അടൂർ ഗോപാലകൃഷ്ണനൊപ്പം അച്ചാണി രവി
അച്ചാണി രവിയെന്ന കെ. രവീന്ദ്രനാഥൻനായരെ എന്നുമുതലാണ് പരിചയമെന്ന് ചോദിച്ചാൽ കൃത്യമായ ഓർമയില്ല. എന്റെ സിനിമാകാലത്തിന്റെ തുടക്കം മുതൽ ആ പേരും പരിചയവും ഓർമയിലുണ്ട്. വലിയ മുതലാളിയെന്ന മട്ടിലാണ് പലരും അദ്ദേഹത്തെ മനസ്സിലാക്കിയത്. അതിനെല്ലാമുപരി മികച്ചൊരു കലാഹൃദയത്തിനുടമയും മനുഷ്യനുമായിരുന്നു ‘ജനറൽ പിക്ചേഴ്സ് രവി’. അദ്ദേഹം നല്ലൊരു നർത്തകനായിരുന്നെന്ന് എത്രപേർക്ക് അറിയാം?
ധനവാനായിരുന്നു, എന്നാൽ പണം കുഴിച്ചിടുന്നൊരു ധനികനായിരുന്നില്ല അദ്ദേഹം. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കശുവണ്ടി ഫാക്ടറികൾ ആരംഭിച്ച്, ലക്ഷങ്ങൾക്ക് തൊഴിൽ നൽകി. ഒരിക്കലും മുതലാളിയുടെ മേലങ്കിയണിഞ്ഞില്ല. ഫാക്ടറിയിൽ ആവശ്യമുള്ളതിെനക്കാൾ തൊഴിലാളികളെ നിയമിച്ചിരുന്നു. ഒരാൾക്ക് ജോലി നൽകുമ്പോൾ ഒരു കുടുംബത്തിന്റെ പട്ടിണിയാണ് മാറുന്നതെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്. ലാഭത്തിന്റെ വിഹിതം ജനങ്ങൾക്കായി വിനിയോഗിക്കാൻ വാശി കാണിച്ച മനസ്സിനുടമ, വല്ലാത്തൊരു മനുഷ്യൻ.
നീളൻ ജുബ്ബയും മുണ്ടും ധരിച്ച് അധികമാരോടും മിണ്ടാതെ നടക്കുന്നതാണ് പതിവുകാഴ്ചയെങ്കിലും കാറിൽ ഒരു പുസ്തകം കൂട്ടിനുണ്ടാകും. അറിവായിരുന്നു അദ്ദേഹത്തിന്റെ ശക്തി. നാല് ലക്ഷം രൂപക്ക് നിർമിച്ച അച്ചാണി സിനിമ 14 ലക്ഷം രൂപ ലാഭമുണ്ടാക്കി. ഇന്ന് കൊല്ലം നഗരത്തിലെ പബ്ലിക് ലൈബ്രറിയും സോപാനം ഓഡിറ്റോറിയവും ഉള്‍ക്കൊള്ളുന്ന കെട്ടിടസമുച്ചയം നിര്‍മിച്ചത് ഈ പണമുപയോഗിച്ചാണ്. നഗരഹൃദയത്തില്‍, പ്രശാന്തമായ അന്തരീക്ഷത്തിലുള്ള ഈ ഓഡിറ്റോറിയത്തിലാണ് പ്രധാന സാംസ്കാരിക കലാ പരിപാടികള്‍ അരങ്ങേറുന്നത്. സർക്കാർപോലും ചിന്തിക്കാത്ത കാലത്താണ് പബ്ലിക് ലൈബ്രറിയും ലക്ഷങ്ങളുടെ പുസ്തകവും അദ്ദേഹം വരുംതലമുറക്കായി നൽകിയത്. പിന്നീട് ചിൽഡ്രൻസ് ലൈബ്രറി, ആർട്ട് ഗാലറി, ബാലഭവൻ കെട്ടിടം, ജില്ല ആശുപത്രിയിൽ പ്രത്യേക ബ്ലോക്ക്, ബ്ലഡ് ബാങ്ക് കെട്ടിടം... അങ്ങനെ പലതും വന്നു.
