ഹരീഷ് കണാരൻ
തന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചതിൽ പ്രതികരിച്ച് നടൻ ഹരീഷ് കണാരൻ. ന്യൂസ് ഓഫ് മലയാളം എന്ന ഓൺലൈൻ ചാനലാണ് നടന്‍റെ നില ഗുരുതരം എന്ന വാർത്ത നൽകിയത്. 'എന്റെ നില ഗുരുതരം ആണെന്ന് 'ന്യൂസ് ഓഫ് മലയാളം' പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ' -എന്ന് ഹരീഷ് കണാരൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ ആവശ്യപ്പെട്ടു.
വ്യാജ വാർത്തയുടെ സ്ക്രീൻഷോട്ടും നടൻ പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിൽ വ്യജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ വിമർശനം ഉന്നയിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. റീച്ചിന് വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ എന്നാണ് നടൻ നിർമൽ പാലാഴി പ്രതികരിച്ചത്. ‘‘നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വെച്ചു വേണോ ഈ നാണം കെട്ട പരിപാടി' എന്നും അദ്ദേഹം ചോദിച്ചു. താൻ മരിച്ചു എന്നതരത്തിൽ പ്രചരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് നിർമൽ ഹരീഷ് കണാരന്‍റെ പോസ്റ്റിന് കമന്‍റായി പങ്കുവെച്ചു.
'ഭാഗ്യം, മരിച്ചു എന്ന് കൊടുത്തില്ലല്ലോ.. അങ്ങിനെ കൊടുത്തിരുന്നേൽ നിങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് വേണ്ടി വന്നെനെ' എന്നാണ് നടന്‍റെ പോസ്റ്റിന് വന്ന കമന്‍റുകളിൽ ഒന്ന്. നിയമപരമായി നേരിടണമെന്നും മാനനഷ്ടക്കേസ് നൽകണമെന്നും കമന്‍റിൽ പറയുന്നു. അതേ ചാനലിൽ വന്ന മറ്റ് വ്യജ വാർത്തകളുടെ സ്ക്രീൻഷോട്ടുകളും പലരും കമന്‍റിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.