ഈയിടെ കേരളത്തിൽ ഏറ്റവും കൂടുതൽ നടക്കുന്ന ചർച്ചയാണ് സിനിമ കാഴ്ചക്കാരെ എത്ര തോതിൽ സ്വാധീനിക്കുന്നുണ്ടെന്നുള്ളത്. സിനിമയിലെ വയലൻസ് ആളുകളെ ഇൻഫ്ലുവൻസ് ചെയ്യുന്നുണ്ടോ എന്നാണ് ചർച്ചകൾ. എന്നാൽ സിനിമയിലെ തിന്മകൾ കണ്ട് സ്വാധീനിക്കുന്നുണ്ടെങ്കിൽ നന്മയും സ്വാധീനിക്കുന്നില്ലേ എന്നാണ് സിനിമാ നടൻ ജഗദീഷ് ചോദിച്ചത്. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായ 'മാർക്കോ'യിൽ ഒരു പ്രധാനപ്പെട്ട റോളിൽ ജഗദീഷ് എത്തിയിരുന്നു.
സിനിമയിൽ താൻ അവതരിപ്പിച്ച ടോണി ഐസക്ക് അക്രമത്തിന് കൂട്ടുനിൽക്കുന്ന വ്യക്തിയാണ്. എന്നാൽ ജഗദീഷ് എന്ന വ്യക്തി ഒരിക്കലും അക്രമത്തിനൊപ്പം നിൽക്കുന്നയാളല്ല. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ എന്നും നടൻ ചോദിച്ചു. പുതിയ ചിത്രമായ പരിവാറിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു നടൻ.
‘സിനിമയില്‍ നല്ല കാര്യങ്ങള്‍ എന്തെല്ലാം വരുന്നു. ലഗേ രഹോ മുന്ന ഭായ് എന്ന സിനിമ ഗാന്ധിയിസം സ്വീകരിക്കാനാണ് ആവശ്യപ്പെട്ടത്. അത് എത്രപേര്‍ സ്വീകരിക്കുന്നു? അപ്പോള്‍ തിന്മ കണ്ടാല്‍ മാത്രം ഇൻഫ്ലുവൻസ്ഡ് ആകും, നന്മ കണ്ടാല്‍ ഇൻഫ്ലുവൻസ്ഡ് ആകില്ല എന്ന് പറയാന്‍ കഴിയുമോ? പിന്നെ നടന്റെ കാര്യം, ഞാന്‍ അല്ല എന്റെ കഥാപാത്രമാണ് വയലന്‍സിന് കൂട്ട് നില്‍ക്കുന്നത്. ടോണി ഐസക്ക് ആക്രമണത്തിന് കൂട്ട് നില്‍ക്കുന്നു. അപ്പോള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ?'
ജഗദീഷിനെയാണ് ഇഷ്ടപെടുന്നതെങ്കില്‍ ജഗദീഷ് ഇതുവരെ വയലന്‍സിന് വേണ്ടി സംസാരിച്ചിട്ടില്ല. ഒരു സ്‌കൂളില്‍ പോയാലോ കോളേജില്‍ പോയാലോ സ്‌നേഹത്തിന്റെ സന്ദേശമാണ് ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ ജഗദീഷ് കൊടുക്കുന്ന സന്ദേശം തിരസ്‌കരിച്ചിട്ട് ടോണി ഐസക്ക് കൊടുക്കുന്ന സന്ദേശം സ്വീകരിക്കുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും ഒരു തര്‍ക്ക വിഷയം തന്നെയാണ്,’ജഗദീഷ് പറഞ്ഞു
സിനിമകൾ സ്വാധീനിക്കുന്നുണ്ടെന്നും വയലൻസ് ചെയ്യുമ്പോൾ ഉത്തരവാദിത്തം കാണിക്കണമെന്നും ഒരുപാട് സിനിമ പ്രവർത്തകർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വ്യത്യസ്ത അഭിപ്രായവുമായി ജഗദീഷെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.