‘എന്റെ ജൂനിയറിനെ പരിചയപ്പെടൂ’; പേരക്കുട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് റഹ്മാൻ

പെരുന്നാള്‍ ദിനത്തില്‍ പകർത്തിയ പേരക്കുട്ടി അയാനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് മലയാളികളുടെ പ്രിയ താരം റഹ്മാൻ. മകൾ റുഷ്ദയുടെ മകനാണ് അയാന്‍ റഹ്‌മാന്‍ നവാബ്. ചിത്രത്തിന് ആരാധകരുടെ ഇടയിൽനിന്ന് സ്നേഹമസൃണമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

‘ചില സമയത്ത് ഏറ്റവും ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം കണ്ടെത്തുന്നു, എന്റെ ജൂനിയറിനെ പരിചയപ്പെടൂ’ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് റഹ്മാൻ കുറിച്ചത്. നിങ്ങളെ മുത്തച്ഛനായൊന്നും കാണാനേ പറ്റുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. ഞങ്ങളുടെ റൊമാന്റിക് ഹീറോയ്ക്ക് എന്നും ചെറുപ്പമാണെന്നും ആരാധകർ കമന്റ് ചെയ്യുന്നു.

2021 ഡിസംബറിലായിരുന്നു റഹ്മാന്റെ മകൾ റുഷ്ദയുടേയും കൊല്ലം സ്വദേശിയായ അല്‍ത്താഫ് നവാബിന്റേയും വിവാഹം. എയ്റ്റീസ് താരങ്ങളുടെ സംഗമത്തിനു കൂടി സാക്ഷിയാവുകയായിരുന്നു ആ വിവാഹവേദി. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റുഷ്ദ അയാന് ജന്മം നല്‍കിയത്. റുഷ്ദ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത അറിയിച്ചത്. തനിക്ക് ഒരു ആൺകുഞ്ഞാണ് ജനിച്ചതെന്നും കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും റുഷ്ദ അന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും പങ്കുവെച്ചില്ല. റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകളും റഹ്‌മാനുണ്ട്. സംഗീതജ്ഞൻ എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ.

മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു. 

മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൊന്നിയിൻ സെൽവനാണ് റഹ്മാന്റെ അവസാനം തിയേറ്ററിലെത്തിയ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസിനെത്തും.

Tags:    
News Summary - Actor Rahman shared pictures with his grandson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.