ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. 2007ൽ ഇരുവരും വിവാഹിതരായി. 2011ൽ മകൾ ആരാധ്യയെ ലഭിച്ചു. അഭിഷേകും ഐശ്വര്യയും വിവാഹമോചനം നേടിയെന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ ബച്ചൻ ദമ്പതികളുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. അടുത്തിടെ അഭിഷേക് അതിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.
‘ഇ ടൈംസി’ന് നൽകിയ അഭിമുഖത്തിൽ ട്രോളുകളും കിംവദന്തികളും തന്നെയും കുടുംബത്തെയും എങ്ങനെ ബാധിച്ചുവെന്ന് നടൻ മനസ്സുതുറന്നു. മുമ്പ് ആ വാർത്ത തന്നെ മാത്രമേ ബാധിച്ചിരുന്നുള്ളൂ എന്നാൽ ഇപ്പോൾ അത് കുടുംബത്തെയും ബാധിച്ചിരിക്കുന്നുവെന്നും അത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും അഭിഷേക് പറഞ്ഞു.
അർഥമില്ലാത്ത വാർത്തകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നുവെന്നും നെഗറ്റീവ് വാർത്തകൾ വിറ്റഴിയുമ്പോൾ ആളുകൾ വളച്ചൊടിക്കുമെന്നും അഭിഷേക് വ്യക്തമാക്കി. താൻ സ്വന്തം ജീവിതം നയിക്കുന്നുവെന്നും അതിന് ആരും ഉത്തരവാദികളല്ലെന്നും അദ്ദേഹം പറഞ്ഞു.
‘മുമ്പ് എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ എന്നെ ബാധിച്ചിരുന്നില്ല. ഇന്ന് എനിക്ക് ഒരു കുടുംബമുണ്ട്. അത് വളരെ അസ്വസ്ഥത സൃഷ്ടിക്കുന്നു. ഞാൻ കാര്യങ്ങൾ വ്യക്തമാക്കിയാലും ആളുകൾ അത് മാറ്റിമറിക്കും. കാരണം നെഗറ്റീവ് വാർത്തകൾ കൂടുതൽ വിൽക്കപ്പെടുന്നു. നിങ്ങൾ ഞാനല്ല. നിങ്ങൾ എന്റെ ജീവിതം നയിക്കുന്നില്ല. ഞാൻ ഉത്തരം നൽകേണ്ട ആളുകളോട് നിങ്ങൾ ഉത്തരം നൽകേണ്ടതില്ല’.
കമ്പ്യൂട്ടർ സ്‌ക്രീനിന് പിന്നിൽ നിന്ന് ഒരാളെക്കുറിച്ച് മോശമായി സംസാരിക്കാൻ ആളുകൾക്ക് എളുപ്പമാണെന്നും നടൻ പറഞ്ഞു. എന്നാൽ, ഈ ആളുകൾക്ക് അത് മുഖത്ത് നോക്കി പറയാൻ ധൈര്യമില്ല. ആളുകൾ മോശം അഭിപ്രായങ്ങൾ പറയുമ്പോൾ അത് ഒരാളെ എത്രമാത്രം ബാധിക്കുമെന്ന് അവർ മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 4 മുതൽ ‘സീ5’ ൽ സംപ്രേഷണം ചെയ്യുന്ന ‘കാളിധർ ലാപട്ട’യുടെ റിലീസിന്റെ തിരക്കിലാണിപ്പോൾ അഭിഷേക് ബച്ചൻ. ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രമായ ‘കിംഗി’ന്റെയും ഭാഗമാകുമെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.