെല്ലൂരിൽ എത്തിക്കാൻ എയർ ആംബുലൻസ് ഒരൊറ്റ രാത്രി കൊണ്ട് അറേഞ്ച് ചെയ്ത ചങ്ങാതിക്കൂട്ടത്തിലെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഹൃദയത്തോട് ചേർക്കുന്നു. കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയോടും, ശ്രീ SKN ന്നോടും, ശ്രീ യൂസഫലി സാറിനോടും, വേഫയർ ഫിലിംസ് ടീമിനോടും, തോളോട് ചേർന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുന്ന സ്വരാജിനെയും, ശ്രീനിയെയും, രാജാകൃഷ്ണനെയും, രാജീവ് വാര്യരെയും, പ്രേമിനെയും, ഷെമീംനെ പോലുള്ള ഒരുപാടു സുഹൃത്തുക്കളോടു നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും. ചങ്കു സുഹൃത്തുക്കളുടെ പേരുകൾ ഇനിയും ഒരുപാടുണ്ട് പറയാൻ...
വെന്റിലേറ്റർ സംവിധാനമടക്കമുള്ള പ്രത്യേക ആംബുലൻസ് ലേക് ഷോറിൽ നിന്നും പുറപ്പെട്ടു, രാജേഷ് വീഴുന്നതിനു മുൻപ് പരിപാടി അവതരിപ്പിച്ച ക്രൗൺ പ്ലാസ ഹോട്ടലും, വൈറ്റിലയും, പാലാരിവട്ടവും കടന്നു വേഗത്തിൽ ഇടപ്പള്ളി എത്തുമ്പോൾ ഇടതു വശത്തായി ലുലു മാളും, മാരിയറ്റും. അവൻ കൊച്ചിയിൽ ഏറ്റവുമധികം ആർപ്പ് വിളിച്ച സ്റ്റേജും, താമസിച്ച ഹോട്ടലും ... പിന്നിടുന്ന വഴികൾ രാജേഷ് അറിഞ്ഞിട്ടുണ്ടാവുമോ?
ആംബുലൻസിന്റ സൈറൺ വിളിയിൽ അവന്റെ ശബ്ദം കുറഞ്ഞുപോയോ എന്നറിയില്ല. ആലുവയും കടന്ന് വേഗത്തിൽ നെടുമ്പാശ്ശേരിയിൽ എത്തി. 15 മിനിറ്റ് കൊണ്ട് പരിശോധനകൾ പൂർത്തിയാക്കി, മരുന്നുകൾ അടക്കമുള്ള ബാഗുകൾ ക്ലിയർ ചെയ്തു. എയർ ആംബുലൻലേക്ക് കയറ്റാനും ICATT യുടെ ക്യാപ്റ്റനും, ഡോക്ടറും അടക്കമുള്ള സംഘം തയ്യാറായി നിൽക്കുന്നു. ഒന്നര മണിക്കൂർ കൊണ്ട് എത്തുമെന്ന് പ്രതീക്ഷയിൽ യാത്ര തുടരുകയാണ്."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.