സിനിമ സംവിധായകന്റെ കലയാണെന്നും നിർമാതാവ് പിന്നിൽ നിന്ന് തുണച്ചാൽ മതിയെന്നുമുള്ള അദ്ദേഹത്തിന്റെ ‘തിയറി’ മലയാള സിനിമക്ക് അത്ഭുതമായപ്പോഴാണ് ലോകഭൂപടത്തിൽ മലയാളസിനിമകൾ അഭ്രകാവ്യങ്ങൾ വരച്ചിട്ടത്. വിപണന സാധ്യതയല്ല, സാമൂഹികവും കലാപരവുമായ മേന്മയാകണം സിനിമയുടെ തലക്കെട്ടെന്ന് അദ്ദേഹം വാശിപിടിച്ചു. ഈ വാശിയാണ് അരവിന്ദനും എം.ടിക്കും ശേഷം അദ്ദേഹത്തെ എന്റെ അടുക്കലേക്ക് എത്തിച്ചത്. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെ എന്റെ വീട്ടിലേക്ക് അദ്ദേഹം പ്രത്യേകം കാർ അയച്ച് വിളിപ്പിക്കുകയായിരുന്നു. നമുക്കൊരു നല്ല സിനിമ ചെയ്യണമെന്ന അദ്ദേഹം നൽകിയ ഉറപ്പായിരുന്നു ‘എലിപ്പത്തായ’ത്തിന്റെ പിറവിക്ക് പിന്നിൽ. ഒരിക്കൽപോലും നിർമാതാവെന്ന രീതിയിൽ അദ്ദേഹം സിനിമയിൽ ഇടപെട്ടില്ല. മുടക്കുമുതൽ ഇത്രയുള്ളൂവെന്നോ അത് തിരിച്ചുകിട്ടാൻ സിനിമയിൽ എന്തൊക്കെ ചെയ്യണമെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ഷൂട്ടിങ് ലൊക്കേഷനിൽപോലും അദ്ദേഹം വരില്ലായിരുന്നു. മറ്റ് ചിത്രങ്ങൾ നിർമിച്ചപ്പോഴും ലൊക്കേഷനിൽ എത്തിയിരുന്നില്ല.
അദ്ദേഹത്തിന്റെ അസിസ്റ്റന്റ് വഴി എല്ലാ സഹായവും നൽകി. എല്ലാ ജോലികളും പൂർത്തിയാക്കി സിനിമയുടെ പ്രിവ്യൂ കാണാൻ മാത്രമാണ് അദ്ദേഹം എത്തിയത്. സിനിമ കഴിയുമ്പോൾ ചിരിച്ചുകൊണ്ട് നെഞ്ചോട് ചേർത്തുനിർത്തി ഹസ്തദാനം നൽകി മടങ്ങും. ‘വിധേയൻ’ ആയിരുന്നു ഞങ്ങളുടെ കൂട്ടുകെട്ടിൽ പിറന്ന അവസാന ചിത്രം. പിന്നീട് എന്തുകൊണ്ട് ഞങ്ങളിൽനിന്ന് മറ്റൊരു സിനിമയുണ്ടായില്ലെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അത് എന്റെ കുഴപ്പമായിരുന്നു. പെട്ടെന്നൊരു ചിത്രം ചെയ്യാൻ എനിക്ക് കഴിയുമായിരുന്നില്ല. ‘നമുക്കൊരു പടം തുടങ്ങണ്ടേ’ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം അസിസ്റ്റന്റ് മുഖാന്തരം പലതവണ ബന്ധപ്പെട്ടു. എനിക്ക് സാധിച്ചില്ല.
രണ്ടുവർഷമുമ്പ് കൊല്ലം കോർപറേഷൻ അദ്ദേഹത്തെ ആദരിച്ചപ്പോൾ ഞാനും പങ്കെടുത്തിരുന്നു. അതായിരുന്നു അവസാന കൂടിക്കാഴ്ച.10 ദിവസം മുമ്പ് കൊല്ലത്ത് ഒരു പരിപാടിക്ക് പോയപ്പോൾ അദ്ദേഹത്തെ കാണാമെന്നുണ്ടായിരുന്നു. കോവിഡ് ഭീഷണി കാരണം പുറത്തുനിന്നുള്ളവരുടെ സന്ദർശനം വിലക്കിയിരുന്നു. ഞാൻ വരുന്നെന്ന് പറഞ്ഞാൽ അദ്ദേഹം കാണാൻ തയാറാകുമായിരുന്നു. അന്ന് ചെറിയരീതിയിൽ എനിക്ക് പനിയുണ്ടായിരുന്നു. തുടർന്ന് മകനെ വിളിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തിരക്കി.
ഇനിയൊരു കണ്ടുമുട്ടൽ പ്രതീക്ഷിച്ചായിരുന്നു മടങ്ങിയത്. ആ പ്രതീക്ഷ വെറുതെയായിരുന്നെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. മികച്ച സിനിമകളുടെ അമരക്കാരനായി ലാഭേച്ഛയില്ലാതെ, തന്റെ സമ്പത്തിന്റെ നല്ലൊരുഭാഗം കലാമൂല്യമുള്ള സിനിമകള്‍ക്കായി നീക്കിവെച്ച വ്യക്തിയാണ് കെ. രവീന്ദ്രനാഥന്‍ നായർ. മികച്ച സിനിമകളെ വളര്‍ത്താന്‍ ഇത്രയധികം പണവും ഊര്‍ജവും വിനിയോഗിച്ച മറ്റൊരാള്‍ മലയാളത്തിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.