നടനും നിർമാതാവുമായ രാഘവ ലോറൻസ് ഹൊറർ ത്രില്ലർ ചിത്രമായ 'കാഞ്ചന 4'ന്‍റെ ചിത്രീകരണത്തിലാണ്. ഇപ്പോഴിതാ, ചിത്രത്തിന് മുൻകൂർ ആയി ലഭിച്ച ഫണ്ട് ഉപയോഗിച്ച് തന്റെ ആദ്യത്തെ വീട് കുട്ടികൾക്കുള്ള സൗജന്യ സ്‌കൂളാക്കി മാറ്റിയിരിക്കുകയാണ് താരം. വീട് സ്‌കൂളാക്കി മാറ്റുന്ന വിവരം നടൻ തന്നെയാണ് എക്സിൽ പങ്കുവെച്ചത്.
'നിങ്ങളുമായി ചില വാർത്തകൾ പങ്കിടുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ കാഞ്ചന 4 എന്ന സിനിമ ഔദ്യോഗികമായി ചിത്രീകരണം ആരംഭിച്ചു. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ, എന്റെ സിനിമകൾക്ക് അഡ്വാൻസ് ലഭിക്കുമ്പോഴെല്ലാം, ഞാൻ എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു പുതിയ സാമൂഹിക സംരംഭം ആരംഭിക്കുന്നു. ഇത്തവണ, എന്റെ ആദ്യത്തെ വീട് കുട്ടികൾക്കുള്ള സൗജന്യ സ്കൂളാക്കി മാറ്റുമെന്ന് പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്' -അദ്ദേഹം പറഞ്ഞു.
സ്കൂളാക്കി മാറ്റാൻ പോകുന്ന വീട് തനിക്ക് വളരെ പ്രത്യേകതയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. നൃത്താധ്യാപകനായി പ്രവർത്തിച്ച സമ്പാദ്യം ഉപയോഗിച്ച് ആദ്യമായി വാങ്ങിയ വീടായിരുന്നു അതെന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നീട് അതിനെ അനാഥ കുട്ടികളുടെ ഭവനമാക്കി മാറ്റി. താനും കുടുംബവും വാടക വീട്ടിലേക്ക് മാറി. ഇന്ന്, തന്റെ വീട്ടിലെ കുട്ടികൾ വളർന്നു ജോലി ചെയ്യുകയാണ്. ആദ്യ വീട് വീണ്ടും ഒരു ലക്ഷ്യത്തിനായി സമർപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂളിൽ നിയമിക്കുന്ന ആദ്യത്തെ അധ്യാപകൻ തന്റെ വീട്ടിൽ വളർന്ന കുട്ടികളിൽ ഒരാളാണ് എന്നതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലായ്പ്പോഴും ഉള്ളതു പോലെ പ്രേക്ഷകർ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഘവ ലോറൻസ് പറഞ്ഞു. അതേസമയം, ഉപജീവനത്തിനായി ട്രെയിനുകളിൽ മധുരപലഹാരങ്ങൾ വിറ്റിരുന്ന ഒരു വൃദ്ധ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാമെന്ന് താരം പറഞ്ഞിരുന്നു. എന്നാൽ ഇവരെ ബന്ധപ്പെടാൻ ആയിട്ടില്ലെന്നും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു. 'മാത്രം' എന്ന തന്റെ പ്രസ്ഥാനത്തിലൂടെ രാഘവ ലോറൻസ് ദരിദ്രരെയും പിന്നാക്കം നിൽക്കുന്നവരെയും സഹായിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.